Sunday, June 3, 2018

മരണകുറിപ്പ്


മരണകുറിപ്പ്
---------
നിനച്ചിരിക്കാത്ത നേരത്ത്
മരണം വന്ന് കൊതിപ്പിക്കും.
പോവാൻ നേരമായെന്ന്
കണ്ണിറുക്കി കാണിക്കും.
ഒരു നിമിഷം
യാത്രാമൊഴി പറയാൻ
ബാക്കിയുണ്ടെന്നു പറഞ്ഞിട്ടും
ദൂതൻ തിരക്ക് കൂട്ടും.
ദ്രുതഗതിയിൽ
ഒരു മരണകുറിപ്പ് എഴുതി വെച്ചിട്ട്
മരണം ഒപ്പ് രേഖപ്പെടുത്തും.
മരണകുറിപ്പ്
മേശവലിപ്പിൽ വെക്കാൻ നേരം
മരണം നമ്മെയും കൊണ്ട് പറന്നിരിക്കും.
അപ്പോഴേക്കും
എങ്ങു നിന്നോ എത്തുന്ന കാറ്റ്
മരണകുറിപ്പ് കൊണ്ട് ലോകം ചുറ്റും.
എന്നിട്ടും
പോവാൻ നേരം ഞാനൊന്നും
പറഞ്ഞില്ലെന്നു നിങ്ങൾ പരിഭവിക്കും.
എൻറെ മരണകുറിപ്പ്
കണ്ടു കിട്ടുന്ന ഏതെങ്കിലും മാസിക,
കവിതയായി പ്രസിദ്ധീകരിക്കും,
അത് ഞാനാണെന്ന്
തിരിച്ചറിയുമെങ്കിൽ കാത്തിരിക്കുക.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?