Saturday, April 25, 2015

വിദ്യാഭ്യാസ മന്ത്രിക്കൊരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്,

          വിശേഷങ്ങള്‍ ഒന്നും അത്ര നല്ലതല്ലെന്നറിയാം. ഇവിടെ എ പ്ലസുകള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നുണ്ടെന്നു കേട്ടു. പേടിക്കണ്ട.., ഞാന്‍ എ പ്ലസുകള്‍ വാങ്ങാന്‍ വന്നതൊന്നുമല്ല. ഒരു പരിഭവം പറയാനുണ്ടായിരുന്നു. മറ്റൊന്നുമല്ല, ഇങ്ങനെ സൗജന്യമായി എ പ്ലസുകള്‍ കൊടുക്കുന്ന കാര്യം കുറച്ചു മുന്‍പേ അറിയിക്കാമായിരുന്നു.., ഉറക്കമൊഴിച്ചിരുന്ന് പുസ്തകങ്ങളായ പുസ്തകങ്ങള്‍ തപ്പിപ്പിടിച്ചു വായിക്കലും, പഠിക്കലും പരീക്ഷ സമയത്തിനു മുന്‍പ് ഇല്ലാത്ത ബസ്‌ കയറി ഓടികിതയ്ക്കലും ഒഴിവാക്കാമായിരുന്നു. ഒന്നൂല്ലെങ്കിലും ഞങ്ങളുടെ വഴികളെ സുഗമമാക്കാന്‍ കണ്ണിലെണ്ണയൊഴിച്ചു പഠിപ്പിച്ച ഞങ്ങളുടെ അദ്ധ്യാപകര്‍ക്കെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള അവസരം കിട്ടുമായിരുന്നു. (അവരുടെ കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ ഉപാധികളില്ലാത്ത സ്നേഹത്തിനു മുന്നില്‍ കൂപ്പുകൈ..ഗുരുക്കന്മാരെ നിങ്ങള്‍ വിജയിച്ചിരിക്കുന്നു...)


ആരോട് പറയാന്‍...? മന്ത്രി സാറിനറിയുമോ...? ഞങ്ങള്‍ക്ക് കിട്ടിയ എ പ്ലസുകളുടെ കണക്ക് പറയാന്‍ ഞങ്ങള്‍ക്ക് പേടിയാവുന്നു. മറ്റൊന്നുമല്ല.., മഴ വന്നപ്പോള്‍ സ്കൂള്‍ വരാന്തയില്‍ കയറിയ ഗോപാലേട്ടന്‍റെ പശുക്കള്‍ക്കും എ പ്ലസ് കിട്ടിയെന്നാണ് കേട്ടത്. (പരീക്ഷ ചൂടില്‍ പൊള്ളിയ മാര്‍ച്ചില്‍ മഴയുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)


I AM PASSED AWAY എന്ന് തുടങ്ങുന്ന പരിഹാസച്ചിരി ഇന്നത്തെ പുതിയ കോമഡിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുന്നുണ്ട്. പരീക്ഷ പേപ്പറില്‍ നിലാവ് കണ്ടപ്പോള്‍ പിറന്നാള്‍ ഉറപ്പിച്ച സോഷ്യല്‍ മീഡിയ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ചിലതായി. ആ പടക്കങ്ങള്‍ പൊട്ടുന്നത് ഞങ്ങളുടെ നെഞ്ചിലാണെന്ന കാര്യം സാററിയണം.

രാത്രി ഉറക്കം കളഞ്ഞ് പഠിച്ചും, ഉച്ചക്ക് ഊണ് കളഞ്ഞ് പരീക്ഷ എഴുതിയും റിസള്‍ട്ടിനായി ഞങ്ങള്‍ കാത്തിരുന്നു എന്നത് ശരി തന്നെയാണ്. എന്ന് വെച്ച് ഇത്രയും തിടുക്കം വേണ്ടിയിരുന്നില്ല. ഒടുക്കം എന്തായി എന്ന് സാറിനറിയുമല്ലോ...?


ഈ വര്‍ഷം പരീക്ഷ എഴുതിയ ഞാനും എന്‍റെ കൂട്ടുക്കാരും വലിയ സങ്കടത്തിലാണ്. പരീക്ഷ എന്തായി എന്ന് ചോദിക്കുന്നവരോട് ജയിച്ചു നല്ല മാര്‍ക്ക് ആണെന്ന് പറയാന്‍ തോറ്റവനെക്കാളും വിഷമിക്കേണ്ടി വരുന്നു. ഒന്നുല്ലെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കുമില്ലേ ചില മാനുഷിക പരിഗണനകള്‍..?

കത്ത് ചുരുക്കുകയാണ്..,ഇതിലും നന്നായിട്ട് എഴുതാൻ അറിയാഞ്ഞിട്ടല്ല, പേരെഴുതാൻ അറിയാത്തവർ പത്താം ക്ലാസിൽ ഉണ്ടെന്ന കാര്യം സമൂഹം മറന്നു തുടങ്ങിയാലോ എന്ന പേടി., അതിൽ ഞങ്ങളെ കുട്ടികളെയോ അദ്ധ്യാപകരെയോ കുറ്റം പറയരുത്.എട്ടാം ക്ലാസ്സ് വരെ പരീക്ഷ എഴുതാത്തവനെയും ജയിപ്പിക്കുമെന്ന കാര്യം ഇന്നത്തെ ഒന്നാം ക്ലാസ്സുക്കാരനു പോലും അറിയാം..,പിന്നെന്തിനു പഠിക്കണം..?

 അര്‍ഹതപ്പെട്ടത് മാത്രമാണ് ഞങ്ങളും ചോദിക്കുന്നത്.അനര്‍ഹമായ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.

തന്ന മാര്‍ക്ക് തിരിച്ചു വാങ്ങിയാലും കൊടുത്ത ലഡു തിരിച്ചു വാങ്ങില്ലെന്നുറപ്പ് തരുന്നു.

എന്ന്
പത്താംക്ലാസുക്കാരന്‍  • ഇതൊരു വിമർശന പോസ്റ്റ്‌ അല്ല.സോഷ്യൽ മീഡിയയും പൊതുസമൂഹവും കുട്ടികളുടെ വിജയത്തെ പരിഹസിക്കുമ്പോൾ നോവുന്നത് കഷ്ടപ്പെട്ട് പഠിച്ച കുട്ടികള്ക്കും പഠിപ്പിച്ച അദ്ധ്യാപകർക്കുമാണ് എന്ന കാര്യം ശ്രദ്ധയിൽ പെടുത്താൻ വേണ്ടി മാത്രമാണ്.

Saturday, April 11, 2015

ഇനിയൊരിക്കൽ കൂടി..,

           എട്ടും പൊട്ടും തിരിയാത്ത എട്ടാം ക്ലാസ്സുക്കാരനായിട്ടായിരുന്നു ഞാന്‍ എന്‍.എച്ച്.എസ്.എസിന്‍റെ വഴിത്താരയില്‍ ആദ്യമായി നടന്നു തുടങ്ങിയത്.മൂന്ന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ജൂണിന്‍റെ ഈറനണിഞ്ഞ പുലരിയില്‍ ടാറിട്ട ഇടവഴിയിലൂടെ നടക്കുമ്പോള്‍ പ്രതീക്ഷകള്‍ അനേകമായിരുന്നു.

                   ഏഴുവര്‍ഷം പഠിച്ച മാതൃസ്കൂളിന്‍റെ പടിയിറങ്ങി നടക്കുമ്പോള്‍ നഷ്ട്ടമായത് സ്നേഹിച്ചും,ലാളിച്ചും തലോടിയും അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെയായിരുന്നു, ഒപ്പം അന്നോളം സ്വരുകൂട്ടിപ്പോന്ന എന്‍റെ കൂട്ടാളികളെയും. മനസ്സില്‍ വിതുമ്പലുകള്‍ ബാക്കിയായപ്പോള്‍ ലക്ഷ്യം പലതും മറക്കാന്‍ പഠിപ്പിച്ചു.ഏഴുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത അറിവിനേക്കാളധികം ഇനിയുള്ള മൂന്നു വര്‍ഷം കൊണ്ട് നേടിയെടുക്കാനുണ്ടെന്ന കാര്യം പ്രതീക്ഷകളുടെ മറ്റൊരു കവാടം എനിക്കു മുന്നില്‍ തുറന്നു.

                കഥകളിലെന്നപ്പോലെ കുടയെടുക്കാതെ മഴ നനയാന്‍ കൊതിക്കുന്ന ബാല്യത്തിന്‍റെ ചിറകൊതുക്കി നടക്കുമ്പോള്‍ കൈകളിലും മുഖത്തും ഉമ്മ വെച്ച മഴതുള്ളികളാല്‍ മനം കുളിര്‍ത്തിരുന്നു.ചൂരല്‍ വടിയുമായി കാത്തുനില്‍ക്കുന്ന ഒരുപറ്റം അദ്ധ്യാപകരേയും പ്രതീക്ഷിച്ച് സ്കൂള്‍മുറ്റം ചവിട്ടുമ്പോള്‍ മനം പിന്നെയും തുടികൊട്ടി കലിത്തുള്ളി.ഹൃദയമിടിപ്പിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍ ജീവിതത്തില്‍ കേട്ടുമറന്ന ഒരായിരം കെട്ടുകഥകളില്‍ ഒന്നുമാത്രമായി ചൂരല്‍ വടിയും ചോരകണ്ണും ഒതുങ്ങിനിന്നു.

                 അറിവിന്‍റെയും ജീവിതപാഠങ്ങളുടെയും വിസ്മരിക്കാനാകാത്ത മറ്റൊരു ജാലകമായിരുന്നു എനിക്കവിടെ തുറന്നു കിട്ടിയത്.ഓരോ അദ്ധ്യാപകരും പാഠപുസ്തകങ്ങള്‍ക്കപ്പുറം ഹൃദയബന്ധം കൊണ്ട് ഞങ്ങളെ കൂടുതല്‍ അടുത്തു.ഒരായിരം അപരിചിത മുഖങ്ങള്‍ പുതുകൂട്ടുത്തേടി മുന്നില്‍ വന്നു നിന്നപ്പോള്‍ എന്‍.എച്ച്.എസ്.എസ്. മറ്റൊരു പൂന്തോപ്പായി.ഒരിക്കലും വിട്ടുപ്പോവാന്‍ കഴിയാത്ത ആത്മബന്ധം വളര്‍ന്നപ്പോള്‍  ആ പൂങ്കാവനത്തില്‍ തേനൂറും ശലഭങ്ങള്‍ ചിറകു വിടര്‍ത്തി.പക്ഷെ..,കാലത്തിന്‍റെ കുസൃതികള്‍ക്ക് മറ്റൊരു വിടപറയലിനു വേദിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

ഓര്‍ക്കാന്‍..,ഓര്‍മിക്കാന്‍..,ഓര്‍ത്തിരിക്കാന്‍ നീറുന്ന നെഞ്ചുമായി എന്‍.എച്ച്.എസ്.എസ്സിന്‍റെ മാറില്‍ ഓട്ടോഗ്രാഫ് പകര്‍ത്തിയപ്പോള്‍ അറിയാതെയാണെങ്കിലും ഒരു കുടം കണ്ണീര് കൊണ്ട് ആ പൂന്തോപ്പ്‌ നനഞ്ഞു കുതിര്‍ന്നു.മാര്‍ച്ചിന്‍റെ വിരഹദു:ഖത്തിന് സംഗീതം പകര്‍ന്നു കൊണ്ട് ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ "ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു..." എന്ന ഭാവത്തില്‍ എന്‍.എച്ച്.എസ്.എസ്.മൗനിയായി.നാളെയുടെ കൂട്ടുക്കാര്‍ക്ക്‌ വേണ്ടി,നവാഗതരെയും കാത്ത് എന്‍.എച്ച്.എസ്.എസ്.ചിരിതൂകുകയാണ്. ഒരു പക്ഷെ എന്നെപ്പോലെയുള്ള ഒരായിരം കുസൃതിപൂക്കള്‍ അവിടെയുണ്ടായിരുന്നുവെന്നു കാലം പറഞ്ഞേക്കാം..,വെറുമൊരു നേരംപോക്കായി ആ തമാശ കേട്ടു സ്കൂള്‍ മുറ്റം മന്ദഹസിക്കുമോ എന്തോ...?