Sunday, June 3, 2018

ഓട്ടോഗ്രാഫ്


ഓട്ടോഗ്രാഫ്
--------
ആരും കാണാതെ
ഒളിപ്പിച്ചു വെച്ച
ഒരു പുസ്തകമുണ്ട്
അലമാരയുടെ അടിത്തട്ടിൽ.
നൊസ്റ്റാൾജിയ
പടികയറി വരുമ്പോൾ
ആ പുസ്തകമെടുത്ത്
ഒന്ന് മണത്ത് നോക്കും.
ഓർമ്മകളുടെ വേലിയേറ്റത്തിൽ
ഒരു തുമ്മൽ പുറത്ത് ചാടും.
പിന്നെ താളുകളോരോന്നും
മെല്ലെ മറിച്ചു
ഭൂതകാലം ആവാഹിച്ചെടുക്കും.
അപ്പോഴേക്കും,
ഒരു പത്താം ക്ലാസ്സുകാരൻ
മതിലു ചാടി പത്ത് ബി-യിലേക്ക്
ഓടിക്കയറും.
പിന്നെ ക്ലാസ്സ്മുറിയിൽ
വാചാലതയുടെ കെട്ട് പൊട്ടി വീഴും.
മൗനം മതിലുചാടി ഒളിക്കുമ്പോൾ
ഒരു ചൂരൽ വടി നടന്നു കയറും.
കരഞ്ഞു കയറിയ
അക്ഷരമുറ്റത്ത് നിന്നും
കണ്ണീരൊലിപ്പിച്ചു മാർച്ചിനൊപ്പം
പടിയിറങ്ങുമ്പോൾ കുറിച്ചിട്ട,
ഓർമ്മ പുസ്തകത്തിൽ
സൗഹൃദത്തിന്റെ മിടിപ്പ് ഉണ്ടാവും.
മരിക്കില്ലെന്നല്ല,
മറക്കില്ലെന്നാണ്
എഴുതിവെക്കുന്നതൊക്കെയും,
എന്നിട്ടും
പലവഴിക്ക്‌ പിരിഞ്ഞ സൗഹൃദങ്ങൾ
ഓർമ്മകളിൽ പോലുമുണ്ടാകില്ലാ.
പ്രണയത്തിന്റെ ഇളംചുവപ്പിൽ
അവൾ കുറിച്ചിട്ട
അക്ഷരങ്ങളൊക്കെയും
കവിളിൽ മുത്തമിട്ട് ചിരിക്കും.
അവൾ പോലും മറന്ന
പ്രണയാക്ഷരങ്ങൾ തമ്മിൽ ചുംബിച്ച്
അക്ഷരങ്ങൾ കെട്ടിപ്പിടിച്ചു കിടക്കും.
ഓർമ്മകളെ,
ഓർത്തോർത്ത്,
ഓർമ്മകളായി നാം മണ്ണിലലിയുമ്പോൾ
ഓർമ്മ പുസ്തകം അക്ഷരങ്ങളെ
പ്രണയിച്ചു പെറ്റ് പെരുകും.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?