Sunday, July 31, 2016

വെളുത്ത മഴ


ഗരത്തിൻറെ ആളൊഴിഞ്ഞ കോണിൽ നിന്നും നടക്കാൻ തുടങ്ങിയതാണ്. ആകാശത്തിന്റെ നിറം മങ്ങി മങ്ങി വരുന്നു-തൂമാനം വെള്ള പുതച്ച വാനിൽ, കാർമേഘം ഉരുണ്ട് കൂടി. കടകൾ പകുതി ഷട്ടർ താഴ്ത്തി ആകാശത്തിന്റെ നിറമാറ്റത്തെ ഉറ്റു നോക്കി. പിന്നെ നോക്കി നിൽക്കാനൊന്നും സമയം കിട്ടിയില്ല. മഴ വന്നു എന്നെ ചുംബിച്ചു തുടങ്ങി. അടുത്തു കണ്ട കടയിലേക്ക് ഓടി കയറി. പകുതി താഴ്ത്തിയ ഷട്ടറിനു താഴെയായി നിൽപ്. കടക്കാരൻ പല്ലു കൊഴിഞ്ഞ മോണ കാട്ടി ചിരിച്ചു. കണ്ടിട്ട് വയസ്സ് തോന്നികുന്നില്ലെങ്കിലും മുൻവരിയിലെ നാലഞ്ചു പല്ല് കൊഴിഞ്ഞിട്ടുണ്ട്.

"ആരെങ്കിലും തല്ലി കൊഴിച്ചതാവും..." ന്ന് മനസ്സിലോർത്തു ചിരിച്ചു.

"താൻ എന്ത് പണിയാ കാണിച്ചേ.. ഈ മഴയത്ത് ആരെങ്കിലും കുടയെടുക്കാതെ വരോ...? "

ആകാശത്തിന്റെ നെറുകയിലേക്ക് നോക്കി മുൻപരിചയക്കാരനെപ്പോലെ അയാൾ പറഞ്ഞു.

അല്ലെങ്കിലും കുട എന്തിനാ..,മഴ നനയാൻ ഉള്ളതല്ലേ... വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ത്രീഫോൾഡ് കുട അലമാരയുടെ മുകളിൽ നിന്നും പരിഭവം അറിയിച്ചതാണ്.കാറൊഴിഞ്ഞ നീലാകാശം നോക്കി കുടയെടുക്കാതെ ഒരൊറ്റ നടത്തമായിരുന്നു. കയ്യിലുള്ള ഫോൺ നനയും, ഇല്ലെങ്കിൽ ഈ മഴയോടൊപ്പം നടക്കാമായിരുന്നു.

"ഈ മഴ തോരണ ലക്ഷണമില്ല..! ഇത് കറുത്ത മഴയാ..."

കട വരാന്തയുടെ അരിക് ചേർന്നിരുന്ന് ചെരുപ്പ് നന്നാക്കുന്നയാൾ ആകാശം നോക്കി ലക്ഷണം പറഞ്ഞു. അയാളുടെ കൺപീലിയൊഴികെയുള്ള മുടിയൊക്കെയും നരച്ച് അപ്പൂപ്പൻ താടി പോലെ തോന്നിച്ചു.കുടയുടെ ജനനത്തിന് മുമ്പുള്ള കുറെ മഴക്കാലം ആ വെളുത്ത മുടിയിഴകളിലൂടെ ഒലിച്ചിറങ്ങി. അയാൾ മഴയെക്കുറിച്ചു പറഞ്ഞു തുടങ്ങി.

"മഴ രണ്ടു തരം ഉണ്ട്...കറുത്ത മഴയും വെളുത്ത മഴയും, കറുത്ത മഴ അത്ര പെട്ടെന്നൊന്നും വിട്ടു തരില്ല. വെളുത്ത മഴ മനസ്സ് നനയും മുമ്പേ പിൻവാങ്ങും. കുട്ടിക്കാലത്തു...."

അയാൾ കഥ തുടരുകയാണ്.ഞാൻ ആകാശത്തേക്ക് മിഴികൾ ഓടിച്ചു, പിന്നെ പെയ്തിറങ്ങുന്ന മഴയിലേക്കും. അവിടെ നിറങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. വെള്ളത്തിൻറെ നിറം അതിനപ്പുറം കറുപ്പും വെളുപ്പും തെളിഞ്ഞു വന്നതേയില്ല.മഴ പെയ്യുകയാണ്, കറുത്ത മഴ.

റോഡിലൂടെ വാഹനങ്ങൾ അപ്പോഴും ഇടതടവില്ലാതെ ഓടി കൊണ്ടിരുന്നു.വഴിയാത്രക്കാരും മഴയെ ഗൗനിക്കുന്നില്ല. മഴയെ തോൽപ്പിക്കാൻ ചിലർ കറുത്ത കുടയുമയേന്തി  നടക്കുന്നു. ഒരൊറ്റ കുടയിൽ തോളോട് ചേർന്ന് ദമ്പതികൾ നടക്കുന്നത് കണ്ടപ്പോഴാണ് മഴയുടെ ക്യാൻവാസിൽ നിറങ്ങൾ വന്നു തുടങ്ങിയത്. ചിറകിനടിയിൽ കോഴികുഞ്ഞിനെ ഒളിപ്പിക്കുന്നത് പോലെ അയാൾ അവളെ തോളോട് ചേർത്ത് പിടിച്ചു നടക്കുന്നു. അയാളുടെ പകുതിയും നനഞ്ഞു കുതിർന്നിരുന്നു. എന്നിട്ടും അവളെ മഴ തൊട്ടിട്ടേയില്ല.അവർ മഴയായി നടന്ന് നീങ്ങി. രണ്ടു കൈയും തോളോട് ചേർന്ന് പിടിച്ച് കുടയില്ലാതെ മഴയെ പുണർന്ന് കൊണ്ടൊരാൾ അവരെ കടന്ന് പോയി.അവർ അറിഞ്ഞതേയില്ല.

"ഇവിടെ ഇരുന്നോ... മഴ ഒഴിയണ ലക്ഷണമൊന്നുമില്ല.."

കടക്കാരൻ ഒരു സ്ടൂൾ എടുത്ത് നീക്കിയിട്ടു. സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് എന്റെ കണ്ണുകൾ മഴ കാഴ്ചകളിലേക്ക് നീണ്ടു. മഴ കോട്ടില്ലാതെ നനഞ്ഞു കുതിർന്ന് ബൈക്കുകൾ റോഡിനെ ചുംബിച്ചു പാഞ്ഞു.ആകാശത്ത് മഴമേഘം തോറ്റു തരില്ലെന്ന വാശിയിൽ പെയ്തു കൊണ്ടിരുന്നു. മൊബൈൽ ഫോൺ പ്ലാസ്റ്റിക് കവറിലാക്കി ഞാൻ മഴയിലേക്കിറങ്ങി നടന്നു. കൈകൾ രണ്ടും മഴയിലേക്ക് നീട്ടിപ്പിടിച്ച്

"മോനെ...കറുത്ത മഴയാ... തല നനയാതെ നോക്കിക്കോ..."

കട വരാന്തയിൽ നിന്നും അപ്പൂപ്പൻ താടിയുടെ ഉപദേശം മഴകാറ്റിനൊപ്പം വാനിലേക്കുയർന്നു പോയി. മഴ നാരുകൾ എന്നിലേക്ക് പെയ്തിറങ്ങി. നനഞ്ഞു കുതിർന്ന വസ്ത്രം ദേഹത്തേക്ക് ഒട്ടി നിന്നു. ഇപ്പോൾ മഴ എന്നെ വിടാതെ പിന്തുടരുന്നു.ഞാൻ ഇപ്പോൾ മഴ നനയുകയാണ്.

വീട്ടിലേക്കുള്ള വഴിയിലേക്ക് നടന്നു കയറിയപ്പോൾ മനസ്സിലോർത്തു...

"നനഞ്ഞു കുതിർന്ന തല തുവർത്തി തരാൻ ഒരു തോർത്തുമായി ഉമ്മ കാത്തിരിക്കുന്നുണ്ടാവും. മഴ നനഞ്ഞു വരുന്ന മകനെയും കാത്ത്...! "

10 comments:

 1. സ്നേഹത്തലോടലുകള്‍ ഉണ്ടെന്നറിയുമ്പോഴുണ്ടാകുന്ന മനസ്സിന്‍റെ നിര്‍വൃതി!ഇല്ലെങ്കിലോ?!
  നല്ല കഥ
  ആശംസകള്‍

  ReplyDelete
  Replies
  1. എന്നും ആ തണലുണ്ടാവട്ടെ...!
   വരവിനും വായനക്കും ഒരു പിടി സ്‌നേഹപ്പൂക്കള്‍

   Delete
 2. മനസ്സ് നനയും മുന്‍പേ പിന്‍വാങ്ങുന്ന വെളുത്ത മഴ നന്നായിട്ടുണ്ട്.
  നല്ല ശൈലി. തുടരുക.

  ReplyDelete
  Replies
  1. അതെ..!
   വരവിനും വായനക്കും ഒരു പിടി സ്‌നേഹപ്പൂക്കള്‍

   Delete
 3. മഴ നനഞ്ഞു പനിയൊന്നും പിടിച്ചില്ലല്ലോ.
  മഴയെക്കുറിച്ചുള്ള സുന്ദരമായ ഓർമ്മകൾ....... ഇഷ്ടമായി. ആശംസകൾ.

  ReplyDelete
  Replies
  1. മഴ എന്നും നമ്മുടെ കൂട്ടല്ലേ...
   വരവിനും വായനക്കും ഒരു പിടി സ്‌നേഹപ്പൂക്കള്‍

   Delete
 4. നനഞ്ഞു നോക്കി കൊള്ളാം

  ReplyDelete
  Replies
  1. ഇനിയും നനയാം..!
   വരവിനും വായനക്കും ഒരു പിടി സ്‌നേഹപ്പൂക്കള്‍

   Delete
 5. മഴ പോലെ തന്നെ ഈ കഥയും മനോഹരം

  ReplyDelete
 6. നനഞ്ഞു കുതിർന്ന തല തുവർത്തി തരാൻ ഒരു തോർത്തുമായി ഉമ്മ കാത്തിരിക്കുന്നുണ്ടാവും. മഴ നനഞ്ഞു വരുന്ന മകനെയും കാത്ത്...ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം .. നന്നായിരിക്കുന്നു

  ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?