Saturday, April 25, 2015

വിദ്യാഭ്യാസ മന്ത്രിക്കൊരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്,

          വിശേഷങ്ങള്‍ ഒന്നും അത്ര നല്ലതല്ലെന്നറിയാം. ഇവിടെ എ പ്ലസുകള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നുണ്ടെന്നു കേട്ടു. പേടിക്കണ്ട.., ഞാന്‍ എ പ്ലസുകള്‍ വാങ്ങാന്‍ വന്നതൊന്നുമല്ല. ഒരു പരിഭവം പറയാനുണ്ടായിരുന്നു. മറ്റൊന്നുമല്ല, ഇങ്ങനെ സൗജന്യമായി എ പ്ലസുകള്‍ കൊടുക്കുന്ന കാര്യം കുറച്ചു മുന്‍പേ അറിയിക്കാമായിരുന്നു.., ഉറക്കമൊഴിച്ചിരുന്ന് പുസ്തകങ്ങളായ പുസ്തകങ്ങള്‍ തപ്പിപ്പിടിച്ചു വായിക്കലും, പഠിക്കലും പരീക്ഷ സമയത്തിനു മുന്‍പ് ഇല്ലാത്ത ബസ്‌ കയറി ഓടികിതയ്ക്കലും ഒഴിവാക്കാമായിരുന്നു. ഒന്നൂല്ലെങ്കിലും ഞങ്ങളുടെ വഴികളെ സുഗമമാക്കാന്‍ കണ്ണിലെണ്ണയൊഴിച്ചു പഠിപ്പിച്ച ഞങ്ങളുടെ അദ്ധ്യാപകര്‍ക്കെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള അവസരം കിട്ടുമായിരുന്നു. (അവരുടെ കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ ഉപാധികളില്ലാത്ത സ്നേഹത്തിനു മുന്നില്‍ കൂപ്പുകൈ..ഗുരുക്കന്മാരെ നിങ്ങള്‍ വിജയിച്ചിരിക്കുന്നു...)


ആരോട് പറയാന്‍...? മന്ത്രി സാറിനറിയുമോ...? ഞങ്ങള്‍ക്ക് കിട്ടിയ എ പ്ലസുകളുടെ കണക്ക് പറയാന്‍ ഞങ്ങള്‍ക്ക് പേടിയാവുന്നു. മറ്റൊന്നുമല്ല.., മഴ വന്നപ്പോള്‍ സ്കൂള്‍ വരാന്തയില്‍ കയറിയ ഗോപാലേട്ടന്‍റെ പശുക്കള്‍ക്കും എ പ്ലസ് കിട്ടിയെന്നാണ് കേട്ടത്. (പരീക്ഷ ചൂടില്‍ പൊള്ളിയ മാര്‍ച്ചില്‍ മഴയുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)


I AM PASSED AWAY എന്ന് തുടങ്ങുന്ന പരിഹാസച്ചിരി ഇന്നത്തെ പുതിയ കോമഡിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുന്നുണ്ട്. പരീക്ഷ പേപ്പറില്‍ നിലാവ് കണ്ടപ്പോള്‍ പിറന്നാള്‍ ഉറപ്പിച്ച സോഷ്യല്‍ മീഡിയ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ചിലതായി. ആ പടക്കങ്ങള്‍ പൊട്ടുന്നത് ഞങ്ങളുടെ നെഞ്ചിലാണെന്ന കാര്യം സാററിയണം.

രാത്രി ഉറക്കം കളഞ്ഞ് പഠിച്ചും, ഉച്ചക്ക് ഊണ് കളഞ്ഞ് പരീക്ഷ എഴുതിയും റിസള്‍ട്ടിനായി ഞങ്ങള്‍ കാത്തിരുന്നു എന്നത് ശരി തന്നെയാണ്. എന്ന് വെച്ച് ഇത്രയും തിടുക്കം വേണ്ടിയിരുന്നില്ല. ഒടുക്കം എന്തായി എന്ന് സാറിനറിയുമല്ലോ...?


ഈ വര്‍ഷം പരീക്ഷ എഴുതിയ ഞാനും എന്‍റെ കൂട്ടുക്കാരും വലിയ സങ്കടത്തിലാണ്. പരീക്ഷ എന്തായി എന്ന് ചോദിക്കുന്നവരോട് ജയിച്ചു നല്ല മാര്‍ക്ക് ആണെന്ന് പറയാന്‍ തോറ്റവനെക്കാളും വിഷമിക്കേണ്ടി വരുന്നു. ഒന്നുല്ലെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കുമില്ലേ ചില മാനുഷിക പരിഗണനകള്‍..?

കത്ത് ചുരുക്കുകയാണ്..,ഇതിലും നന്നായിട്ട് എഴുതാൻ അറിയാഞ്ഞിട്ടല്ല, പേരെഴുതാൻ അറിയാത്തവർ പത്താം ക്ലാസിൽ ഉണ്ടെന്ന കാര്യം സമൂഹം മറന്നു തുടങ്ങിയാലോ എന്ന പേടി., അതിൽ ഞങ്ങളെ കുട്ടികളെയോ അദ്ധ്യാപകരെയോ കുറ്റം പറയരുത്.എട്ടാം ക്ലാസ്സ് വരെ പരീക്ഷ എഴുതാത്തവനെയും ജയിപ്പിക്കുമെന്ന കാര്യം ഇന്നത്തെ ഒന്നാം ക്ലാസ്സുക്കാരനു പോലും അറിയാം..,പിന്നെന്തിനു പഠിക്കണം..?

 അര്‍ഹതപ്പെട്ടത് മാത്രമാണ് ഞങ്ങളും ചോദിക്കുന്നത്.അനര്‍ഹമായ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.

തന്ന മാര്‍ക്ക് തിരിച്ചു വാങ്ങിയാലും കൊടുത്ത ലഡു തിരിച്ചു വാങ്ങില്ലെന്നുറപ്പ് തരുന്നു.

എന്ന്
പത്താംക്ലാസുക്കാരന്‍ • ഇതൊരു വിമർശന പോസ്റ്റ്‌ അല്ല.സോഷ്യൽ മീഡിയയും പൊതുസമൂഹവും കുട്ടികളുടെ വിജയത്തെ പരിഹസിക്കുമ്പോൾ നോവുന്നത് കഷ്ടപ്പെട്ട് പഠിച്ച കുട്ടികള്ക്കും പഠിപ്പിച്ച അദ്ധ്യാപകർക്കുമാണ് എന്ന കാര്യം ശ്രദ്ധയിൽ പെടുത്താൻ വേണ്ടി മാത്രമാണ്.

21 comments:

 1. പാവപ്പെട്ടവന്‍റെ മക്കള്‍ക്കും ജയിക്കേണ്ടെ എന്നാണ് പണ്ടൊരു ജനപ്രതിനിധി നിയമസഭയില്‍ ചോദിച്ചതു.അങ്ങിനെ ജയിപ്പിച്ചു ജയിപ്പിച്ചു പത്തുവരെയെത്തി.പത്തില്‍ ഈ നാണം കേട്ട ഇടപാട് തുടങ്ങിയത് 2005ല്‍ ബേബി മന്ത്രിയാണ്. ഇപ്പോഴുള്ളവരും മല്‍സര ബുദ്ധിയോടെ തുടരുന്നു.പത്തില്‍ നമുക്കെന്തിനാണ് ഒരു പൊതു പരീക്ഷ? ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  ReplyDelete
  Replies
  1. തെറ്റിധാരണകൾക്ക് വഴി വെക്കുന്നതാണ് എൻറെ പോസ്റ്റ്‌ എന്ന കാര്യം ഞാൻ ആദ്യമേ മനസ്സിലാക്കുന്നു. എല്ലാവരെയും വിജയിപ്പിക്കണം എന്നതിനോട് ഞാനും യോജിക്കുന്നില്ല.മറിച്ച് ഞങ്ങൾ പകുതിയിലധികം കൂട്ടുക്കാർ നേടിയെടുത്ത അർഹതപ്പെട്ട വിജയത്തെ അതിൻറെ എല്ലാ തിളക്കത്തോടെയും കൂടി സ്വീകരിക്കാൻ സമൂഹം തയാറാകണം.,അതാണ്‌ ഞാനും എൻറെ കൂട്ടുക്കാരും ആഗ്രഹിക്കുന്നത്.

   Delete
 2. ഇങ്ങിനെ കാടടച്ചു വെടി വെക്കണോ ?? മുമ്പ് ഉണ്ടായിരുന്ന സാഹചര്യങ്ങള്‍ അല്ല ഇന്ന് പഠനത്തിനു ഉള്ളത് , മുമ്പ് സര്‍ക്കാര്‍ സ്കൂളുകളില്‍ പഠന നിലവാരം വളരെ കുറവായിരുന്നു. ഞങ്ങള്‍ ഒക്കെ പഠിക്കുന്ന കാലത്ത് മാഷ്‌ പറയും " ഇയാള്‍ക്ക് വേണേല്‍ പഠിച്ചാല്‍ മതി , താന്‍ പഠിച്ചാലും ഇല്ലേലും സര്‍ക്കാര്‍ മാസാമാസം എനിക്ക് ശമ്പളം തരും " എന്ന് . എന്നാല്‍ ഇന്ന് അതല്ല്ല അവസ്ഥ ,കൂണ്‍ പോലെ ഇംഗ്ലീഷ് മീഡിയം തളച്ച് വളര്‍ന്നു,, സര്‍ക്കാര്‍ സ്കൂള്കളിലെ സ്തിഥി നേരെ തിരിച്ചും , കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയണം എങ്കില്‍ അധ്യാപകര്‍ നന്നായി അദ്വാനിക്കണമെന്ന അവസ്ഥ. നേരത്തെ പറഞ്ഞ ഗോപാല്‍ഏട്ടന്‍റെ മകന്‍ ഇന്ന് പഠിക്കുന്നത് ചോര്‍ന്നൊലിക്കുന്ന സ്കൂള്‍ വരാന്തകളില്‍ അല്ല . എസി റൂമിന്‍റെ കുളിര്‍മയിലാണ് , കഴിഞ്ഞ പത്തു വര്‍ഷത്തെ നമ്മുടെ ജീവിത സാഹചര്യം തന്നെ നോക്കൂ ,, സാമ്പത്തികമായി നമ്മള്‍ ഗള്‍ഫ് രാജ്യങ്ങളോട് സമാ സമം നില്‍ക്കുന്നു . സാധാരണ ജോലിക്ക് പോലും അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥ . കുട്ടികളുടെ പഠന നിലവാരം ഉയരുന്നതിന് അനുസരിച്ച് വിജയശതമാനം കൂടുന്നത് ഒരു കുറ്റമാണോ ? വിദ്യാഭാസ മന്ത്രി അല്ലല്ലോ എല്ലാ പരീക്ഷാപേപ്പറുകളും നോക്കുന്നത് , അതിനു ചുമതല പെടുത്തിയ ഉദ്യോഗസ്ഥര്‍ അല്ലെ ? അപ്പോള്‍ ഈ കളിയാക്കലും വിമര്‍ശനവുമൊക്കെ അവര്‍ക്ക് നേരെയല്ലേ വേണ്ടത് ?

  ReplyDelete
  Replies
  1. ഇതൊരു വിമർശനംഅല്ല.മറിച്ച് ഞങ്ങൾ പകുതിയിൽ അധികം വരുന്ന കുട്ടികൾ പഠിച്ചു നേടിയെടുത്ത വിജയത്തെ സോഷ്യൽ മീഡിയ പല തരത്തിലുള്ള പോസ്റ്റുകൾ കൊണ്ട് പരിഹസിക്കുമ്പോൾ ഞങ്ങൾ കുട്ടികള്ക്കും നോവുന്നുണ്ട് എന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തണം എന്ന് തോന്നി.അതു മന്ത്രിയോട് പറയുന്നതാവുമ്പോൾ കൂടുതൽ കാര്യങ്ങൾ സൂചിപ്പിക്കാം എന്ന് കരുതി.കാടടച്ചു വെടിവെക്കുന്ന സോഷ്യൽ മീഡിയയെയാണ് യഥാർത്തത്തിൽ ഞാൻ വിയോജിപ്പ് രേഖപ്പെടുത്തിയത്.

   Delete
 3. ആകെയൊരു വല്ലാത്ത അവസ്ഥയല്ലേ...? അമിതമായാല്‍ മാര്‍ക്കിനും വിലയില്ല എന്ന് മനസ്സിലായിലെ..?---കത്തിന് ആശംസകള്‍..!

  ReplyDelete
  Replies
  1. എത്ര നല്ല മാർക്ക് വാങ്ങിയവനിക്കും അത് പഠിച്ചില്ലെങ്കിലും കിട്ടുമായിരുന്നു എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണത.നന്ദി

   Delete
 4. fb യില്‍ പറഞ്ഞ അതെ കാമെന്റ്റ് തന്നെ. :)

  ReplyDelete
  Replies
  1. സന്തോഷം..,

   വായനക്കും..,അഭിപ്രായത്തിനും
   നന്ദി

   Delete
 5. വായിച്ചു... ആശംസകള്‍

  ReplyDelete
  Replies
  1. മന്ത്രി വായിച്ചില്ലെങ്കിലും സമൂഹം വായിക്കുമല്ലോ എന്ന പ്രത്യാശ ഉണ്ടായിരുന്നു.

   സന്തോഷം..,
   ഈ വഴിത്താരയില്‍ വായനക്കും തിരുത്തലുകള്‍ക്കും ആയി എന്നും സ്വാഗതം..

   Delete
 6. ഈ വരികളില്‍ എല്ലാം ഉണ്ട്.
  //പേരെഴുതാൻ അറിയാത്തവർ പത്താം ക്ലാസിൽ ഉണ്ടെന്ന കാര്യം സമൂഹം മറന്നു തുടങ്ങിയാലോ എന്ന പേടി., അതിൽ ഞങ്ങളെ കുട്ടികളെയോ അദ്ധ്യാപകരെയോ കുറ്റം പറയരുത്.എട്ടാം ക്ലാസ്സ് വരെ പരീക്ഷ എഴുതാത്തവനെയും ജയിപ്പിക്കുമെന്ന കാര്യം ഇന്നത്തെ ഒന്നാം ക്ലാസ്സുക്കാരനു പോലും അറിയാം..,പിന്നെന്തിനു പഠിക്കണം..?//

  ReplyDelete
  Replies
  1. ആരെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് സമൂഹം ചിന്തിക്കാന്‍ വേണ്ടിയാണ് ഞാനത് കുറിച്ചത്..,

   വരികള്‍ക്കിടയിലൂടെയുള്ള ഈ വായനക്ക് സന്തോഷം
   തുടര്‍ന്നും പ്രതീക്ഷിക്കുന്നു..,ഈ വായനയും അഭിപ്രായങ്ങളും..,

   Delete
 7. ജോസ് ലെറ്റിന്‍റെ വാക്കുകളോട് യോജിക്കുന്നു ശിഹാബ്.!
  വേദന മനസ്സിലാകാഞ്ഞിട്ടല്ല.
  മോശമായ വസ്തുക്കള്‍ ഒരു പാട് ദുര്‍ഗന്ധം ഉണ്ടാക്കുന്നത് പോലെയൊരു സംഭവമാണിതും.. ചീഞ്ഞുനാറുകയാണ്... അതില്‍ നല്ലവയും പെട്ടുപോകും..
  പിന്നെ പത്താം ക്ലാസ്സിലെ റിസള്‍ട്ട് പേടിച്ച് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന് ചെയ്ത നടപടിയെന്താണ്??
  ഗ്രേഡിംഗ് സിസ്റ്റം കൊണ്ട് വന്നു. അല്ലാതെ കുട്ടികളുടെ മനോധൈര്യം ഉയര്‍ത്തിയില്ല.
  ഇപ്പൊ എന്തായി... എപ്ലസ് കിട്ടാത്തതിന് ആത്മഹത്യ.. തുടര്‍ന്ന് വന്ന സംഭവമാണ് എട്ടാംക്ലാസ് വരെ ഫുള്‍പാസ്.. എന്തിനാണിത്??
  ഇതെല്ലാം കൊണ്ട് വന്നത് സര്‍ക്കാരാണ്. സര്‍ക്കാരിനോട് തന്നെയാണ് ചോദിക്കേണ്ടത്.
  ഇനി എന്തിനാണ് പത്താംക്ലാസ് പരീക്ഷാഫലം ഇങ്ങനെ ആര്‍ഭാടമുള്ളൊരു ചടങ്ങായി കൊട്ടിഘോഷിക്കുന്നത്???
  പോസ്റ്റ് ഇഷ്ടപ്പെട്ടു കുഞ്ഞോനെ...

  ReplyDelete
  Replies
  1. പരീക്ഷകളെ ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമായി കാണാന്‍ ആണ് ആദ്യം പഠിപ്പിക്കേണ്ടത്. പരീക്ഷകളെ വലിയൊരു ശതാമാനമാളുകള്‍ ജീവിതം തന്നെയായി കാണുമ്പോള്‍ പരീക്ഷകളില്‍ പരാജയപ്പെടുമ്പോള്‍ അത് ജീവിതം തന്നെ നഷ്ട്ടപെട്ടു എന്ന തോന്നലുണ്ടാക്കിയതാണ് ആത്മഹത്യകള്‍ക്ക് കാരണമാവുന്നത്.

   ഏതായാലും..,
   വായനക്കും നല്ലൊരു വിലയിരുത്തലിനും സന്തോഷം.

   Delete
 8. ഇത്തവണത്തെ ഫലപ്രഖ്യാപനം, പിന്നെ പിറകെയുള്ള ഓരോ വാർത്തകളും കേൾക്കുമ്പോഴൊക്കെ നന്നായി പഠിച്ചു പരീക്ഷ എഴുതിയ കുഞ്ഞുങ്ങളെപ്പറ്റി ഓർത്തു വിഷമം തോന്നിയിരുന്നു. ശിഹാബിന്റെ വേദന മനസ്സിലാക്കുന്നു. ആ വേദന കത്തിലുടനീളം പ്രകടമായിട്ടുണ്ട്.

  ReplyDelete
  Replies
  1. ചിലരെങ്കിലും കുട്ടികളെകുറിച്ചു ചിന്തിക്കുന്നു എന്ന് കരുതി സന്തോഷിക്കാം.
   വായനക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.

   Delete
 9. ഈ കത്ത് വളരെ ഗൌരവമേറിയ ഒരു വിഷയത്തിലെക്കാന് വിരല്‍ ചൂണ്ടുന്നത് . ശിഹാബ് പറഞ്ഞപോലെ നന്നായി പഠിച്ച കുട്ടികളുടെ വിഷമം മനസ്സിലാകുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ സാരമാക്കേണ്ട. അത് സ്വാഭാവികമാണ്. ഇനിയെങ്കിലും ഇത് ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു

  ReplyDelete
  Replies
  1. സോഷ്യല്‍ മീഡിയ-യുടെ പരിഹാസങ്ങള്‍ മറ്റൊരു വിഷയം കിട്ടുന്നത് വരെ മാത്രം തുടരുകയുള്ളൂ.. നാളെ മറ്റേതെങ്കിലും വിഷയത്തെ കുറിച്ചായിരിക്കും ചര്‍ച്ച.പക്ഷെ വിദ്യാഭ്യാസ രംഗം ഇനിയെങ്കിലും മെച്ചപ്പെട്ടാല്‍ മതിയായിരുന്നു.

   വായനക്കും വരവിനും സന്തോഷം..

   Delete
 10. വേറൊരു കോണില്‍ നിന്നും വേറിട്ട വിശകലനം നടത്തി...... വളരെ നന്നായി ..... ആശംസകൾ.....

  ReplyDelete
  Replies
  1. അങ്ങനെയും പറയാം.., ചില സത്യങ്ങള്‍ പറയുമ്പോള്‍ ഭാവനകള്‍ക്കൊന്നും സ്ഥാനം കൊടുക്കരുതല്ലോ...?


   വായനക്കും അഭിപ്രായത്തിനും
   ഒരായിരം സന്തോഷപൂക്കള്‍...

   Delete
 11. ഈ വര്‍ഷം പരീക്ഷ എഴുതിയ ഞാനും എന്‍റെ കൂട്ടുക്കാരും വലിയ സങ്കടത്തിലാണ്. പരീക്ഷ എന്തായി എന്ന് ചോദിക്കുന്നവരോട് ജയിച്ചു നല്ല മാര്‍ക്ക് ആണെന്ന് പറയാന്‍ തോറ്റവനെക്കാളും വിഷമിക്കേണ്ടി വരുന്നു. ഒന്നുല്ലെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കുമില്ലേ ചില മാനുഷിക പരിഗണനകള്‍..?

  ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?