Monday, February 8, 2016

മൂന്നാം കണ്ണ് The Third Eye

"മ്മേ..."

സാവിത്രിയുടെ ദയനീയമായ വിളി അമ്മയുടെ മുഖത്തെ നിസ്സഹായത ഒന്നുകൂടി വർധിപ്പിച്ചു.ഒരു മലവെള്ള പാച്ചിലിൽ താനിപ്പോൾ ഒളിച്ചുപോവുമെന്ന മട്ടിലായിരുന്നു സാവിത്രിയുടെ മുഖഭാവം. എന്നാൽ അമ്മ ഉണ്ടകണ്ണുകൾ ഒന്ന് കൂടി വലിപ്പമാക്കി തടുത്തു നിർത്തി.തന്നെയും മകളെയും മാത്രം വിഴുങ്ങാനടുക്കുന്ന പ്രളയമയാണ് അമ്മ അതിനെ കണ്ടത്. നഗരത്തിരക്കുകൾക്കിടയിൽ അമ്മയും മകളും തനിച്ചായത് പോലെ.ഒരു വലിയ പ്രളയം തടുത്തു നിർത്തിയ സാവിത്രിയുടെ കണ്ണുകൾ ഭാവപകർച്ചകളാൽ നീലിച്ചു. വിളറിയ മുഖം ആളൊഴിഞ്ഞ ഒരു പ്രേദേശത്തിന് വേണ്ടി കെഞ്ചി. അവളുടെ ചിന്തകൾ കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ മറവിലേക്ക് മെല്ലെ ചലിച്ചു.

നിലാവ് ഉറങ്ങി... നിലാനിഴലുകളും മങ്ങിയ രാത്രി.മരച്ചില്ലകളിൽ വീണമീട്ടിയെത്തിയ രാത്രി കാറ്റ് വീടിന് ചുറ്റും ഉലാത്തി നടക്കുന്നുണ്ട്. സാവിത്രി ജാലക വാതിലിൽ മൂളിപാട്ടും പാടി പ്രകൃതിയുടെ വിരിമാറിലേക്ക് കണ്ണയച്ചിരിക്കുകയായിരുന്നു.

"മോളെ...നീ ചെറിയ കുട്ടിയല്ല..."

അച്ഛൻ സ്വതസിദ്ധമായ ശബ്ദത്തിൽ ഉപദേശവുമായി മകളുടെ പിറകെ കൂടിയിരിക്കുകയാണ്.മകളാവട്ടെ അച്ഛന്റെ മുഖത്ത് നിഴലിക്കുന്ന ഭയം  ശ്രദ്ധിക്കുകയായിരുന്നു.

"മോളെ നമ്മൾ നിരീക്ഷണത്തിലാണ്...പ്രത്യേകിച്ചും പെൺകുട്ടികൾ. സമൂഹത്തിന്റെ ഒരുപാട് കണ്ണുകൾ നമ്മെ പിന്തുടരും.., പോരാത്തതിന് മൂന്നാം കണ്ണുമായിട്ടു ഒരു യന്ത്രപിശാചും..."

അന്ന് പക്ഷെ യന്ത്രപിശാച് എന്ന് പറഞ്ഞ മൂന്നാം കണ്ണനെ തിരിച്ചറിയാനായില്ല.പിന്നൊരിക്കൽ അമ്മയുടെ വാക്കുകളിൽ നിന്നാണ് ക്യാമറ എന്ന ഒളിക്യാമറയെ കുറിച്ച് സാവിത്രി അറിയുന്നത്.അന്ന് മുതലാണ് സാവിത്രി മൂന്നാം കണ്ണനെ തിരഞ്ഞു തുടങ്ങിയത്.ഭയത്തിന്റെ കനലുകൾ ഉള്ളിൽ ഒളിപ്പിച്ചാണ് സാവിത്രി ഇപ്പോൾ നടക്കാനിറങ്ങുന്നത്.

അന്ന് രാത്രി സാവിത്രി ജാലകവാതിൽ കൊട്ടിയടച്ചു.ശരീരമാകമാനം മൂടി പുതച്ചു കിടന്നു. ജാലക വാതിലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട ഒരു മൂന്നാം കണ്ണ് സാവിത്രിയുടെ ഉറക്കമപഹരിച്ചു. രാത്രിയിൽ ഉറങ്ങാറുള്ള വാഴയിലകൾ പരസ്പരം കലഹിച്ചു.കണ്ണടച്ച് കിടന്നുവെങ്കിലും  തന്നെ ഒപ്പിയെടുക്കുന്ന മൂന്നാം കണ്ണ് കണ്ട് നിലവിളിച്ചുണർന്നു. അച്ഛന്റെ വാക്കുകൾ ഇടയ്ക്കിടെ അവളുടെ ചെവിയിൽ പ്രകമ്പനം കൊള്ളിച്ചു...

"നിരീക്ഷണത്തിലാണ്... വിടാതെ പിന്തുടരുന്ന ഒരു മൂന്നാം കണ്ണുണ്ട്...!"

ഇന്ന് അമ്മയുടെ കൂടെ ഷോപ്പിങ്ങിനിറങ്ങി തിരിച്ചതാണ്. എത്ര വസ്ത്രം കണ്ടാലും പുതു മോഡൽ തേടിയിറങ്ങുന്ന തൃപ്തമാവാത്ത പെൺ മനസ്സുമായി നഗരത്തിലെ ഓരോ ഷോപ്പും കയറി ഇറങ്ങി. പെട്ടെന്നാണ് സാവിത്രിക്ക് മൂത്രശങ്ക കലാശലായത്. പൊതു ടോയ്‌ലറ്റിലേക്ക് അമ്മ ഉന്തി കയറ്റിയെങ്കിലും  സർക്കാർ ടോയ്‌ലറ്റിൻറെ പതിവ് ദുർഗന്ധത്തിൽ മൂക്ക് പൊത്തി ഇറങ്ങിയോടുകയായിരുന്നു. പിന്നെയാണ് പടുകൂറ്റൻ ഷോപ്പിങ് മാളിലെ കിടപ്പ് മുറിയെക്കാളും വൃത്തിയുള്ള ടോയ്‌ലറ്റിൽ കയറിയത്. അവിടെ പക്ഷെ അവൾ ഒരു മൂന്നാം കണ്ണനെ കണ്ടു....ട്യൂബ് ലൈറ്റുകൾക്കിടയിൽ..,തെളിനീരൊഴുകുന്ന പൈപ്പുകൾക്കിടയിൽ.., താക്കോൽ ദ്വാരത്തിൽ..., പിന്നെ ഇറങ്ങി ഓടുകയായിരുന്നു...അങ്ങനെയാണ് ബസ് കാത്ത് നിൽക്കുന്ന നഗരത്തിരക്കിൽ ഒറ്റപ്പെട്ടത്.


"മോളെ..."
അമ്മയുടെ വിളിയിൽ അത് വരെ തടുത്തു നിർത്തിയ പ്രളയം സാവിത്രിയുടെ പാവാട നനച്ചു. അതൊരു ദുർഗന്ധമായി ചുറ്റിലും പടർന്നു. ബസ് കാത്ത് നിന്നവർക്കിടയിൽ അവർ വൃത്തത്തിലെ സമദൂര ബിന്ദുവായി അവശേഷിച്ചു. അമ്മയും മകളും കണ്ണ് നനയിച്ചു.

അപ്പോൾ സാവിത്രി കണ്ടു...
ഒരു മൂന്നാം കണ്ണ് തന്നെ ഒപ്പിയെടുക്കുന്നു. നഗ്നമാക്കപ്പെട്ടവളെ പോലെ സാവിത്രി ലജ്ജ കൊണ്ട് ശരീരം അണച്ച് പിടിച്ചു.

"ഒരു പക്ഷെ... നാളെ 'വാട്ട്സപ്പിൽ' ഒരു 'വീഡിയോ' കൂടി 'വൈറൽ' ആവുമായിരിക്കും.പണി പറ്റിച്ച മകൾ...എന്ന അടിക്കുറിപ്പും  കുറിക്കുമായിരിക്കും...

പണ്ട് എലിശല്യം കലശലായ സമയത്ത് വാങ്ങിയ എലി വിഷം തട്ടിൻ പുറത്ത് സുരക്ഷിതമായി ഉണ്ട്..." സാവിത്രി കണക്ക് കൂട്ടി..!

അപ്പോഴേക്കും വീട്ടിലേക്കുള്ള അവസാന ബസ് സമയം തെറ്റി വന്ന് സഡൻ ബ്രേക്കിട്ടു...!


 • കാസർകോട് ജില്ല സ്കൂൾ  കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി തന്ന കഥ

10 comments:

 1. ജീവിതം ദുസ്സഹമാക്കുന്ന മൂന്നാം കണ്ണ്!!

  കഥ നന്നായി, പക്ഷെ എലിവിഷത്തിൽ അഭയം തേടാത്ത, പൊരുതിനിൽക്കുന്ന പെൺകുട്ടികളെയല്ലേ നമുക്ക് വേണ്ടത്!!

  ReplyDelete
 2. നല്ലൊരു കഥ. നല്ല ഒതുക്കത്തിൽ പറഞ്ഞു. മൂന്നാം കണ്ണ് എവിടെയും ഉണ്ടാകും ഒന്ന് പരിശോധിക്കുന്നത്‌ നല്ലത് തന്നെ. പക്ഷെ അതൊരു രോഗമായാൽ പിന്നെന്തു ചെയ്യാനാകും അല്ലെ

  ReplyDelete
  Replies
  1. സമ്മാനത്തിന് അഭിനന്ദനങ്ങൾ

   Delete
 3. ആദ്യമേ തന്നെ അഭിനന്ദനങ്ങൾ. മൂന്നാം കണ്ണിന്റെ കഥ ഇഷ്ടമായി.

  ReplyDelete
 4. അഭിനന്ദനങ്ങൾ

  ReplyDelete
 5. മൂന്നാം കണ്ണ് കാലോചിതം ...

  ReplyDelete
 6. ഓരോ പെൺകുട്ടിക്കും നിർബന്ധമായും ഇത്തരം മൂന്നാം കണ്ണുകളെ സംബന്ധിച്ച് ഒരു അവബോധം നല്കൽ അനിവാര്യമായിരിക്കുന്നു. നല്ല രചന ആശംസകൾ.

  ReplyDelete
 7. ഓരോ പെൺകുട്ടിക്കും നിർബന്ധമായും ഇത്തരം മൂന്നാം കണ്ണുകളെ സംബന്ധിച്ച് ഒരു അവബോധം നല്കൽ അനിവാര്യമായിരിക്കുന്നു. നല്ല രചന ആശംസകൾ.

  ReplyDelete
 8. ദുഷ്ചിന്ത പ്രാവര്‍ത്തികമാക്കരുതെന്ന് യാചന.
  പകരം ദുഷ്ടതകളെ നിഗ്രഹിക്കാനായി തൃക്കണ്ണ് നേടിയെടുക്കാനായി പ്രാര്‍ത്ഥന.
  മനസ്സില്‍ തട്ടുംവിധമുള്ള രചന.
  ആശംസകള്‍

  ReplyDelete
 9. അഭിനന്ദനങ്ങൾ....!!നല്ല ആശയം...നല്ല അവതരണം...!!!

  ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?