Sunday, June 3, 2018

അവരെന്നെയും കാമുകനാക്കി


അവരെന്നെയും കാമുകനാക്കി
----------------
നമ്മൾ
ഒരുമിച്ചൊരു മഴ
നനഞ്ഞിട്ടില്ല.
ഒരു കുടകീഴിൽ
മഴയെ മുറിച്ചു
നടന്നിട്ടില്ല.
ബീച്ചിലെ കൽപടവിലിരുന്നു
നമ്മൾ ഇതുവരെയും
കടല കൊറിച്ചിട്ടില്ല.
കടൽ തിരയെ തൊട്ട്
ഉപ്പ് രുചിച്ചു നോക്കാൻ
നമ്മൾ തുനിഞ്ഞിട്ടില്ല.
ഒരു സൂര്യാസ്തമയവും
നമ്മുടെ ചുംബനങ്ങൾക്ക്
സാക്ഷിയായിട്ടില്ല.
ആളൊഴിഞ്ഞ തീയറ്ററിൽ
സിനിമ കാണാൻ
നീയും ഞാനുമുണ്ടായിരുന്നില്ല.
പതിവ് ഇടവഴിയിൽ
ഒരു സമാഗമവും
ഉണ്ടായിട്ടില്ല.
കണ്ണുകൾക്ക്
കഥ പറയാൻ നമ്മൾ
ഇരുന്ന് കൊടുത്തിട്ടില്ല.
ഒരു പ്രണയദിനവും
നമുക്ക് ചുറ്റും
കടന്നു പോയിട്ടില്ല.
എന്തിനധികം,
ഇഷ്ടമെന്ന് ഞാനും നീയും
ഇത് വരെയും പറഞ്ഞിട്ടില്ല.
എന്നിട്ടും നമ്മൾ,
പ്രണയിച്ചിരുന്നുവെന്നു
ആരോ പറഞ്ഞു ഞാനുമറിഞ്ഞു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?