Sunday, December 7, 2014

അപരിചിതന്‍ദീപാ ശങ്കര്‍, പറഞ്ഞു വരുമ്പോള്‍ ഒരെഴുത്തുക്കാരി, എന്‍റെ സ്വകാര്യ അഹങ്കാരം.അവള്‍ക്കു പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട് .അതൊക്കെയും അവളുടെ തൂലികയിലൂടെ ലോകം അറിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി .ഇതിനകം ഇരുന്നൂറില്‍ പരം കഥകള്‍ അവളുടെ തൂലികയിലൂടെ സാഹിത്യലോകം വായിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.അതിലൊക്കെയും ഒരൊറ്റ കഥാപാത്രമാണ് എന്നതാണ് അവളുടെ കഥകളുടെ ഏറ്റവും പ്രത്യേകത.

അവളെ കുറിച്ച് ലോകം അറിഞ്ഞു തുടങ്ങുന്നത് തന്നെ ആ കഥാപാത്രത്തിലൂടെയാണ് . അല്ലെങ്കിലും തിരശീലക്കു പിന്നിലിരുന്നു കഥകള്‍ മെനയുമ്പോള്‍ കഥാക്കാരിക്കെന്തു  പ്രസക്തി..? വായനക്കാരനുമായി സംവദിക്കുന്നത് അവളുടെ കഥാപാത്രമാണല്ലോ..?

പത്താംക്ലാസിന്‍റെ ആദ്യനാളുകളില്‍ വഴിയരികിലെ ഒരപരിചിത,സ്ഥിരമായി വൈകിയെത്തുന്ന എനിക്കു മുന്നില്‍ വഴിയാത്രക്കാരില്‍ ഒരാളായി അവളെന്നും മുന്നിലുണ്ടാകുമായിരുന്നു. 

പതിവ് യാത്രക്കിടയില്‍ ഒരുനാള്‍ മാനം കറുത്തത് പെട്ടെന്നായിരുന്നു.ആദ്യമഴത്തുള്ളി കൈകളില്‍ പതിച്ചപ്പോള്‍ മഴ നനയാതിരിക്കാന്‍ ഒരു തണല്‍ പരതി.പതിവ് പോലെ അവളൊഴിച്ചു പാത വിജനമായിരുന്നു.
Google images
"മഴ നനയാതിരിക്കാന്‍ ഒരു ഇലക്കീറെങ്കിലും കിട്ടിയിരുന്നെങ്കില്‍ .."

മനസ്സ് മന്ത്രിച്ചപ്പോള്‍ ഒരു കുട നിവര്‍ന്നു,അതിലൊരിടം തനിക്കായി വിധിച്ചപ്പോള്‍ ദീപാശങ്കറിന്‍റെ സൗഹൃദ വിടവ് നികത്തുകയായിരുന്നു. അധികം സംസാരിക്കാത്ത അവള്‍ തന്നോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ മനസ്സില്‍ മെനഞ്ഞ സൗഹൃദസങ്കല്‍പ്പങ്ങള്‍ക്ക്  പുതിയ മാനങ്ങള്‍ തേടുകയായിരുന്നു താന്‍.
ദിവസങ്ങള്‍ കൊഴിഞ്ഞു പോകവേ ഒരുനാള്‍ അവള്‍ സമ്മാനിച്ച ഡയറി താളുകളില്‍ നിന്നു അവളിലെ കഥാക്കാരിയെ കണ്ടെത്തുകയായിരുന്നു. എന്‍റെ നിര്‍ബന്ധത്തില്‍ കൂടുതല്‍ എഴുത്തുകള്‍ പിറന്നു വീണപ്പോള്‍ സമൂഹത്തിലേക്കു കൈപിടിച്ചാനയിക്കാന്‍ തനിക്കൊപ്പം പ്രിയപ്പെട്ടൊരാളുണ്ടെന്ന ആത്മവിശ്വാസമാകണം അവളിലെ കഥാകാരിയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചത്.

അവളുടെ കഥകളില്‍ ആ ഒരൊറ്റ കഥാപാത്രം എന്നും ഒരവ്യക്ത മുഖാവരണം അണിഞ്ഞു കൊണ്ടായിരുന്നു തിരശ്ശീലക്ക് മുന്നിലെത്തിയിരുന്നത്.ഒരു പക്ഷെ അവളുടെ ഏറ്റവും അടുത്ത അല്ലെങ്കില്‍ അവളേറ്റവും പ്രിയം വെക്കുന്ന കഥാപാത്രമായി ലോകം അതിനെ വിലയിരുത്തി.ആ   കഥാപാത്രമില്ലാതെ തന്‍റെ കഥകളോ ജീവിതമോ അപൂര്‍ണ്ണമെന്നു ഒരിക്കല്‍ അവള്‍ പറഞ്ഞപ്പോള്‍ താന്‍ തിരഞ്ഞു തുടങ്ങുകയായിരുന്നു,ആ അവ്യക്ത നായകനെ.
ആയിരം വട്ടം കഥകളുടെ നിഗൂഢതയിലേക്ക് ചൂഴ്ന്നു നോക്കിയിട്ടും പിടിതരാതെ ആ കഥാപാത്രം വഴുതി മാറിയപ്പോള്‍ അവളുടെ പുതിയ കാമുകനെ തേടി എന്നിലെ സംശയങ്ങള്‍ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.ഒടുവില്‍ മനസ്സില്‍ താന്‍ മെനെഞ്ഞെടുത്ത ആ കാമുകന്‍ എന്നെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അവളെന്ന കഥാപാത്രം വെറുക്കപ്പെട്ടവളായി തുടങ്ങി.അവള്‍ ശരിയല്ലെന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ പൂവിട്ടു പൂജിച്ച അവളെന്ന ദേവത ഒന്നിനും കൊള്ളാത്തവളായി പരിണമിച്ചു.
അങ്ങനെയാണ് അവളില്‍  നിന്നും വിദൂരതയിലേക്ക് ചേക്കേറാന്‍ മനസ്സൊരുക്കം കൂട്ടിയത്.അവളുടെ അവ്യക്ത ജാരനെ മനസ്സാല്‍ ശപിച്ചു കൊണ്ട് അവളില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല അവളുടെ നിത്യകഥാപാത്രമായ,അവളുടെ ജാരന്‍ അകലങ്ങളിലേക്ക് മറയുകയാണെന്ന്.