Friday, August 25, 2017

പശുപതി

നട്ടുച്ച സൂര്യൻ നിന്ന് കത്തുമ്പോൾ നഗരത്തിന്റെ പ്രധാനനിരത്തിലൂടെ ആംബുലൻസ് നിലവിളിച്ചു ഓടുകയാണ്. സകല സൗകര്യങ്ങളും സമ്മേളിച്ച ഒരു കൂറ്റൻ കെട്ടിടത്തിനു മുന്നിൽ ആംബുലൻസ് നിശ്ചലമായി നിന്നു. കെട്ടിടത്തിനുള്ളിൽ നിന്നും വീൽചെയറുകളും സ്‌ട്രെച്ചറുകളും നടയിറങ്ങി വന്നു ആംബുലൻസിനു കൈ കാണിച്ചു.
കുഞ്ഞിനെ മാറോടണച്ച് ഒരമ്മ ആംബുലൻസിൽ നിന്നിറങ്ങി വന്നു. നിഴലുപോലെ പിന്നെയും ഒരമ്മയും കുഞ്ഞും പടിയിറങ്ങി വന്നു. അതിനു പിന്നിൽ പിന്നെയും ഒരമ്മയും കുഞ്ഞും... ഒന്നല്ല... രണ്ടല്ല... മൂന്നല്ല... ആശുപത്രി മുറ്റത്ത് അമ്മമാർ പെറ്റുപെരുകി...!
പ്രത്യാശയുടെ നനവ് വറ്റിയിട്ടില്ലാത്ത കണ്ണുകൾ ഡോക്ടറിനു മുന്നിൽ ക്യു നിന്നു.

"എന്റെ മകനെ ഒന്ന് നോക്കൂ... അവൻ കണ്ണ് തുറക്കുന്നില്ല ഡോക്ടർ..."

"പശുവിനു പഴംകഞ്ഞിയാണല്ലേ കൊടുത്തത്... ?" ഗൂഢമായി ഡോക്ടർ ചോദ്യമെറിഞ്ഞു.

"ഡോക്ടർ എന്റെ മകൻ ഒന്നും കഴിക്കുന്നില്ല.. ഒരു ഗ്ളൂക്കോസ് കുപ്പി വെച്ച് തരുമോ..?"

"ഗോമൂത്രത്തോളം ഔഷധവീര്യമുള്ളത് ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു..!"
ഡോക്ടർ ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നില്ലെന്ന മട്ടിൽ അതിശയം പ്രകടിപ്പിച്ചു.

"ഡോക്ടർ കുഞ്ഞിനെ കിടത്താനൊരിടം തരുമോ..?"

"ചാണകം മെഴുകിയ നിലത്തിനോളം പുണ്യമാക്കപ്പെട്ട സ്ഥലം വേറെയുണ്ടോ..?" ഡോക്ടറുടെ സംശയങ്ങൾ പിന്നെയും പുറത്തു ചാടി.

ഡോക്ടർ ഒരു കുപ്പി ഓക്സിജനു എന്താ വില..?
ഒരു നിമിഷം നിശബ്ദമായ ഡോക്ടർ പെട്ടെന്ന് ഓർത്തെടുത്തുകൊണ്ടു സത്യം കൂടി പറഞ്ഞു ചിരിച്ചു..!
ഗോമൂത്രത്തിനു പത്ത് രൂപ..! 

ശിഹാബുദ്ധീൻ കന്യാന

Wednesday, December 7, 2016

കടൽ


നീലാകാശം പച്ചക്കടൽ എന്നുരുവിട്ടു ഗ്ലോബിനെ നാലു വട്ടം കൈകൊണ്ട് കറക്കി. ഏറെ നേരത്തെ കറക്കത്തിനൊടുവിൽ ഗ്ലോബ് ഒരു വൻകരയിൽ നിശ്ചലമായി. പിന്നെ കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങളിലേക്ക് കണ്ണെറിഞ്ഞു. ബോർഡിൽ ചോക്ക്പൊടി കൊണ്ട് "ഭൂമിയുടെ അവകാശികൾ " അടയാളപ്പെട്ടു കിടക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മാഷിന്റെ കഷണ്ടി തല നോക്കി ഒരു ചോദ്യമെറിഞ്ഞു.

" അല്ല മാഷേ...
കടൽ കാണാതെ
എത്ര പേര്  മരിച്ചിട്ടുണ്ടാവും..? അല്ലെ..? "

ഒരു നിമിഷം മാഷും ക്ലാസും കടലും നിശബ്ദമായി.

Sunday, November 20, 2016

സെല്‍ഫി


ട്ടുച്ച സൂര്യൻ ചിരിക്കുന്നു
നടു റോഡിൽ ചുടു ചോര,
ആദ്യമൊരാൾ,
പിന്നെയുമൊരാൾ,
പിന്നെയൊരു കൂട്ടമാളുകൾ,
കാഴ്ച കണ്ടു നിൽക്കാൻ
ആളു കൂടി കൊണ്ടിരുന്നു.
പിന്നെ കേട്ടത്‌
ചായകടയുടെ കോണിലെ
കാർന്നോരുടെ വർത്തമാനം,
"ചെക്കൻ ഫ്രീക്കൻ
ഹെൽമെറ്റ്‌ എടുക്കാൻ
മറന്നത്രെ...!"
റോഡിലിപ്പോഴും
ചുടുചോരയുടെ
നിറം മാഞ്ഞിട്ടില്ല.
കട്ടചോരയുടെ പുറത്ത്‌
നിസ്സഹായതയുടെ വർണ്ണങ്ങളുണ്ട്‌.
ഒരായിരം സെൽഫികളുടെ
ഫ്ലാഷ്‌ ലൈറ്റുകൾ പതിഞ്ഞിട്ടുണ്ട്‌.
ഫേസ്ബുക്കിൽ
ഹാഷ്‌ ടാഗുകൾക്ക്
താഴെ ലൈക്ക്‌ കൂടുന്നു.
അപകട മരണങ്ങൾക്കിപ്പോൾ
റേറ്റ്‌ കൂടുതലാണത്രെ...!
മുഖപുസ്തകത്തിൽ
കഴിഞ്ഞ വാരം
'ഫ്രീക്ക്‌ ഓഫ്‌ ദ മാൻ'
ആയിരുന്നു.
ഇന്നിപ്പോൾ അനുശോചന പ്രവാഹം
ലൈക്കുകൾക്കിടയിൽ
ഫ്രീക്കന്മാരുടെ
വഴിയടയാളം ദൂരമളന്നു.
ഡോക്ടർ പറഞ്ഞത്രെ...
"ഒരഞ്ചു നിമിഷം
നേരത്തെ എത്തിച്ചിരുന്നെങ്കിൽ..."