Tuesday, June 30, 2015

പോസ്റ്റുമാന്‍


"കഥയൊന്നു വായിക്കാന്‍ തരുമോ..?"

കലോത്സവ് മത്സര വേദിയില്‍ കഥയെഴുത്ത് കഴിഞ്ഞു സമയം കൊന്നിരിക്കുമ്പോഴാണ്‌ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ചോദ്യം. രണ്ടു മണിക്കൂര്‍ കഥാരചനക്ക് വേണോ എന്ന സംശയത്തില്‍ പേനയുടെ അടപ്പ് ഊരിയും ഇട്ടും കൊണ്ട് നിശബ്ദതക്ക് താളം മീട്ടികൊണ്ടിരുന്ന എനിക്ക് ചോദ്യം കേട്ടപ്പോള്‍ എന്നോട് തന്നെയാണോ എന്ന് സംശയമായിരുന്നു. ആ ഹാളില്‍ ഞാന്‍ ഒഴികെ ബാക്കിയെല്ലാവരും പെണ്‍കുട്ടികളായിരുന്നു. ഇപ്പോള്‍ എല്ലാം പെണ്ണെഴുത്തുകള്‍ അല്ലെ..? ആണ്‍കുട്ടികള്‍ ഒക്കെയും ഈ രംഗത്ത് നിന്നും സ്കൂട്ടാവാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.

"നിനക്ക് നാണം ഇല്ലോടാ കഥയെഴുതാന്‍...." എന്ന തരത്തില്‍ കട്ടികണ്ണടയുടെ ലെന്‍സ് താഴ്ത്തി ഇടയ്ക്കിടെ ചൂഴ്ന്നു നോക്കുന്ന ഫെമിനിസ്റ്റ് ടീച്ചര്‍ എന്നെ മാത്രം ഫോക്കസ് ചെയ്തിരിക്കുകയാണ്. അപ്പോഴാണ്‌ അടുത്തിരിക്കുന്നവളുടെ ശൃംഗാരം. ഈ കഥ വായിച്ചാല്‍ അവളെന്തു വിചാരിക്കും എന്ന സംശയത്തില്‍ മടിച്ചു മടിച്ചാണ് ഞാന്‍ എന്‍റെ കഥ അവള്‍ക്കു വായിക്കാന്‍ കൊടുത്തത്. അവളെഴുതിയ കഥ  "ഇതാണെന്‍റെ കഥ.." എന്നും പറഞ്ഞു അഭിമാനത്തോടെ തന്നപ്പോള്‍ ഒന്ന് വായിച്ചു നോക്കാം എന്ന് ഞാനും കരുതി. ഒന്നൂല്ലെങ്കിലും നാളത്തെ സാഹിത്യ തിലകം ഇവള്‍ അല്ലെന്ന് ആര് കണ്ടു..? പേര് ലുബാബ ഷെറിന്‍, കട്ടികണ്ണട വെച്ച ഒമ്പതാംക്ലാസ്സുക്കാരിക്ക് സാഹിത്യക്കാരിയുടെ ലുക്ക്‌ നന്നായി ചേരുന്നു.

അവളുടെ കഥയില്‍ ചിലയിടങ്ങളില്‍ അവ്യക്തത നിഴലിച്ചു കാണാം. വാക്കുകളില്‍ ചിലത് അക്ഷരം നഷ്ട്ടപ്പെട്ടു വികൃതമായിരിക്കുന്നു. ഇനി എത്ര കഥകള്‍ എഴുതാന്‍ ഉള്ളതാണ്.., ഇങ്ങനെ അക്ഷരം തെറ്റിക്കാമോ.., അവളോടിത് പറയണോ.., പറഞ്ഞാല്‍ അവള്‍ക്കു വിഷമം ആവുമോ.., അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കണോ..? ഇനി പറഞ്ഞില്ലെങ്കില്‍ അവള്‍ വിചാരിക്കും ഞാന്‍ മനപ്പൂര്‍വം തെറ്റ് തിരുത്താത്തത് എന്ന്... ഏതായാലും നല്ല ഭാവനയാണ്,നല്ലൊരു ഭാവിയും ഉണ്ട്. കഥ ഒരിക്കല്‍ കൂടി വായിച്ച് പ്രധാനപ്പെട്ടത് മാത്രം നോട്ട് ചെയ്തു.

"നല്ല കഥ..വ്യത്യസ്തമായ ശൈലി..ഈ പ്രതീകം കഥയ്ക്ക് നല്ല മികവ് നല്‍കുന്നു.ഇത് ഇവിടെ തന്നെയാണ് വേണ്ടത്.ഇത് തെറ്റാണ്..ഇതാണ് ശരി..ഇനിയുള്ള കഥകളില്‍ ശ്രദ്ധിച്ചാല്‍ മതി..ആനുകാലികങ്ങളില്‍ ഒക്കെ അയക്കാറുണ്ടോ..?പ്രസിദ്ധീകരണ യോഗ്യമായ കഥയാണ്..ഒന്ന് അയച്ചു നോക്കു.."

നല്ലത് മാത്രം ചികഞ്ഞെടുത്ത് അഭിനന്ദിച്ചു.അക്ഷരത്തെറ്റ് ചൂണ്ടികാണിച്ചതൊഴിച്ചാല്‍ അവള്‍ക്കു പരമ സന്തോഷം.

"ഡാ താന്‍ ഫസ്റ്റ് അടിച്ചെടുക്കുമല്ലോ...? എന്‍റെ കഥയൊന്നും ഒന്നുമല്ല. നീ ആനുകാലികങ്ങളില്‍ ഒക്കെ അയക്കാറുണ്ടോ..?"
ഞാന്‍ എടുത്ത അടവ് തന്നെ അവളും പരീക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതി. എന്നാല്‍ തെറ്റൊന്നും ചൂണ്ടി കാണിച്ചതുമില്ല.

"ആനുകാലികങ്ങളില്‍ ഒന്നും അയക്കാറില്ല..അയച്ചു കാത്തിരിക്കാന്‍ എനിക്ക് വയ്യ.."

അല്‍പം വിഷമത്തോടെയാണെങ്കിലും ഞാന്‍ സത്യം തുറന്നു പറഞ്ഞു.

"എന്നിട്ടാണോ എന്നോട് അയച്ച് കൊടുക്കാന്‍ പറഞ്ഞത് കള്ളാ.."

ചിരകാല പരിചിതയെപ്പോലെ അവള്‍ കള്ളനെന്ന് വിളിച്ചപ്പോള്‍ എനിക്കും ചിരി അടക്കാനായില്ല.ഒപ്പം ആ നിഷ്കളങ്ക മനസ്സ് വായിക്കാതെയിരിക്കാനുമായില്ല.
സമയം കഴിഞ്ഞിരിക്കുന്നു എന്നറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ ഒന്നരപേജ് കഥ പിന്‍ ചെയ്ത് വെച്ചു.

തൊട്ടുമുന്നിലിരുന്ന നീണ്ടമുടിക്കാരി പെണ്‍കുട്ടി എട്ട് താളുകള്‍ പിന്‍ ചെയ്ത് കൊടുത്തപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചതാണ് ഒന്നാംസ്ഥാനം പോയി എന്ന്. പിറകിലിരുന്ന ഉണ്ടാക്കണ്ണിയും ഏഴ് പേജ് തികച്ചിട്ടുണ്ട്. നാല് പേജില്‍ കുറയാത്ത കഥകളാണ് പതിനൊന്ന് പെണ്‍കുട്ടികളും എഴുതി തീര്‍ത്തിരിക്കുന്നത്.

ഫെമിനിസ്റ്റ് ടീച്ചര്‍ എന്‍റെ ഒന്നരപേജ് കഥ കൈകൊണ്ട് ഒന്ന് തൂക്കിനോക്കി. പിന്നെ ഒരു കൊട്ട പുച്ഛം വാരി വിതറി ആ കഥയും പതിനൊന്നില്‍ ഒന്നായി മടക്കി കെട്ടി.
പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചപ്പോള്‍ വല്ലാത്തൊരു സന്തോഷം. രണ്ട് മണിക്കൂര്‍ നാലു ചുവരുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പ്മുട്ടിയത് ഇതിനു വേണ്ടിയായിരിക്കണം. ഇല്ലെങ്കില്‍ പതിവായി കിട്ടുന്ന ഈ വായുവിനെ ആര് ശ്രദ്ധിക്കാന്‍. പുറത്തിറങ്ങിയപ്പോഴേക്കും കണ്ണടക്കാരി പെണ്‍കുട്ടിയെ ഞാന്‍ മറന്നിരുന്നു. പുതിയ കഥക്ക് വല്ല സ്കോപും ഉണ്ടോ എന്നറിയാന്‍ രണ്ട് വട്ടം സ്കൂള്‍ ചുറ്റികറങ്ങി. പിന്നെ സ്കൂളിനു പിന്നില്‍ ആളനക്കമില്ലാത്ത മരച്ചോട്ടില്‍ ഇരുന്ന് പുതുതായി വാങ്ങിയ പി.കെ.പാറകടവിന്‍റെ പുസ്തകത്തിലൂടെ കണ്ണോടിച്ചു. രണ്ടോമൂന്നോ വരികളില്‍ വലിയൊരു നോവല്‍ തന്നെ ചുരുക്കി കെട്ടിയ ആ പ്രതിഭാശാലിക്ക് മനസ്സ് കൊണ്ട് എന്‍റെ കഥ സമര്‍പ്പിച്ചു.

ടൌണിലേക്കുള്ള ബസ്‌ കാത്തിരിക്കുമ്പോഴാണ് പിന്നെ അവളെ കാണുന്നത്.

"ഡോ..നിനക്ക് ഫസ്റ്റ് ആണ് വിത്ത്‌ എ ഗ്രേഡ്..ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ താന്‍ ഫസ്റ്റ് അടിക്കുമെന്ന്..അഭിനന്ദനങ്ങള്‍..."

എന്നെ കണ്ടപ്പോഴേക്കും അവള്‍ ഉച്ചത്തില്‍ പറഞ്ഞു.കഥയുടെ കാര്യം ഞാന്‍ മറന്നിരുന്നു.

"ഞാന്‍ രണ്ടാംസ്ഥാനം പോലും പ്രതീക്ഷിച്ചതല്ല..."

അവള്‍ എന്‍റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചതല്ലാതെ അവളുടെ കാര്യം പറഞ്ഞതേയില്ല.

"അപ്പൊ തനിക്കോ...?"

"എനിക്കു തേര്‍ഡ് വിത്ത്‌ ബി ഗ്രേഡ്..ജില്ലയില്‍ തേര്‍ഡ് കിട്ടുന്നത് തന്നെ ഭാഗ്യാടോ..."

അവളുടെ നിറഞ്ഞ മനസ്സ് കണ്ടപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു എനിക്ക് കിട്ടിയ ഒന്നാംസ്ഥാനം ഒന്നുമല്ലെന്ന്.

"ഇനിയപ്പോഴാടോ ഒന്ന് കാണുക...?"
അവളുടെ ചോദ്യത്തിനു തന്നെ ഒരു പ്രത്യേക താളം.

"ഇതുപോലെ എവിടെയെങ്കിലും വെച്ച് കാണുമായിരിക്കും.."

പ്രതീക്ഷയോടെ ഞാന്‍ പറഞ്ഞു. അങ്ങനെയൊരു പ്രതീക്ഷ ഇല്ലാത്തത് കൊണ്ടായിരിക്കണം അവള്‍ എന്നോട് വിലാസം ചോദിച്ച് വാങ്ങിയത്. എന്‍റെ പോസ്റ്റ്‌ അഡ്രസ്സ് കുറിച്ചെടുത്തുകൊണ്ട് അവള്‍ പറഞ്ഞു.

"ഞാന്‍ എഴുതും..അക്ഷരത്തെറ്റുകള്‍ മറുപടി കത്തില്‍ എഴുതണം.."

ഇന്നാരെങ്കിലും കത്തെഴുതുമോ എന്ന് ചോദിക്കാന്‍ നിനച്ചതാണെങ്കിലും മനസൊട്ടും സമ്മതിച്ചില്ല. നിഷ്കളങ്ക മനസ്സിനെ നോവിക്കാന്‍ എനിക്ക്  കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. കത്തെഴുത്ത് തന്നെയാണ് നല്ലത്. പുതുമകളെ പുല്‍കുമ്പോഴും പഴമയുടെ തനിമയെ നെഞ്ചേറ്റാന്‍ ചിലരെങ്കിലും വേണ്ടേ..?

വാചാലതകള്‍ നാട് കടത്തപ്പെട്ട നിമിഷത്തില്‍ അവള്‍ ബസ്‌ കയറി കൈവീശി. കൗതുകം വിട്ടുമാറാതെ ഞാന്‍ അപ്പോഴും ബസ്‌ വെയിറ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്നു.

നാഗരികതയുടെ പ്രൌഢികളില്ലാതെ ഇടവഴിയും കടന്ന് തിരുത്താനായി മാത്രം തെറ്റിച്ചെഴുതിയ കത്തുമായി പോസ്റ്റുമാന്‍ വരുമായിരിക്കും. ഒന്നരപേജ് സാഹിത്യം കൊണ്ട് ഒന്നാംസ്ഥാനം കട്ടെടുത്തവന്‍ ഇനി സ്വപ്നങ്ങള്‍ മെനയട്ടെ...

26 comments:

  1. കഥയും...
    കഥാപാത്രങ്ങളും..
    സാങ്കല്‍പ്പികം മാത്രമാണ്.

    ReplyDelete
    Replies
    1. ഇനി ഒറിജിനൽ ആണെങ്കിലും പ്രശ്നൊന്നൂല്ല്യാന്നേ..... ;-)

      Delete
    2. ചിരിപ്പിച്ചൂട്ടോ... ടോപ് കമൻറ്...
      ആത്മാംശം ഇല്ലാതില്ലാന്നേ... :)

      Delete
  2. നല്ലത് നാഴി വേണ്ടന്നാ ചൊല്ല്.......
    ഒന്നര പേജ് തന്നെ ധാരാളം... ധാരാവി...ബോംബെ
    മലയാള സാഹിത്യത്തിന് മുതല്‍ കൂട്ടാവുന്ന വന്‍മുതലുകളുടെ കഥ നന്നായി.......
    ഇനിയിപ്പോള്‍ കത്തും കാത്തിരിക്കാമല്ലോ.....
    നല്ലഴുത്തിന് ആശംസകൾ......

    ReplyDelete
    Replies
    1. വരുമായിരിക്കും...


      വരവിനും അഭിപ്രായങ്ങൾക്കും
      നന്ദിയുടെ പൂച്ചെണ്ടുകൾ

      Delete
  3. കാത്തിരിക്കാം.എന്നിട്ടൊരു കഥയെഴുതാം

    ReplyDelete
    Replies
    1. വരുമായിരിക്കും..
      കത്തും കഥയും...

      വരവിനും വായനക്കും
      സന്തോഷപ്പൂക്കൾ...

      Delete
  4. ശിഹാബേ!!!!സത്യായിട്ടും.അസൂയ തോന്നുവാ.

    ഇങ്ങനെയൊക്കെ എഴുതി ബാക്കിയുള്ളവന്റെ എഴുത്തിന്റെ വില കളയുവാനായി....

    നന്നായി ആസ്വദിച്ച വായന...

    ReplyDelete
    Replies
    1. സുധിയേട്ടോ...
      എന്തോരം അനുഭവങ്ങളാണ് ഹാസ്യരൂപത്തിൽ
      പറഞ്ഞുപ്പോയേക്കണത്... അതിനോളം വരുമോ ഇത്...

      വായനക്കും
      ആസ്വാദനത്തിനും നന്ദിയുടെ പൂമൊട്ടുകൾ...

      Delete
  5. കത്തുകള്‍ വരട്ടെ
    എഴുത്തുകളും വരട്ടെ

    ReplyDelete
    Replies
    1. കത്തുകൾ കാണിക്കില്ലാട്ടോ... അജിയേട്ടാ...

      വായനക്കും വരവിനും
      നന്ദിയുടെ ചെണ്ടുമല്ലികൾ...

      Delete
  6. കലോത്സവവേദിയും , കഥാരചനാ മത്സരവും കൊള്ളായിരുന്നു ശിഹാബ്. ഇനിയും, ഇനിയും കൂടുതൽ കൂടുതൽ നല്ല നല്ല കഥകൾ എഴുതുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

    ReplyDelete
    Replies
    1. സന്തോഷം...
      അനുഗ്രഹാശിസുകൾക്ക് പ്രത്യേകം സന്തോഷം

      വരവിനും വായനക്കും
      നന്ദിയുടെ പൂമൊട്ടുകൾ...

      Delete
  7. ശിഹാബിന്റെ കുഞ്ഞു കഥ ഒരുപാടിഷ്ടായി... കഥാമത്സരവും സൗഹൃദവും എല്ലാം ചേർന്ന് നന്നായി അവതരിപ്പിച്ചുട്ടോ :)

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക്
      നന്മ നിറഞ്ഞ നന്ദി...

      വരവിനും വായനക്കും
      വിലപ്പെട്ട സമയത്തിനും
      സന്തോഷപൂക്കൾ

      Delete
  8. പശ്ചാത്തലവും,അവതരണവുമെല്ലാം മിഴിവേറിയത് ! അഭിനന്ദനങ്ങൾ ശിഹാബ്!

    ReplyDelete
    Replies
    1. ആദ്യ വരവിനും
      നല്ല വായനക്കും സന്തോഷം..

      വിലപ്പെട്ട സമയത്തിനും
      അഭിപ്രായങ്ങൾക്കും
      നന്ദിയുടെ റോസാമലരുകൾ

      Delete
  9. ഷിഹാബിന്റെ രചനാ പാടവം അസൂയാവാഹം തന്നെ. ഒഴുക്കൻ വായന സമ്മാനിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. സന്തോഷത്തിനു
      ഇനിയെന്തു വേണം...

      വരവിനും നല്ലൊരു വായനക്കും
      നന്ദിയുടെ പൂച്ചെണ്ടുകൾ...

      Delete
  10. ഷിഹാബിന്റെ രചനാ പാടവം അസൂയാവാഹം തന്നെ. ഒഴുക്കൻ വായന സമ്മാനിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
  11. കുഞ്ഞോനേ....
    എത്ര പാകതയോടെയും പക്വതയോടെയുമാണീ കഥ എഴുതിയിരിക്കുന്നത്.!!!!
    ലളിതമായ വരികളാല്‍ മനസ്സിലേക്കു പടര്‍ത്തുന്ന ഊഷ്മളത...
    എത്ര അഭിനന്ദിച്ചാലും എനിക്ക് മതി വരില്ല. ഒരായിരം ഭാവുകങ്ങള്‍.!!!

    ReplyDelete
    Replies
    1. വായനയിലും എഴുത്തിലും
      എന്നും കൂടെയുണ്ടെങ്കിൽ മതി
      അതിനോളം പോന്ന സന്തോഷം വേറെ ഇല്ല.

      വരവിനും
      വിലപ്പെട്ട വാക്കുകള്‍ക്കും
      നന്ദിയുടെ മുല്ലമൊട്ടുകൾ...

      Delete
  12. നല്ല ഒഴുക്കോടെ കഥ പറഞ്ഞവസാനിപ്പിചിരിക്കുന്നു . നല്ലത് കുറച്ചു മതി എന്നാല്ലേ ,,, ഒരു പാട് മുന്നോട്ടു പോയി എഴുത്തില്‍. ആശംസകള്‍ ശിഹാബ് .

    ReplyDelete
    Replies
    1. വരവിനും വായനക്കും
      വിലപ്പെട്ട വാക്കുകൾക്കും സമയത്തിനും
      നന്ദിയുടെ ഒരായിരം സന്തോഷപൂക്കൾ...!

      Delete
  13. ഒന്നരപേജ് സാഹിത്യം കൊണ്ട് ഒന്നാംസ്ഥാനം കട്ടെടുത്തു , അവിതിവിടെ നല്ലൊരു കഥയായി കുറിച്ചത് പോലെ , ഇനിയും ഒരു പാട് നല്ല കഥകൾ ഞങ്ങൾക്കായി എഴുതുമെന്ന പ്രതീക്ഷയോടെ ... എന്റെ ആശംസകൾ .

    ReplyDelete
    Replies
    1. വരവിനും വായനക്കും
      ആശംസകൾക്കും കാത്തിരിപ്പിനും
      നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ...!

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?