Sunday, June 3, 2018

പ്രതീക്ഷ


പ്രതീക്ഷ
--------------
ഞാൻ ഒരു മല
കണ്ട് വെച്ചിട്ടുണ്ട്.
നല്ല ഉരുളൻ കല്ല്
തള്ളി കയറ്റാൻ പാകത്തിൽ.
ഇനി ഒരു കല്ല് വേണം,
അതും എന്നോളം വലിപ്പമുള്ളത്.
നല്ല കറുത്ത ഉരുളൻ
കല്ലാവണമെന്ന നിർബന്ധമുണ്ട്.
പിന്നെ ഒരു ദിവസം
ഞാനതിനെയും തള്ളി
മലകയറും.
അന്വേഷിച്ചു വരണമെന്നില്ല,
അതിനു മാത്രം
ഞാൻ നിനക്കാരുമല്ല.
ഒരു ചുംബനത്തിന്റെ
കടം ബാക്കി വെച്ചിട്ടാണ്
പോവുന്നത് എന്നോർമ വേണം.
അത് നിനക്കേറ്റവും
പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുക.
ഞാൻ മലയുടെ
മുകളിലെത്തിയാൽ നീ അറിയും,
ആ ഉരുളൻ കല്ല് നിന്നെയും തേടി
കുന്നിറങ്ങി വരും.
ആ കല്ല് വീണ്ടും ഉരുട്ടി കയറ്റാനായി,
ഞാൻ വീണ്ടും വരുമെന്ന
പ്രതീക്ഷയുണ്ടെങ്കിൽ...,
ക്ഷമിക്കുക,
ഞാൻ നാരായണത്ത് ഭ്രാന്തൻ അല്ല.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?