Sunday, July 31, 2016

വെളുത്ത മഴ


ഗരത്തിൻറെ ആളൊഴിഞ്ഞ കോണിൽ നിന്നും നടക്കാൻ തുടങ്ങിയതാണ്. ആകാശത്തിന്റെ നിറം മങ്ങി മങ്ങി വരുന്നു-തൂമാനം വെള്ള പുതച്ച വാനിൽ, കാർമേഘം ഉരുണ്ട് കൂടി. കടകൾ പകുതി ഷട്ടർ താഴ്ത്തി ആകാശത്തിന്റെ നിറമാറ്റത്തെ ഉറ്റു നോക്കി. പിന്നെ നോക്കി നിൽക്കാനൊന്നും സമയം കിട്ടിയില്ല. മഴ വന്നു എന്നെ ചുംബിച്ചു തുടങ്ങി. അടുത്തു കണ്ട കടയിലേക്ക് ഓടി കയറി. പകുതി താഴ്ത്തിയ ഷട്ടറിനു താഴെയായി നിൽപ്. കടക്കാരൻ പല്ലു കൊഴിഞ്ഞ മോണ കാട്ടി ചിരിച്ചു. കണ്ടിട്ട് വയസ്സ് തോന്നികുന്നില്ലെങ്കിലും മുൻവരിയിലെ നാലഞ്ചു പല്ല് കൊഴിഞ്ഞിട്ടുണ്ട്.

"ആരെങ്കിലും തല്ലി കൊഴിച്ചതാവും..." ന്ന് മനസ്സിലോർത്തു ചിരിച്ചു.

"താൻ എന്ത് പണിയാ കാണിച്ചേ.. ഈ മഴയത്ത് ആരെങ്കിലും കുടയെടുക്കാതെ വരോ...? "

ആകാശത്തിന്റെ നെറുകയിലേക്ക് നോക്കി മുൻപരിചയക്കാരനെപ്പോലെ അയാൾ പറഞ്ഞു.

അല്ലെങ്കിലും കുട എന്തിനാ..,മഴ നനയാൻ ഉള്ളതല്ലേ... വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ത്രീഫോൾഡ് കുട അലമാരയുടെ മുകളിൽ നിന്നും പരിഭവം അറിയിച്ചതാണ്.കാറൊഴിഞ്ഞ നീലാകാശം നോക്കി കുടയെടുക്കാതെ ഒരൊറ്റ നടത്തമായിരുന്നു. കയ്യിലുള്ള ഫോൺ നനയും, ഇല്ലെങ്കിൽ ഈ മഴയോടൊപ്പം നടക്കാമായിരുന്നു.

"ഈ മഴ തോരണ ലക്ഷണമില്ല..! ഇത് കറുത്ത മഴയാ..."

കട വരാന്തയുടെ അരിക് ചേർന്നിരുന്ന് ചെരുപ്പ് നന്നാക്കുന്നയാൾ ആകാശം നോക്കി ലക്ഷണം പറഞ്ഞു. അയാളുടെ കൺപീലിയൊഴികെയുള്ള മുടിയൊക്കെയും നരച്ച് അപ്പൂപ്പൻ താടി പോലെ തോന്നിച്ചു.കുടയുടെ ജനനത്തിന് മുമ്പുള്ള കുറെ മഴക്കാലം ആ വെളുത്ത മുടിയിഴകളിലൂടെ ഒലിച്ചിറങ്ങി. അയാൾ മഴയെക്കുറിച്ചു പറഞ്ഞു തുടങ്ങി.

"മഴ രണ്ടു തരം ഉണ്ട്...കറുത്ത മഴയും വെളുത്ത മഴയും, കറുത്ത മഴ അത്ര പെട്ടെന്നൊന്നും വിട്ടു തരില്ല. വെളുത്ത മഴ മനസ്സ് നനയും മുമ്പേ പിൻവാങ്ങും. കുട്ടിക്കാലത്തു...."

അയാൾ കഥ തുടരുകയാണ്.ഞാൻ ആകാശത്തേക്ക് മിഴികൾ ഓടിച്ചു, പിന്നെ പെയ്തിറങ്ങുന്ന മഴയിലേക്കും. അവിടെ നിറങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. വെള്ളത്തിൻറെ നിറം അതിനപ്പുറം കറുപ്പും വെളുപ്പും തെളിഞ്ഞു വന്നതേയില്ല.മഴ പെയ്യുകയാണ്, കറുത്ത മഴ.

റോഡിലൂടെ വാഹനങ്ങൾ അപ്പോഴും ഇടതടവില്ലാതെ ഓടി കൊണ്ടിരുന്നു.വഴിയാത്രക്കാരും മഴയെ ഗൗനിക്കുന്നില്ല. മഴയെ തോൽപ്പിക്കാൻ ചിലർ കറുത്ത കുടയുമയേന്തി  നടക്കുന്നു. ഒരൊറ്റ കുടയിൽ തോളോട് ചേർന്ന് ദമ്പതികൾ നടക്കുന്നത് കണ്ടപ്പോഴാണ് മഴയുടെ ക്യാൻവാസിൽ നിറങ്ങൾ വന്നു തുടങ്ങിയത്. ചിറകിനടിയിൽ കോഴികുഞ്ഞിനെ ഒളിപ്പിക്കുന്നത് പോലെ അയാൾ അവളെ തോളോട് ചേർത്ത് പിടിച്ചു നടക്കുന്നു. അയാളുടെ പകുതിയും നനഞ്ഞു കുതിർന്നിരുന്നു. എന്നിട്ടും അവളെ മഴ തൊട്ടിട്ടേയില്ല.അവർ മഴയായി നടന്ന് നീങ്ങി. രണ്ടു കൈയും തോളോട് ചേർന്ന് പിടിച്ച് കുടയില്ലാതെ മഴയെ പുണർന്ന് കൊണ്ടൊരാൾ അവരെ കടന്ന് പോയി.അവർ അറിഞ്ഞതേയില്ല.

"ഇവിടെ ഇരുന്നോ... മഴ ഒഴിയണ ലക്ഷണമൊന്നുമില്ല.."

കടക്കാരൻ ഒരു സ്ടൂൾ എടുത്ത് നീക്കിയിട്ടു. സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് എന്റെ കണ്ണുകൾ മഴ കാഴ്ചകളിലേക്ക് നീണ്ടു. മഴ കോട്ടില്ലാതെ നനഞ്ഞു കുതിർന്ന് ബൈക്കുകൾ റോഡിനെ ചുംബിച്ചു പാഞ്ഞു.ആകാശത്ത് മഴമേഘം തോറ്റു തരില്ലെന്ന വാശിയിൽ പെയ്തു കൊണ്ടിരുന്നു. മൊബൈൽ ഫോൺ പ്ലാസ്റ്റിക് കവറിലാക്കി ഞാൻ മഴയിലേക്കിറങ്ങി നടന്നു. കൈകൾ രണ്ടും മഴയിലേക്ക് നീട്ടിപ്പിടിച്ച്

"മോനെ...കറുത്ത മഴയാ... തല നനയാതെ നോക്കിക്കോ..."

കട വരാന്തയിൽ നിന്നും അപ്പൂപ്പൻ താടിയുടെ ഉപദേശം മഴകാറ്റിനൊപ്പം വാനിലേക്കുയർന്നു പോയി. മഴ നാരുകൾ എന്നിലേക്ക് പെയ്തിറങ്ങി. നനഞ്ഞു കുതിർന്ന വസ്ത്രം ദേഹത്തേക്ക് ഒട്ടി നിന്നു. ഇപ്പോൾ മഴ എന്നെ വിടാതെ പിന്തുടരുന്നു.ഞാൻ ഇപ്പോൾ മഴ നനയുകയാണ്.

വീട്ടിലേക്കുള്ള വഴിയിലേക്ക് നടന്നു കയറിയപ്പോൾ മനസ്സിലോർത്തു...

"നനഞ്ഞു കുതിർന്ന തല തുവർത്തി തരാൻ ഒരു തോർത്തുമായി ഉമ്മ കാത്തിരിക്കുന്നുണ്ടാവും. മഴ നനഞ്ഞു വരുന്ന മകനെയും കാത്ത്...! "

Monday, February 8, 2016

മൂന്നാം കണ്ണ് The Third Eye

"മ്മേ..."

സാവിത്രിയുടെ ദയനീയമായ വിളി അമ്മയുടെ മുഖത്തെ നിസ്സഹായത ഒന്നുകൂടി വർധിപ്പിച്ചു.ഒരു മലവെള്ള പാച്ചിലിൽ താനിപ്പോൾ ഒളിച്ചുപോവുമെന്ന മട്ടിലായിരുന്നു സാവിത്രിയുടെ മുഖഭാവം. എന്നാൽ അമ്മ ഉണ്ടകണ്ണുകൾ ഒന്ന് കൂടി വലിപ്പമാക്കി തടുത്തു നിർത്തി.തന്നെയും മകളെയും മാത്രം വിഴുങ്ങാനടുക്കുന്ന പ്രളയമയാണ് അമ്മ അതിനെ കണ്ടത്. നഗരത്തിരക്കുകൾക്കിടയിൽ അമ്മയും മകളും തനിച്ചായത് പോലെ.ഒരു വലിയ പ്രളയം തടുത്തു നിർത്തിയ സാവിത്രിയുടെ കണ്ണുകൾ ഭാവപകർച്ചകളാൽ നീലിച്ചു. വിളറിയ മുഖം ആളൊഴിഞ്ഞ ഒരു പ്രേദേശത്തിന് വേണ്ടി കെഞ്ചി. അവളുടെ ചിന്തകൾ കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ മറവിലേക്ക് മെല്ലെ ചലിച്ചു.

നിലാവ് ഉറങ്ങി... നിലാനിഴലുകളും മങ്ങിയ രാത്രി.മരച്ചില്ലകളിൽ വീണമീട്ടിയെത്തിയ രാത്രി കാറ്റ് വീടിന് ചുറ്റും ഉലാത്തി നടക്കുന്നുണ്ട്. സാവിത്രി ജാലക വാതിലിൽ മൂളിപാട്ടും പാടി പ്രകൃതിയുടെ വിരിമാറിലേക്ക് കണ്ണയച്ചിരിക്കുകയായിരുന്നു.

"മോളെ...നീ ചെറിയ കുട്ടിയല്ല..."

അച്ഛൻ സ്വതസിദ്ധമായ ശബ്ദത്തിൽ ഉപദേശവുമായി മകളുടെ പിറകെ കൂടിയിരിക്കുകയാണ്.മകളാവട്ടെ അച്ഛന്റെ മുഖത്ത് നിഴലിക്കുന്ന ഭയം  ശ്രദ്ധിക്കുകയായിരുന്നു.

"മോളെ നമ്മൾ നിരീക്ഷണത്തിലാണ്...പ്രത്യേകിച്ചും പെൺകുട്ടികൾ. സമൂഹത്തിന്റെ ഒരുപാട് കണ്ണുകൾ നമ്മെ പിന്തുടരും.., പോരാത്തതിന് മൂന്നാം കണ്ണുമായിട്ടു ഒരു യന്ത്രപിശാചും..."

അന്ന് പക്ഷെ യന്ത്രപിശാച് എന്ന് പറഞ്ഞ മൂന്നാം കണ്ണനെ തിരിച്ചറിയാനായില്ല.പിന്നൊരിക്കൽ അമ്മയുടെ വാക്കുകളിൽ നിന്നാണ് ക്യാമറ എന്ന ഒളിക്യാമറയെ കുറിച്ച് സാവിത്രി അറിയുന്നത്.അന്ന് മുതലാണ് സാവിത്രി മൂന്നാം കണ്ണനെ തിരഞ്ഞു തുടങ്ങിയത്.ഭയത്തിന്റെ കനലുകൾ ഉള്ളിൽ ഒളിപ്പിച്ചാണ് സാവിത്രി ഇപ്പോൾ നടക്കാനിറങ്ങുന്നത്.

അന്ന് രാത്രി സാവിത്രി ജാലകവാതിൽ കൊട്ടിയടച്ചു.ശരീരമാകമാനം മൂടി പുതച്ചു കിടന്നു. ജാലക വാതിലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട ഒരു മൂന്നാം കണ്ണ് സാവിത്രിയുടെ ഉറക്കമപഹരിച്ചു. രാത്രിയിൽ ഉറങ്ങാറുള്ള വാഴയിലകൾ പരസ്പരം കലഹിച്ചു.കണ്ണടച്ച് കിടന്നുവെങ്കിലും  തന്നെ ഒപ്പിയെടുക്കുന്ന മൂന്നാം കണ്ണ് കണ്ട് നിലവിളിച്ചുണർന്നു. അച്ഛന്റെ വാക്കുകൾ ഇടയ്ക്കിടെ അവളുടെ ചെവിയിൽ പ്രകമ്പനം കൊള്ളിച്ചു...

"നിരീക്ഷണത്തിലാണ്... വിടാതെ പിന്തുടരുന്ന ഒരു മൂന്നാം കണ്ണുണ്ട്...!"

ഇന്ന് അമ്മയുടെ കൂടെ ഷോപ്പിങ്ങിനിറങ്ങി തിരിച്ചതാണ്. എത്ര വസ്ത്രം കണ്ടാലും പുതു മോഡൽ തേടിയിറങ്ങുന്ന തൃപ്തമാവാത്ത പെൺ മനസ്സുമായി നഗരത്തിലെ ഓരോ ഷോപ്പും കയറി ഇറങ്ങി. പെട്ടെന്നാണ് സാവിത്രിക്ക് മൂത്രശങ്ക കലാശലായത്. പൊതു ടോയ്‌ലറ്റിലേക്ക് അമ്മ ഉന്തി കയറ്റിയെങ്കിലും  സർക്കാർ ടോയ്‌ലറ്റിൻറെ പതിവ് ദുർഗന്ധത്തിൽ മൂക്ക് പൊത്തി ഇറങ്ങിയോടുകയായിരുന്നു. പിന്നെയാണ് പടുകൂറ്റൻ ഷോപ്പിങ് മാളിലെ കിടപ്പ് മുറിയെക്കാളും വൃത്തിയുള്ള ടോയ്‌ലറ്റിൽ കയറിയത്. അവിടെ പക്ഷെ അവൾ ഒരു മൂന്നാം കണ്ണനെ കണ്ടു....ട്യൂബ് ലൈറ്റുകൾക്കിടയിൽ..,തെളിനീരൊഴുകുന്ന പൈപ്പുകൾക്കിടയിൽ.., താക്കോൽ ദ്വാരത്തിൽ..., പിന്നെ ഇറങ്ങി ഓടുകയായിരുന്നു...അങ്ങനെയാണ് ബസ് കാത്ത് നിൽക്കുന്ന നഗരത്തിരക്കിൽ ഒറ്റപ്പെട്ടത്.


"മോളെ..."
അമ്മയുടെ വിളിയിൽ അത് വരെ തടുത്തു നിർത്തിയ പ്രളയം സാവിത്രിയുടെ പാവാട നനച്ചു. അതൊരു ദുർഗന്ധമായി ചുറ്റിലും പടർന്നു. ബസ് കാത്ത് നിന്നവർക്കിടയിൽ അവർ വൃത്തത്തിലെ സമദൂര ബിന്ദുവായി അവശേഷിച്ചു. അമ്മയും മകളും കണ്ണ് നനയിച്ചു.

അപ്പോൾ സാവിത്രി കണ്ടു...
ഒരു മൂന്നാം കണ്ണ് തന്നെ ഒപ്പിയെടുക്കുന്നു. നഗ്നമാക്കപ്പെട്ടവളെ പോലെ സാവിത്രി ലജ്ജ കൊണ്ട് ശരീരം അണച്ച് പിടിച്ചു.

"ഒരു പക്ഷെ... നാളെ 'വാട്ട്സപ്പിൽ' ഒരു 'വീഡിയോ' കൂടി 'വൈറൽ' ആവുമായിരിക്കും.പണി പറ്റിച്ച മകൾ...എന്ന അടിക്കുറിപ്പും  കുറിക്കുമായിരിക്കും...

പണ്ട് എലിശല്യം കലശലായ സമയത്ത് വാങ്ങിയ എലി വിഷം തട്ടിൻ പുറത്ത് സുരക്ഷിതമായി ഉണ്ട്..." സാവിത്രി കണക്ക് കൂട്ടി..!

അപ്പോഴേക്കും വീട്ടിലേക്കുള്ള അവസാന ബസ് സമയം തെറ്റി വന്ന് സഡൻ ബ്രേക്കിട്ടു...!


  • കാസർകോട് ജില്ല സ്കൂൾ  കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി തന്ന കഥ

Sunday, September 27, 2015

സെൽഫി



------------
"തേന്നേ... നിങ്ങള് പറഞ്ഞാ വിശ്വസിക്കൂല..എന്തൊരു ഇടിയായിരുന്നോന്നാ !...ബസ്സീ ഞാനുണ്ടായിരുന്നു...ഇരുചക്രത്തില്‍ അവന്‍റെ വരവിന്‍റെ ധൃതി കണ്ടാലറിയായിരുന്നു ഭൂമിയോട് കലഹിച്ചു വരണ വരവാണെന്ന്..."



വാക്ചാതുര്യം കൊണ്ട് ഏത് കാഴ്ചയും തന്‍റെ വരുതിയില്‍ നിര്‍ത്തുന്ന കേശവന്‍ നായരുടെ ഇന്നത്തെ ഇര രാവിലെ നടന്ന വാഹനാപകടത്തില്‍ മരിച്ച ചെറുപ്പക്കാരനായിരുന്നു. ചായക്കടയിലെ മരബഞ്ചില്‍ ചുവരുകളുടെ മൂലയോട് പറ്റിയിരുന്ന് കേശവന്‍ നായര്‍ വാചാലനായി. കേള്‍വിക്കാരില്‍, എഴുപതുകളില്‍ എസ്.എസ്.എല്‍.സി. എഴുതി പൊരുതിത്തോറ്റ നാലു തല നരച്ചവര്‍ ഒഴികെയുള്ളവര്‍ ചായ കുടിച്ചെഴുന്നേറ്റു പോയി. അപ്പോഴും കേശവന്‍ നായരുടെ നാവ് ഭരണഘടനയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പിന്‍ബലത്തില്‍ ചലിച്ചുകൊണ്ടേയിരുന്നു.

മരണത്തിനു കാരണം ഇരുചക്ര ശകടം തന്നെയായിരുന്നു എന്നതായിരുന്നു കേശവന്‍ നായരുടെ വാദം. കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ പരിണമിച്ചതെന്ന പാഠ ഭാഗം പഠിപ്പിക്കുന്ന അദ്ധ്യാപകനെയെന്നപോലെ തോറ്റുപോയ നാല്‍വര്‍ കേട്ടിരുന്നു. അവര്‍ക്ക് പക്ഷെ പ്രത്യേക അഭിപ്രായങ്ങളോന്നുമുണ്ടായിരുന്നില്ല.



കേശവന്‍ നായരുടെ സംസാരം കേട്ടുകൊണ്ടാണ് നാട്ടിലെ ഫ്രീക്കന്‍മാരുടെ "ചങ്ക് ബ്രോ" എന്നറിയപ്പെടുന്ന "ചുക്കു ചുങ്ക്സ് പോപ്‌ " എന്ന ഷുക്കൂര്‍ ചായക്കടയിലേക്ക്‌ കയറി വന്നത്. കെട്ടിലും മട്ടിലും പേരിലുമെല്ലാം ലക്ഷണമൊത്ത ഫ്രീക്കനാണെങ്കിലും, ചുണ്ണാമ്പ് തടവാന്‍ വെറ്റിലയും ചെവിയില്‍ തിരുകാന്‍ വെറ്റില വള്ളിയും ഒരു വിരോധാഭാസം പോലെ ചുങ്ക്സിന്‍റെ കയ്യില്‍ എപ്പോഴുമുണ്ടാകും.

വെറ്റിലയില്‍ രണ്ടു വട്ടം തലോടിയതിനു ശേഷം ചുങ്ക്സ് കേശവന്‍ നായരോടെന്നപ്പോലെ പറഞ്ഞു തുടങ്ങി.

"ആ ബസ്‌ ഡ്രൈവറാണെല്ലാറ്റിനും കാരണം.., അവനെ ഞങ്ങളിന്ന് ബ്ലോക്കി, ആദ്യ പോക്ക്-ല്‍ തന്നെ അവന്‍റെ എല്ലൊടിഞ്ഞിട്ടുണ്ട്. പിന്നെ ഞങ്ങ ഫ്രീക്കേഴ്സ് ഒന്നു കമന്‍റടിച്ചപ്പോഴേക്കും അവനെ ഷയര്‍ ചെയ്യാന്‍ പോലും പറ്റാത്ത കോലത്തിലായി... അവനെ ഹോസ്പിറ്റലില്‍ പോസ്റ്റ്‌ ചെയ്തു വരുന്ന വഴിയാ...."

കേശവന്‍ നായരും സംഘവും മിഴിച്ചിരിക്കുകയായിരുന്നു. ന്യൂജന്‍ വാക്കുകള്‍ ശബ്ദതാരാവലിയില്‍ ഏതു ഭാഗത്തായിരിക്കും എന്ന ചിന്തയിലായിരുന്നു അവര്‍. ഡിക്ഷണറിയില്‍ നോക്കാമെന്ന തീരുമാനത്തോടെ കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാന്‍ അവരുടെ തലക്കനം സമ്മതിച്ചില്ല.



"അല്ലാ... മരിച്ചു പോയവനിക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തു...,അവന്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവനായിരുന്നല്ലോ... അല്ലിയോ...? "

കേശവന്‍ നായരുടെ ചോദ്യം കേട്ട് ഇതിലെന്ത് പുതുമ എന്ന നിലയില്‍ "ചങ്ക് ബ്രോ"  തലയുയര്‍ത്തി.
പിന്നെ മുഖത്തല്‍പ്പം വിഷാദം കലര്‍ത്തി ടച്ച്‌ സ്ക്രീന്‍ ഉയര്‍ത്തി കാണിച്ചു.



"അവന്‍ അവസാനമെടുത്ത സെല്‍ഫിയാ..., ഈ സെല്‍ഫി എടുക്കുമ്പോഴായിരുന്നു കാലമാടന്‍ ബസ്സവനെ സ്വര്‍ഗത്തിലേക്ക് ഷെയര്‍ ചെയ്തത്...ഞങ്ങ ഫ്രീകേര്‍സ്  അവന്‍റെ അവസാന സെല്‍ഫി പ്രൊഫൈല്‍ പിക്ചര്‍ ആക്കി...,  ഓരോ നോട്ടിഫിക്കേഷനും അവനവിടെയിരുന്ന് വായിക്കുന്നുണ്ടാവും..."



വാക്കുകള്‍ പെയ്തു തീര്‍ന്നതുപോലെ മൗനം തളം കെട്ടി നിന്ന ചായകടയില്‍ നിന്നിറങ്ങി പഞ്ചാരമണലിലൂടെ കേശവന്‍ നായര്‍ എന്തിനോ തിടുക്കത്തിൽ നടന്നു.

Tuesday, June 30, 2015

പോസ്റ്റുമാന്‍


"കഥയൊന്നു വായിക്കാന്‍ തരുമോ..?"

കലോത്സവ് മത്സര വേദിയില്‍ കഥയെഴുത്ത് കഴിഞ്ഞു സമയം കൊന്നിരിക്കുമ്പോഴാണ്‌ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ചോദ്യം. രണ്ടു മണിക്കൂര്‍ കഥാരചനക്ക് വേണോ എന്ന സംശയത്തില്‍ പേനയുടെ അടപ്പ് ഊരിയും ഇട്ടും കൊണ്ട് നിശബ്ദതക്ക് താളം മീട്ടികൊണ്ടിരുന്ന എനിക്ക് ചോദ്യം കേട്ടപ്പോള്‍ എന്നോട് തന്നെയാണോ എന്ന് സംശയമായിരുന്നു. ആ ഹാളില്‍ ഞാന്‍ ഒഴികെ ബാക്കിയെല്ലാവരും പെണ്‍കുട്ടികളായിരുന്നു. ഇപ്പോള്‍ എല്ലാം പെണ്ണെഴുത്തുകള്‍ അല്ലെ..? ആണ്‍കുട്ടികള്‍ ഒക്കെയും ഈ രംഗത്ത് നിന്നും സ്കൂട്ടാവാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.

"നിനക്ക് നാണം ഇല്ലോടാ കഥയെഴുതാന്‍...." എന്ന തരത്തില്‍ കട്ടികണ്ണടയുടെ ലെന്‍സ് താഴ്ത്തി ഇടയ്ക്കിടെ ചൂഴ്ന്നു നോക്കുന്ന ഫെമിനിസ്റ്റ് ടീച്ചര്‍ എന്നെ മാത്രം ഫോക്കസ് ചെയ്തിരിക്കുകയാണ്. അപ്പോഴാണ്‌ അടുത്തിരിക്കുന്നവളുടെ ശൃംഗാരം. ഈ കഥ വായിച്ചാല്‍ അവളെന്തു വിചാരിക്കും എന്ന സംശയത്തില്‍ മടിച്ചു മടിച്ചാണ് ഞാന്‍ എന്‍റെ കഥ അവള്‍ക്കു വായിക്കാന്‍ കൊടുത്തത്. അവളെഴുതിയ കഥ  "ഇതാണെന്‍റെ കഥ.." എന്നും പറഞ്ഞു അഭിമാനത്തോടെ തന്നപ്പോള്‍ ഒന്ന് വായിച്ചു നോക്കാം എന്ന് ഞാനും കരുതി. ഒന്നൂല്ലെങ്കിലും നാളത്തെ സാഹിത്യ തിലകം ഇവള്‍ അല്ലെന്ന് ആര് കണ്ടു..? പേര് ലുബാബ ഷെറിന്‍, കട്ടികണ്ണട വെച്ച ഒമ്പതാംക്ലാസ്സുക്കാരിക്ക് സാഹിത്യക്കാരിയുടെ ലുക്ക്‌ നന്നായി ചേരുന്നു.

അവളുടെ കഥയില്‍ ചിലയിടങ്ങളില്‍ അവ്യക്തത നിഴലിച്ചു കാണാം. വാക്കുകളില്‍ ചിലത് അക്ഷരം നഷ്ട്ടപ്പെട്ടു വികൃതമായിരിക്കുന്നു. ഇനി എത്ര കഥകള്‍ എഴുതാന്‍ ഉള്ളതാണ്.., ഇങ്ങനെ അക്ഷരം തെറ്റിക്കാമോ.., അവളോടിത് പറയണോ.., പറഞ്ഞാല്‍ അവള്‍ക്കു വിഷമം ആവുമോ.., അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കണോ..? ഇനി പറഞ്ഞില്ലെങ്കില്‍ അവള്‍ വിചാരിക്കും ഞാന്‍ മനപ്പൂര്‍വം തെറ്റ് തിരുത്താത്തത് എന്ന്... ഏതായാലും നല്ല ഭാവനയാണ്,നല്ലൊരു ഭാവിയും ഉണ്ട്. കഥ ഒരിക്കല്‍ കൂടി വായിച്ച് പ്രധാനപ്പെട്ടത് മാത്രം നോട്ട് ചെയ്തു.

"നല്ല കഥ..വ്യത്യസ്തമായ ശൈലി..ഈ പ്രതീകം കഥയ്ക്ക് നല്ല മികവ് നല്‍കുന്നു.ഇത് ഇവിടെ തന്നെയാണ് വേണ്ടത്.ഇത് തെറ്റാണ്..ഇതാണ് ശരി..ഇനിയുള്ള കഥകളില്‍ ശ്രദ്ധിച്ചാല്‍ മതി..ആനുകാലികങ്ങളില്‍ ഒക്കെ അയക്കാറുണ്ടോ..?പ്രസിദ്ധീകരണ യോഗ്യമായ കഥയാണ്..ഒന്ന് അയച്ചു നോക്കു.."

നല്ലത് മാത്രം ചികഞ്ഞെടുത്ത് അഭിനന്ദിച്ചു.അക്ഷരത്തെറ്റ് ചൂണ്ടികാണിച്ചതൊഴിച്ചാല്‍ അവള്‍ക്കു പരമ സന്തോഷം.

"ഡാ താന്‍ ഫസ്റ്റ് അടിച്ചെടുക്കുമല്ലോ...? എന്‍റെ കഥയൊന്നും ഒന്നുമല്ല. നീ ആനുകാലികങ്ങളില്‍ ഒക്കെ അയക്കാറുണ്ടോ..?"
ഞാന്‍ എടുത്ത അടവ് തന്നെ അവളും പരീക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതി. എന്നാല്‍ തെറ്റൊന്നും ചൂണ്ടി കാണിച്ചതുമില്ല.

"ആനുകാലികങ്ങളില്‍ ഒന്നും അയക്കാറില്ല..അയച്ചു കാത്തിരിക്കാന്‍ എനിക്ക് വയ്യ.."

അല്‍പം വിഷമത്തോടെയാണെങ്കിലും ഞാന്‍ സത്യം തുറന്നു പറഞ്ഞു.

"എന്നിട്ടാണോ എന്നോട് അയച്ച് കൊടുക്കാന്‍ പറഞ്ഞത് കള്ളാ.."

ചിരകാല പരിചിതയെപ്പോലെ അവള്‍ കള്ളനെന്ന് വിളിച്ചപ്പോള്‍ എനിക്കും ചിരി അടക്കാനായില്ല.ഒപ്പം ആ നിഷ്കളങ്ക മനസ്സ് വായിക്കാതെയിരിക്കാനുമായില്ല.
സമയം കഴിഞ്ഞിരിക്കുന്നു എന്നറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ ഒന്നരപേജ് കഥ പിന്‍ ചെയ്ത് വെച്ചു.

തൊട്ടുമുന്നിലിരുന്ന നീണ്ടമുടിക്കാരി പെണ്‍കുട്ടി എട്ട് താളുകള്‍ പിന്‍ ചെയ്ത് കൊടുത്തപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചതാണ് ഒന്നാംസ്ഥാനം പോയി എന്ന്. പിറകിലിരുന്ന ഉണ്ടാക്കണ്ണിയും ഏഴ് പേജ് തികച്ചിട്ടുണ്ട്. നാല് പേജില്‍ കുറയാത്ത കഥകളാണ് പതിനൊന്ന് പെണ്‍കുട്ടികളും എഴുതി തീര്‍ത്തിരിക്കുന്നത്.

ഫെമിനിസ്റ്റ് ടീച്ചര്‍ എന്‍റെ ഒന്നരപേജ് കഥ കൈകൊണ്ട് ഒന്ന് തൂക്കിനോക്കി. പിന്നെ ഒരു കൊട്ട പുച്ഛം വാരി വിതറി ആ കഥയും പതിനൊന്നില്‍ ഒന്നായി മടക്കി കെട്ടി.
പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചപ്പോള്‍ വല്ലാത്തൊരു സന്തോഷം. രണ്ട് മണിക്കൂര്‍ നാലു ചുവരുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പ്മുട്ടിയത് ഇതിനു വേണ്ടിയായിരിക്കണം. ഇല്ലെങ്കില്‍ പതിവായി കിട്ടുന്ന ഈ വായുവിനെ ആര് ശ്രദ്ധിക്കാന്‍. പുറത്തിറങ്ങിയപ്പോഴേക്കും കണ്ണടക്കാരി പെണ്‍കുട്ടിയെ ഞാന്‍ മറന്നിരുന്നു. പുതിയ കഥക്ക് വല്ല സ്കോപും ഉണ്ടോ എന്നറിയാന്‍ രണ്ട് വട്ടം സ്കൂള്‍ ചുറ്റികറങ്ങി. പിന്നെ സ്കൂളിനു പിന്നില്‍ ആളനക്കമില്ലാത്ത മരച്ചോട്ടില്‍ ഇരുന്ന് പുതുതായി വാങ്ങിയ പി.കെ.പാറകടവിന്‍റെ പുസ്തകത്തിലൂടെ കണ്ണോടിച്ചു. രണ്ടോമൂന്നോ വരികളില്‍ വലിയൊരു നോവല്‍ തന്നെ ചുരുക്കി കെട്ടിയ ആ പ്രതിഭാശാലിക്ക് മനസ്സ് കൊണ്ട് എന്‍റെ കഥ സമര്‍പ്പിച്ചു.

ടൌണിലേക്കുള്ള ബസ്‌ കാത്തിരിക്കുമ്പോഴാണ് പിന്നെ അവളെ കാണുന്നത്.

"ഡോ..നിനക്ക് ഫസ്റ്റ് ആണ് വിത്ത്‌ എ ഗ്രേഡ്..ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ താന്‍ ഫസ്റ്റ് അടിക്കുമെന്ന്..അഭിനന്ദനങ്ങള്‍..."

എന്നെ കണ്ടപ്പോഴേക്കും അവള്‍ ഉച്ചത്തില്‍ പറഞ്ഞു.കഥയുടെ കാര്യം ഞാന്‍ മറന്നിരുന്നു.

"ഞാന്‍ രണ്ടാംസ്ഥാനം പോലും പ്രതീക്ഷിച്ചതല്ല..."

അവള്‍ എന്‍റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതല്ലാതെ അവളുടെ കാര്യം പറഞ്ഞതേയില്ല.

"അപ്പൊ തനിക്കോ...?"

"എനിക്കു തേര്‍ഡ് വിത്ത്‌ ബി ഗ്രേഡ്..ജില്ലയില്‍ തേര്‍ഡ് കിട്ടുന്നത് തന്നെ ഭാഗ്യാടോ..."

അവളുടെ നിറഞ്ഞ മനസ്സ് കണ്ടപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു എനിക്ക് കിട്ടിയ ഒന്നാംസ്ഥാനം ഒന്നുമല്ലെന്ന്.

"ഇനിയപ്പോഴാടോ ഒന്ന് കാണുക...?"
അവളുടെ ചോദ്യത്തിനു തന്നെ ഒരു പ്രത്യേക താളം.

"ഇതുപോലെ എവിടെയെങ്കിലും വെച്ച് കാണുമായിരിക്കും.."

പ്രതീക്ഷയോടെ ഞാന്‍ പറഞ്ഞു. അങ്ങനെയൊരു പ്രതീക്ഷ ഇല്ലാത്തത് കൊണ്ടായിരിക്കണം അവള്‍ എന്നോട് വിലാസം ചോദിച്ച് വാങ്ങിയത്. എന്‍റെ പോസ്റ്റ്‌ അഡ്രസ്സ് കുറിച്ചെടുത്തുകൊണ്ട് അവള്‍ പറഞ്ഞു.

"ഞാന്‍ എഴുതും..അക്ഷരത്തെറ്റുകള്‍ മറുപടി കത്തില്‍ എഴുതണം.."

ഇന്നാരെങ്കിലും കത്തെഴുതുമോ എന്ന് ചോദിക്കാന്‍ നിനച്ചതാണെങ്കിലും മനസൊട്ടും സമ്മതിച്ചില്ല. നിഷ്കളങ്ക മനസ്സിനെ നോവിക്കാന്‍ എനിക്ക്  കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. കത്തെഴുത്ത് തന്നെയാണ് നല്ലത്. പുതുമകളെ പുല്‍കുമ്പോഴും പഴമയുടെ തനിമയെ നെഞ്ചേറ്റാന്‍ ചിലരെങ്കിലും വേണ്ടേ..?

വാചാലതകള്‍ നാട് കടത്തപ്പെട്ട നിമിഷത്തില്‍ അവള്‍ ബസ്‌ കയറി കൈവീശി. കൗതുകം വിട്ടുമാറാതെ ഞാന്‍ അപ്പോഴും ബസ്‌ വെയിറ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്നു.

നാഗരികതയുടെ പ്രൌഢികളില്ലാതെ ഇടവഴിയും കടന്ന് തിരുത്താനായി മാത്രം തെറ്റിച്ചെഴുതിയ കത്തുമായി പോസ്റ്റുമാന്‍ വരുമായിരിക്കും. ഒന്നരപേജ് സാഹിത്യം കൊണ്ട് ഒന്നാംസ്ഥാനം കട്ടെടുത്തവന്‍ ഇനി സ്വപ്നങ്ങള്‍ മെനയട്ടെ...

Monday, June 29, 2015

പരിണാമം

Image Credit:Google

തിരാവിലെ നടക്കാനിറങ്ങിയ അച്ഛനെ അന്വേഷിച്ചു ഇറങ്ങിയതാണ് മകൾ. അപരിചിതന്റെ നമ്പർ കണ്ടിട്ടെന്നപ്പോലെ പെട്ടെന്ന് ഫോണ്‍ കുരച്ചു, തെരുവ് നായ സംരക്ഷണ സമിതി അംഗമായതിൽ പിന്നെ ഫോണ്‍ റിംഗ്ടോണ്‍ നായ കുരയ്ക്കുന്നതാണ്.

"തെരുവ് നായ കടിയേറ്റ് അച്ഛൻ ഹോസ്പിറ്റലിൽ ആണ്... അച്ഛന്റെ ഫോണിൽ നിന്നാണ് മോളുടെ നമ്പർ...."

അയാൾ പറഞ്ഞ് തീരും മുൻപേ അവൾ ഒരു നടുക്കത്തോടെ ചോദ്യമെറിഞ്ഞു..

"അല്ല... നായക്കെന്തെങ്കിലും പറ്റിയിട്ടുണ്ടോ...? നായയെ ആരും ഉപദ്രവിച്ചില്ലല്ലോ..? നായ സുരക്ഷിതമല്ലേ...? "

പിന്നെ അയാൾ മറുവശത്ത്‌ നിന്നും കേട്ടതൊക്കെയും തെരുവിൽ ഓടുന്ന വണ്ടിക്ക് വട്ടം ചുറ്റി കുരയ്ക്കുന്ന നായയുടെ സ്വരം ആയിരുന്നു. ഐ സി യുവിൽ കിടക്കുന്ന അവൾക്ക് ജന്മം നൽകിയ പിതാവിൻറെ മുഖം നായയായി പരിണമിക്കുന്നത് അയാൾ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.

Monday, June 1, 2015

ചില്ലുകൂട്ടിലേക്ക്...


മുത്തശ്ശിമാവിനിനി
മൗനത്തെ പുണരാം.
ശിഖരത്തിലെ ഊഞ്ഞാല്‍
കെട്ടഴിഞ്ഞു വീണിരിക്കുന്നു.

രം ചുറ്റി നിന്ന
ഉത്സവ കളിക്കാര്‍ക്കിന്ന്‍
കൊടിയിറക്കം.
മണ്ണപ്പം ചുട്ടുവിരുന്നൊരുക്കിയ
വേനല്‍ പറവകള്‍
കൂടുവിട്ട് പറക്കുന്നു.

നിയും മാനം കനിയാത്ത
മഴ പ്രതീക്ഷിച്ച്
പുത്തന്‍കുടയും ബാഗുമേന്തി
അക്ഷരകളരിയിലേക്ക് മടക്കം.
തൊടിയിലെ
പൂവിനോടും പൂമ്പാറ്റയോടും
കളി പറഞ്ഞവര്‍ക്കിനി
അക്ഷരങ്ങളോടേറ്റു മുട്ടാം.

ശ്വാസംമുട്ടി ബസ്സിറങ്ങുമ്പോള്‍
കഴുത്തിലെ ടൈയൊന്ന് മിനുക്കണം.
ആദ്യബെല്ലിനു മുമ്പ് ശ്വാസമൊന്നയക്കണം.
തോളിലെ പുസ്തകഭാരമിറക്കി
നാലു ചുവരുകള്‍ക്കുള്ളില്‍
ഇമകളടയ്ക്കാതെയിരിക്കണം.

തിവായിട്ടെന്നപ്പോലെ
പുതിയ ക്ലാസ്സ് ചുമരിലും
ചില്ലുകൂട്ടില്‍ ഫ്രെയിം ചെയ്തു വെച്ച
ഗാന്ധിയെ കാണാം.

Thursday, May 28, 2015

ജയില്‍പുള്ളി

 
__________
ത്തു മാസം 
ഉറക്കി കിടത്തിയ 
മാതൃ ഉദരത്തിലൊരു
ചവിട്ടായിരുന്നു തുടക്കം.

പൊക്കിള്‍ കൊടിയില്‍
ചങ്ങലകിട്ട പക
ആദ്യകരച്ചിലില്‍ തീര്‍ത്തു.

തൊട്ടിലില്‍ കിടന്നു
മടുത്ത പകലുകളില്‍
തുറിച്ചുനോട്ടങ്ങള്‍ പതിവായി

മുട്ടിലിഴഞ്ഞു തുടങ്ങവേ 
വീട്ടുച്ചുമരുകളില്‍
തലതല്ലി കരഞ്ഞു.

ടഞ്ഞവാതിലുകള്‍ക്കപ്പുറത്ത്
അയല്‍ക്കൂട്ടത്തിന്‍റെ കളിയാരവങ്ങള്‍
തലപുകയ്ക്കുന്ന
വീഡിയോനാദങ്ങളിലലിഞ്ഞു ചേര്‍ന്നു.

ടുവില്‍ 
ഇരുകാലില്‍ നടന്നു 
തുടങ്ങുമ്പോഴേക്കും 
വീട്ടുമുറ്റത്തെ വന്മതില്‍ 
തുറിച്ചു നോക്കുന്നു.

Saturday, April 25, 2015

വിദ്യാഭ്യാസ മന്ത്രിക്കൊരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്,

          വിശേഷങ്ങള്‍ ഒന്നും അത്ര നല്ലതല്ലെന്നറിയാം. ഇവിടെ എ പ്ലസുകള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നുണ്ടെന്നു കേട്ടു. പേടിക്കണ്ട.., ഞാന്‍ എ പ്ലസുകള്‍ വാങ്ങാന്‍ വന്നതൊന്നുമല്ല. ഒരു പരിഭവം പറയാനുണ്ടായിരുന്നു. മറ്റൊന്നുമല്ല, ഇങ്ങനെ സൗജന്യമായി എ പ്ലസുകള്‍ കൊടുക്കുന്ന കാര്യം കുറച്ചു മുന്‍പേ അറിയിക്കാമായിരുന്നു.., ഉറക്കമൊഴിച്ചിരുന്ന് പുസ്തകങ്ങളായ പുസ്തകങ്ങള്‍ തപ്പിപ്പിടിച്ചു വായിക്കലും, പഠിക്കലും പരീക്ഷ സമയത്തിനു മുന്‍പ് ഇല്ലാത്ത ബസ്‌ കയറി ഓടികിതയ്ക്കലും ഒഴിവാക്കാമായിരുന്നു. ഒന്നൂല്ലെങ്കിലും ഞങ്ങളുടെ വഴികളെ സുഗമമാക്കാന്‍ കണ്ണിലെണ്ണയൊഴിച്ചു പഠിപ്പിച്ച ഞങ്ങളുടെ അദ്ധ്യാപകര്‍ക്കെങ്കിലും ഒന്ന് വിശ്രമിക്കാനുള്ള അവസരം കിട്ടുമായിരുന്നു. (അവരുടെ കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ ഉപാധികളില്ലാത്ത സ്നേഹത്തിനു മുന്നില്‍ കൂപ്പുകൈ..ഗുരുക്കന്മാരെ നിങ്ങള്‍ വിജയിച്ചിരിക്കുന്നു...)


ആരോട് പറയാന്‍...? മന്ത്രി സാറിനറിയുമോ...? ഞങ്ങള്‍ക്ക് കിട്ടിയ എ പ്ലസുകളുടെ കണക്ക് പറയാന്‍ ഞങ്ങള്‍ക്ക് പേടിയാവുന്നു. മറ്റൊന്നുമല്ല.., മഴ വന്നപ്പോള്‍ സ്കൂള്‍ വരാന്തയില്‍ കയറിയ ഗോപാലേട്ടന്‍റെ പശുക്കള്‍ക്കും എ പ്ലസ് കിട്ടിയെന്നാണ് കേട്ടത്. (പരീക്ഷ ചൂടില്‍ പൊള്ളിയ മാര്‍ച്ചില്‍ മഴയുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.)


I AM PASSED AWAY എന്ന് തുടങ്ങുന്ന പരിഹാസച്ചിരി ഇന്നത്തെ പുതിയ കോമഡിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുന്നുണ്ട്. പരീക്ഷ പേപ്പറില്‍ നിലാവ് കണ്ടപ്പോള്‍ പിറന്നാള്‍ ഉറപ്പിച്ച സോഷ്യല്‍ മീഡിയ പടക്കം പൊട്ടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ചിലതായി. ആ പടക്കങ്ങള്‍ പൊട്ടുന്നത് ഞങ്ങളുടെ നെഞ്ചിലാണെന്ന കാര്യം സാററിയണം.

രാത്രി ഉറക്കം കളഞ്ഞ് പഠിച്ചും, ഉച്ചക്ക് ഊണ് കളഞ്ഞ് പരീക്ഷ എഴുതിയും റിസള്‍ട്ടിനായി ഞങ്ങള്‍ കാത്തിരുന്നു എന്നത് ശരി തന്നെയാണ്. എന്ന് വെച്ച് ഇത്രയും തിടുക്കം വേണ്ടിയിരുന്നില്ല. ഒടുക്കം എന്തായി എന്ന് സാറിനറിയുമല്ലോ...?


ഈ വര്‍ഷം പരീക്ഷ എഴുതിയ ഞാനും എന്‍റെ കൂട്ടുക്കാരും വലിയ സങ്കടത്തിലാണ്. പരീക്ഷ എന്തായി എന്ന് ചോദിക്കുന്നവരോട് ജയിച്ചു നല്ല മാര്‍ക്ക് ആണെന്ന് പറയാന്‍ തോറ്റവനെക്കാളും വിഷമിക്കേണ്ടി വരുന്നു. ഒന്നുല്ലെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കുമില്ലേ ചില മാനുഷിക പരിഗണനകള്‍..?

കത്ത് ചുരുക്കുകയാണ്..,ഇതിലും നന്നായിട്ട് എഴുതാൻ അറിയാഞ്ഞിട്ടല്ല, പേരെഴുതാൻ അറിയാത്തവർ പത്താം ക്ലാസിൽ ഉണ്ടെന്ന കാര്യം സമൂഹം മറന്നു തുടങ്ങിയാലോ എന്ന പേടി., അതിൽ ഞങ്ങളെ കുട്ടികളെയോ അദ്ധ്യാപകരെയോ കുറ്റം പറയരുത്.എട്ടാം ക്ലാസ്സ് വരെ പരീക്ഷ എഴുതാത്തവനെയും ജയിപ്പിക്കുമെന്ന കാര്യം ഇന്നത്തെ ഒന്നാം ക്ലാസ്സുക്കാരനു പോലും അറിയാം..,പിന്നെന്തിനു പഠിക്കണം..?

 അര്‍ഹതപ്പെട്ടത് മാത്രമാണ് ഞങ്ങളും ചോദിക്കുന്നത്.അനര്‍ഹമായ ഒന്നും ഞങ്ങള്‍ക്ക് വേണ്ട.

തന്ന മാര്‍ക്ക് തിരിച്ചു വാങ്ങിയാലും കൊടുത്ത ലഡു തിരിച്ചു വാങ്ങില്ലെന്നുറപ്പ് തരുന്നു.

എന്ന്
പത്താംക്ലാസുക്കാരന്‍



  • ഇതൊരു വിമർശന പോസ്റ്റ്‌ അല്ല.സോഷ്യൽ മീഡിയയും പൊതുസമൂഹവും കുട്ടികളുടെ വിജയത്തെ പരിഹസിക്കുമ്പോൾ നോവുന്നത് കഷ്ടപ്പെട്ട് പഠിച്ച കുട്ടികള്ക്കും പഠിപ്പിച്ച അദ്ധ്യാപകർക്കുമാണ് എന്ന കാര്യം ശ്രദ്ധയിൽ പെടുത്താൻ വേണ്ടി മാത്രമാണ്.

Saturday, April 11, 2015

ഇനിയൊരിക്കൽ കൂടി..,

           എട്ടും പൊട്ടും തിരിയാത്ത എട്ടാം ക്ലാസ്സുക്കാരനായിട്ടായിരുന്നു ഞാന്‍ എന്‍.എച്ച്.എസ്.എസിന്‍റെ വഴിത്താരയില്‍ ആദ്യമായി നടന്നു തുടങ്ങിയത്.മൂന്ന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ജൂണിന്‍റെ ഈറനണിഞ്ഞ പുലരിയില്‍ ടാറിട്ട ഇടവഴിയിലൂടെ നടക്കുമ്പോള്‍ പ്രതീക്ഷകള്‍ അനേകമായിരുന്നു.

                   ഏഴുവര്‍ഷം പഠിച്ച മാതൃസ്കൂളിന്‍റെ പടിയിറങ്ങി നടക്കുമ്പോള്‍ നഷ്ട്ടമായത് സ്നേഹിച്ചും,ലാളിച്ചും തലോടിയും അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെയായിരുന്നു, ഒപ്പം അന്നോളം സ്വരുകൂട്ടിപ്പോന്ന എന്‍റെ കൂട്ടാളികളെയും. മനസ്സില്‍ വിതുമ്പലുകള്‍ ബാക്കിയായപ്പോള്‍ ലക്ഷ്യം പലതും മറക്കാന്‍ പഠിപ്പിച്ചു.ഏഴുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത അറിവിനേക്കാളധികം ഇനിയുള്ള മൂന്നു വര്‍ഷം കൊണ്ട് നേടിയെടുക്കാനുണ്ടെന്ന കാര്യം പ്രതീക്ഷകളുടെ മറ്റൊരു കവാടം എനിക്കു മുന്നില്‍ തുറന്നു.

                കഥകളിലെന്നപ്പോലെ കുടയെടുക്കാതെ മഴ നനയാന്‍ കൊതിക്കുന്ന ബാല്യത്തിന്‍റെ ചിറകൊതുക്കി നടക്കുമ്പോള്‍ കൈകളിലും മുഖത്തും ഉമ്മ വെച്ച മഴതുള്ളികളാല്‍ മനം കുളിര്‍ത്തിരുന്നു.ചൂരല്‍ വടിയുമായി കാത്തുനില്‍ക്കുന്ന ഒരുപറ്റം അദ്ധ്യാപകരേയും പ്രതീക്ഷിച്ച് സ്കൂള്‍മുറ്റം ചവിട്ടുമ്പോള്‍ മനം പിന്നെയും തുടികൊട്ടി കലിത്തുള്ളി.ഹൃദയമിടിപ്പിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍ ജീവിതത്തില്‍ കേട്ടുമറന്ന ഒരായിരം കെട്ടുകഥകളില്‍ ഒന്നുമാത്രമായി ചൂരല്‍ വടിയും ചോരകണ്ണും ഒതുങ്ങിനിന്നു.

                 അറിവിന്‍റെയും ജീവിതപാഠങ്ങളുടെയും വിസ്മരിക്കാനാകാത്ത മറ്റൊരു ജാലകമായിരുന്നു എനിക്കവിടെ തുറന്നു കിട്ടിയത്.ഓരോ അദ്ധ്യാപകരും പാഠപുസ്തകങ്ങള്‍ക്കപ്പുറം ഹൃദയബന്ധം കൊണ്ട് ഞങ്ങളെ കൂടുതല്‍ അടുത്തു.ഒരായിരം അപരിചിത മുഖങ്ങള്‍ പുതുകൂട്ടുത്തേടി മുന്നില്‍ വന്നു നിന്നപ്പോള്‍ എന്‍.എച്ച്.എസ്.എസ്. മറ്റൊരു പൂന്തോപ്പായി.ഒരിക്കലും വിട്ടുപ്പോവാന്‍ കഴിയാത്ത ആത്മബന്ധം വളര്‍ന്നപ്പോള്‍  ആ പൂങ്കാവനത്തില്‍ തേനൂറും ശലഭങ്ങള്‍ ചിറകു വിടര്‍ത്തി.പക്ഷെ..,കാലത്തിന്‍റെ കുസൃതികള്‍ക്ക് മറ്റൊരു വിടപറയലിനു വേദിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

ഓര്‍ക്കാന്‍..,ഓര്‍മിക്കാന്‍..,ഓര്‍ത്തിരിക്കാന്‍ നീറുന്ന നെഞ്ചുമായി എന്‍.എച്ച്.എസ്.എസ്സിന്‍റെ മാറില്‍ ഓട്ടോഗ്രാഫ് പകര്‍ത്തിയപ്പോള്‍ അറിയാതെയാണെങ്കിലും ഒരു കുടം കണ്ണീര് കൊണ്ട് ആ പൂന്തോപ്പ്‌ നനഞ്ഞു കുതിര്‍ന്നു.മാര്‍ച്ചിന്‍റെ വിരഹദു:ഖത്തിന് സംഗീതം പകര്‍ന്നു കൊണ്ട് ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ "ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു..." എന്ന ഭാവത്തില്‍ എന്‍.എച്ച്.എസ്.എസ്.മൗനിയായി.നാളെയുടെ കൂട്ടുക്കാര്‍ക്ക്‌ വേണ്ടി,നവാഗതരെയും കാത്ത് എന്‍.എച്ച്.എസ്.എസ്.ചിരിതൂകുകയാണ്. ഒരു പക്ഷെ എന്നെപ്പോലെയുള്ള ഒരായിരം കുസൃതിപൂക്കള്‍ അവിടെയുണ്ടായിരുന്നുവെന്നു കാലം പറഞ്ഞേക്കാം..,വെറുമൊരു നേരംപോക്കായി ആ തമാശ കേട്ടു സ്കൂള്‍ മുറ്റം മന്ദഹസിക്കുമോ എന്തോ...?

Sunday, January 11, 2015

പൊരുളറിയാതെ.



ചെമ്മണ്‍പാതയിലെ
അവസാന ബസ്സിനായി
മിഴി നട്ടിരിക്കുന്നു ഞാന്‍.

ന്ധ്യയുടെ മാറില്‍
ഇരുളിന്‍ ചായം പടര്‍ന്നു തുടങ്ങുമ്പോള്‍
ചുംബന സമരം കണ്ടിട്ടെന്നപ്പോല്‍,
സൂര്യ വദനം ചുവന്നു തുടുത്തിരിക്കുന്നു.
ചുരം കയറിയ ലോറിയില്‍
സംസ്കാരവും വണ്ടിയേറിയോ ..?
ചിന്തകള്‍ നാടേറി നടുവൊടിഞ്ഞു
നഗരം പുല്‍കുമ്പോള്‍
സദാചാരം കരിഞ്ഞു മണക്കുന്നു.

പുഴയുടെ അരികുപറ്റി
ചെമ്മണ്‍പാത നീണ്ടുനിവര്‍ന്നിരിക്കുന്നു.
ടാറിട്ട നാലുവരിപ്പാതയ്ക്കായി
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
ഋതുമതിയാവാത്ത
മുല്ലമൊട്ടിന്‍റെ നാണത്തോടെ.

പ്രകൃതിസ്നേഹികള്‍
മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.

നാലുവരിക്ക് വേണ്ടി
ജനം ദാഹിച്ചു തുടങ്ങിയിരിക്കുന്നു.
നാഗരികതയെ പുല്‍കാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നു.
കാലുകള്‍ ചലനമറ്റു തുടങ്ങുമ്പോള്‍
ചക്രങ്ങള്‍ റോഡിലുരസണം,
ജീവിതത്തിന്‍റെ പല്‍ചക്രങ്ങള്‍
മെട്രോസിറ്റി കണികണ്ടുണരണം.

പുഴയുടെ ഓളങ്ങളെ പുല്‍കുന്ന
കാറ്റും മൗനിയാണ്.
യന്ത്രചക്രങ്ങളുടെ ഇരമ്പല്‍
കേട്ടു തുടങ്ങിയപ്പോല്‍

മൃത്യു കാത്തിരിക്കുന്ന പുഴയുടെ
പൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്‍മീനുകള്‍

ചിന്തകള്‍ കൂട്ടി കെട്ടി
ബാഗും തൂക്കി നടക്കുമ്പോള്‍
അവസാന ബസ്സും നിര്‍ത്താതെ പോയി..!