Sunday, June 3, 2018

മീസാൻ കല്ല്


മീസാൻ കല്ല്
------
ഇനി എനിക്കെന്റെ
മനസ്സിനെ
പറഞ്ഞു പഠിപ്പിക്കണം,
മരിച്ചുപോയവരൊക്കെ
ഒരിക്കൽ കൂടി
കാണാൻ ഉള്ളവരാണെന്ന്.
അപ്പോഴാണ്
പള്ളിക്കാട്ടിലെ മീസാൻ കല്ലുകൾ
നിര നിരയായി
മുന്നിൽ തെളിയുന്നത്.
മീസാൻ കല്ലിൽ കൊത്തി വെച്ച
പേരുകൾ പലതിനും,
അനന്തര അവകാശികൾ ഉണ്ടെന്ന്
അവരും അറിഞ്ഞിരിക്കുന്നു.
മൈലാഞ്ചി ചെടിയുടെ
ഇലകൾ തണലേകിയ
ഓരോ കബറിലും പ്രിയപെട്ടവരുണ്ട്.
മിട്ടായിപൊതിയുമായി
വന്നെന്നെ ചിരിപ്പിച്ചിരുന്ന
മുൻപലില്ലാത്ത മനുഷ്യനുണ്ട്.
ഓരോ യാത്രയിലും
പുഞ്ചിരിച്ചു എന്നെ യാത്രയാക്കിയ
ബസ്സിലെ സ്ഥിരം യാത്രക്കാരനുണ്ട്.
കുശലം ചോദിച്ചു
ഓരോ പുലരിയിലും ഉണർവേകിയ
ഒരു തട്ടുകടക്കാരനുണ്ട്.
പള്ളിയിൽ ബാങ്ക് വിളിച്ച
താടിയുള്ള ശുഭ്രവസ്ത്രധാരിയുണ്ട്.
കണക്കിൽ കൗതുകം
നിറച്ച വാധ്യാരുണ്ട്.
എന്തിനധികം പറയുന്നു,
കബർ കുഴിച്ചിരുന്നവനും
ആറടി മണ്ണാണ്
ചോദിച്ചു വാങ്ങിയത്.
മീസാൻ കല്ലുകൾ
നിരനിരയായ് മുന്നിൽ തെളിയുന്നു.
ഒന്നോർത്ത് നോക്കിയാൽ,
എന്നെയും കാത്ത്
ആറടിമണ്ണ് എവിടെയോ
കാത്തിരിപ്പുണ്ട്..!

2 comments:

  1. നന്നായിട്ടുണ്ട്.
    എഴുതണം വീണ്ടും വീണ്ടും.ആരുടെയും പ്രതികരണമല്ല ഒരെഴുത്തുകാരന്റെ ഊർജ്ജം..സമൂഹത്തിനോട് പറയാനുള്ളത് ഉറക്കെ വിളിച്ച് പറയൽ അത് ഓരോ എഴുത്തുകാരന്റെയും ഭാധ്യതയാണ്.

    ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?