Sunday, June 3, 2018

അവർ ക്യു-വിലാണ്


അവർ ക്യു-വിലാണ്
-----
ചില നേരങ്ങളുണ്ട്,
പടിയിറങ്ങിപ്പോയവരൊക്കെ
തിരിച്ചു വന്ന് 
മനസ്സിന്റെ വാതിലിൽ
മുട്ടുന്ന നിമിഷം.
അപ്പോൾ ഒറ്റയായിപ്പോയി
എന്നുറക്കെ നിലവിളി ഉയരും.
ആ നിലവിളി കാത് തുളച്ചു,
ഏകാന്തതയുടെ
മൗനത്തിലേക്ക് ഉൾവലിയും.
പിന്നെ,
മുന്നിൽ ഒരാൾക്കൂട്ടം
തെളിഞ്ഞു വരും.
പിരിയില്ലെന്ന് പറഞ്ഞവർ,
മറക്കില്ലെന്ന് മൊഴിഞ്ഞവർ,
ഞാൻ കൂടെയുണ്ടെന്നോതിയവർ,
എല്ലാവരും,
ഓർമ്മയുടെ തീരത്ത്
ക്യു പാലിച്ചു നിശബ്ദരായി
കണ്ണ് പൊത്തി നിൽക്കും.
അപ്പോഴും
അവരുറക്കെ പറയും,
ഞങ്ങൾ മരിച്ചിട്ടില്ല, ജീവിക്കുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?