Sunday, November 20, 2016

സെല്‍ഫി


ട്ടുച്ച സൂര്യൻ ചിരിക്കുന്നു
നടു റോഡിൽ ചുടു ചോര,
ആദ്യമൊരാൾ,
പിന്നെയുമൊരാൾ,
പിന്നെയൊരു കൂട്ടമാളുകൾ,
കാഴ്ച കണ്ടു നിൽക്കാൻ
ആളു കൂടി കൊണ്ടിരുന്നു.
പിന്നെ കേട്ടത്‌
ചായകടയുടെ കോണിലെ
കാർന്നോരുടെ വർത്തമാനം,
"ചെക്കൻ ഫ്രീക്കൻ
ഹെൽമെറ്റ്‌ എടുക്കാൻ
മറന്നത്രെ...!"
റോഡിലിപ്പോഴും
ചുടുചോരയുടെ
നിറം മാഞ്ഞിട്ടില്ല.
കട്ടചോരയുടെ പുറത്ത്‌
നിസ്സഹായതയുടെ വർണ്ണങ്ങളുണ്ട്‌.
ഒരായിരം സെൽഫികളുടെ
ഫ്ലാഷ്‌ ലൈറ്റുകൾ പതിഞ്ഞിട്ടുണ്ട്‌.
ഫേസ്ബുക്കിൽ
ഹാഷ്‌ ടാഗുകൾക്ക്
താഴെ ലൈക്ക്‌ കൂടുന്നു.
അപകട മരണങ്ങൾക്കിപ്പോൾ
റേറ്റ്‌ കൂടുതലാണത്രെ...!
മുഖപുസ്തകത്തിൽ
കഴിഞ്ഞ വാരം
'ഫ്രീക്ക്‌ ഓഫ്‌ ദ മാൻ'
ആയിരുന്നു.
ഇന്നിപ്പോൾ അനുശോചന പ്രവാഹം
ലൈക്കുകൾക്കിടയിൽ
ഫ്രീക്കന്മാരുടെ
വഴിയടയാളം ദൂരമളന്നു.
ഡോക്ടർ പറഞ്ഞത്രെ...
"ഒരഞ്ചു നിമിഷം
നേരത്തെ എത്തിച്ചിരുന്നെങ്കിൽ..."