Sunday, June 3, 2018

പ്രേമലേഖനം

Shihabuddeen Kanyana
പ്രേമലേഖനം
---------------^^----
പ്രണയലേഖനം
എഴുതിയിട്ടുണ്ടോ..?
ഇല്ലെങ്കിൽ ഒരെണ്ണം
എഴുതി തുടങ്ങണം.
വാർദ്ധക്യം വന്ന്
കഥ പറയുകയാണെന്നു
പരിഭവം പറയരുത്.
കണ്ണിൽ ഇരുട്ട് കയറി
വാക്കുകൾ ഉടഞ്ഞു പോവുന്നെന്ന്
കള്ളം പറയരുത്.
മഷി തീർന്നു,
പേന ചതിച്ചെന്നും
പറഞ്ഞു ചിരിക്കരുത്.
മഷി പടർന്ന്
താളുകൾ വികൃതമായെന്ന്
പറഞ്ഞൊഴിയരുത്.
അക്ഷരങ്ങൾ
പെറ്റു പെരുകി
കലഹം തീർക്കുന്നെന്നു
കഥ മേനയേണ്ട.
ഇനി ബാക്കി നിൽക്കുന്ന
ഒരേ ഒരു കള്ളം കൂടി,
പ്രണയിനി
ഇല്ലായിരുന്നുവെന്നു കൂടി
പറയാൻ ശ്രമിക്കേണ്ട.
ഇനിയും
കാരണങ്ങൾ ചികയുന്നതിന്
മുമ്പേ ഒരു വാക്ക്,
തിടുക്കം കൂട്ടി
ഒരു കാറ്റ് പറന്നു വരുന്നുണ്ട്.
ഹൃദയത്തിന്റെ സാക്ഷ തുറന്നിടു,
പ്രേമലേഖനം ആ കാറ്റ് സ്വന്തമാക്കട്ടെ...!

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?