Sunday, June 3, 2018

നിറമുള്ള വാക്ക്


നിറമുള്ള വാക്ക്
--------
നിറമുള്ള പകൽ
സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ
മുഴുത്ത പ്രണയത്തിൽ 
അകപ്പെട്ടിരുന്നു ഞാൻ.
ആ പ്രണയത്തിന് പക്ഷെ,
നിറമുണ്ടായിരുന്നില്ല,
സമയമില്ലെന്ന പരാതിയിൽ
പ്രണയം ഇറങ്ങി ഓടാൻ തിടുക്കം കാട്ടി.
എന്നിട്ടും നിറമുള്ള
ഒരു വാക്കിൽ കൊരുത്ത്
ഞാനെന്റെ പ്രണയത്തെ കുരുക്കിയിട്ടു.
പിന്നെ പെട്ടെന്ന്,
പ്രണയം വർണ്ണാഭമായി തുടങ്ങി.
എന്നിലേക്ക് ചേർന്ന് നിന്ന്
പ്രണയം വാചാലമായി,
അതിരുകൾ പിന്നിട്ട് പ്രണയം
തളിരിട്ട്, പൂങ്കാവനം വരച്ചു.
പിന്നെ,
പെട്ടെന്നൊരു ദിവസം
മൗനം വീണ്ടും പടി കടന്നെത്തി.
ആദ്യദിനത്തിലെന്ന പോലെ,
സമയമില്ലെന്ന് പറഞ്ഞു,
പ്രണയം പടിയിറങ്ങി.
അപ്പോഴേക്കും പക്ഷേ,
പ്രണയത്തെ കുരുക്കിയിടാനുള്ള,
ആ നിറമുള്ള വാക്ക്
ഞാൻ മറന്നിരുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?