Monday, November 3, 2014

എരിയുന്ന നാളങ്ങള്‍

"ഡാ അജുട്ടാ...ചാക്കോ സാര്‍ നിന്നെ അന്വേഷിക്കുന്നുണ്ട്.."

"ചാക്കോ സാറോ..?"

തെല്ലൊരു ആശങ്കയോടു കൂടിയാണ് അര്‍ജുന്‍ ഓഫീസിലേക്ക് നടന്നത്.വാര്‍ന്നൊതുക്കിയ മുടിയിഴകളെ തലോടികൊണ്ട് നടത്തത്തിന്‍റെ വേഗത കുറച്ചു.

"ഇല്ല...ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമില്ല, ക്ലാസ്സില്‍ ഒന്നാംസ്ഥാനം ഉണ്ട്, ഈ പത്താംക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി...,ചാക്കോ സാറിനും വല്യ ഇഷ്ട്ടമാണ് തന്നെ...,അര്‍ജുന്‍ എന്ന പേര് അജുട്ടാ-ന്നാക്കി ലാളിച്ചതും ചാക്കോ സാര്‍ തന്നെ.., ഇഷ്ട്ടം കൂടുമ്പോള്‍ കൂട്ടുക്കാരും അജുട്ടാ-ന്നു നീട്ടി വിളിക്കും..,പിന്നെ ആകെയുള്ളൊരു പ്രശ്നം എന്താന്നു വെച്ചാല്‍...?"

കാടുകയറിയ ചിന്തകള്‍ മുഴുവിപ്പിക്കുന്നതിനു മുമ്പേ ഓഫീസിന്‍റെ വാതില്‍ക്കല്‍ എത്തിയിരുന്നു.മാഷിന്‍റെ മുമ്പിലുള്ള അധികസ്വാതന്ത്ര്യം നാലായി മടക്കി കെട്ടി ഭവ്യതയോടെ ആദരസൂചകമായി തല താഴ്ത്തി മാഷി-ന്‍റെ ഇരിപ്പിടത്തിനു ഓരം ചേര്‍ന്നു നിന്നു.എഴുതി തീരാത്ത പുസ്തകകൂട്ടങ്ങളില്‍ നിന്നും കണ്ണെടുത്ത് അര്‍ജുനനു നേരെ പുഞ്ചിരി തൂകി.

"ഡാ...അജുട്ടാ..നിന്‍റെ സ്കോളെര്‍ഷിപ്പിന്‍റെ ഫോം ഒന്ന് പുതുക്കണം...,എട്ടാംക്ലാസില്‍ നിന്നും കിട്ടിയത് പോലെയല്ല..,കുറച്ചു നല്ല തുകയുണ്ടാവും..,"

അതുവരെയുണ്ടായിരുന്ന ആശങ്കകള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി എല്ലാം തലയാട്ടി സമ്മതിച്ചു അര്‍ജുന്‍ നിന്നു കൊടുത്തു.എട്ടാംക്ലാസില്‍ നിന്നായിരുന്നു സ്കോളര്‍ഷിപ്പിന്‍റെ തുടക്കം.പാഠപുസ്തകങ്ങള്‍ക്കൊപ്പം നല്ലൊരു തുക മിച്ചം വന്നപ്പോള്‍ സ്കൂളിന്‍റെ അരികിലുള്ള ഹോസ്റ്റലിലേക്ക് വെച്ച് പിടിച്ചു.അമ്മയും അച്ഛനും ഇല്ല എന്നതൊഴിച്ചാല്‍ അധികസ്വാതന്ത്ര്യം ആയിരുന്നു ഹോസ്റ്റലില്‍.മൂന്നു നേരം ഭക്ഷണം കൂടാതെ ഇടവേളകളില്‍ ലഘുഭക്ഷണം,ടിവി,ലൈബ്രറി,എല്ലാം കൊണ്ടും സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍.പഠനത്തില്‍ നല്ല മികവോടെ മുന്നോട്ടു പോയത് കൊണ്ട് സ്വാതന്ത്ര്യങ്ങളില്‍ ആരും കൈകടത്തിയില്ല.ഇപ്പോള്‍ പത്താംക്ലാസ് നല്ല നിലയില്‍ മുന്നോട്ടു നീങ്ങുന്നു.

ഓഫീസിന്‍റെ പുറത്തിറങ്ങുമ്പോഴേക്കും ആദ്യബെല്ല് മുഴങ്ങിയിരുന്നു.കൂട്ടം തെറ്റിയോടുന്ന ആട്ടിന്‍‌കുട്ടികളെ പോലെ ക്ലാസ്റൂമിലേക്ക്‌ വെച്ച് പിടിക്കുമ്പോള്‍ അര്‍ജുന്‍റെ ചിന്തകള്‍ക്കൊപ്പം കണ്ണുകളും ആരെയോ തിരയുന്നുണ്ടായിരുന്നു.കൗമാരത്തിന്‍റെ ഏതോ കുസൃതി ആ കണ്ണുകളില്‍ നിഴലിച്ചു കിടക്കുന്നുണ്ട്.ഒപ്പം ഭയത്തിന്‍റെ ചെറിയൊരു കൊള്ളിയാന്‍ ഇടയ്ക്കിടെ മിന്നിമറിയുന്നുണ്ട്.ക്ലാസ് തുടങ്ങാന്‍ ഒരു മിനിറ്റ് നേരം മുമ്പ് ആതിരയും ക്ലാസ്സില്‍ സ്ഥാനം പിടിച്ചു.അര്‍ജുന്‍റെ കണ്ണുകളിലെ തിരച്ചിലുകള്‍ക്ക് അറുതിഎന്നോണം ആ കണ്ണുകള്‍ ആതിരയില്‍ നിശ്ചലമായി.
കഴിഞ്ഞ ദിവസം കൊടുത്ത കത്തിന്‍റെ മറുപടി പ്രതീക്ഷിച്ചിരിക്കുന്ന അര്‍ജുനനു അപ്രതീക്ഷിതമായി ഒരിക്കല്‍ കൂടി ചാക്കോ സാര്‍ ഓഫീസിലേക്ക് വിളിച്ചു.ചാക്കോ സാറിന്‍റെ മുഖത്ത് പതിവ് ചിരി മാഞ്ഞിരിക്കുന്നു,മേഘാവൃതമായ മാനംപോലെ ആ മുഖത്ത് ഒരു ഗൌരവ്വം നിഴലിച്ചു കാണാം.ചാക്കോ സാര്‍-ന്‍റെ കയ്യിലുള്ള കടലാസ് തുണ്ട് അര്‍ജുന്നു നേരെ തിരിഞ്ഞപ്പോള്‍ താന്‍ ഒന്നുമല്ലാതാവുന്നത്പ്പോലെ അര്‍ജുന്നു തോന്നി.ആതിര തന്നെ കുടുക്കിയിരിക്കുന്നു.താന്‍ അവള്‍ക്കായി നല്‍കിയ ഹൃദയത്തിന്‍റെ തുണ്ട് അവള്‍ മാഷിനെ ഏല്‍പ്പിച്ചിരിക്കുന്നു.അവളുടെ മറുപടി മാഷില്‍ നിന്നും കിട്ടിയപ്പോള്‍ മനസ്സില്‍ പകയുടെ കനലുകള്‍ മെല്ലെ തലപ്പൊക്കി.പിന്നെ എല്ലാം പെട്ടെന്നായിരുന്നു,ചാക്കോ സാറിനു മുമ്പില്‍ ഏത്തമിട്ടു കുറ്റസമ്മതവും കഴിഞ്ഞിറങ്ങുമ്പോള്‍ തന്‍റെ ആദ്യ പ്രണയം കുഴിച്ചു മൂടി വിഷാദത്തിന്‍റെ പുതിയ മേലങ്കിയണിഞ്ഞു അര്‍ജുന്‍ നടന്നു.


അന്ന് പക്ഷെ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയായപ്പോള്‍ അന്നാദ്യമായി ഉച്ചക്ക് ശേഷം ലീവെടുത്തു.വിരസമായ പകലിന്‍റെ ദൈര്‍ഘ്യം കുറക്കാന്‍ പാര്‍ക്കിന്‍റെ ഓരം ചേര്‍ന്ന് കിടക്കുന്ന ബെഞ്ചില്‍ കുത്തിയിരുന്നു.


"വേണ്ടായിരുന്നു...,ഒന്നും വേണ്ടായിരുന്നു..,അവളോട്‌ താനത് പറയരുതായിരുന്നു..,അല്ലെങ്കില്‍ അവള്‍ക്കത് തന്നോട് തന്നെ പറയാമായിരുന്നില്ലേ...?എന്തിനാ മാഷിനോട് പറഞ്ഞു തന്നെ കുറ്റവാളിയാക്കിയത്...?


തികട്ടി വന്ന നൊമ്പരം കടിച്ചിറക്കി വിദൂരതയിലേക്ക് കണ്ണുനട്ടു.എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ തന്‍റെ തൊട്ടടുത്തിരിക്കുന്നയാളിലേക്ക് ശ്രദ്ധപതിപ്പിച്ചു.
അയാള്‍ പക്ഷെ അര്‍ജുനനെക്കാള്‍ വിഷാദമൂകനായിരുന്നു.ജടപിടിച്ച മുടിയിഴകള്‍,ഭയം ജ്വലിപ്പിക്കുന്ന കണ്ണുകള്‍,കയ്യില്‍ ചെറിയൊരു കുപ്പിയും സിറിഞ്ചും.കുപ്പിയിലെ ദ്രാവകം സിറിഞ്ചിലേക്ക് പകര്‍ന്നു,പിന്നെ കണ്ണുകള്‍ അടച്ചു പിടിച്ചു കൈകളില്‍ മുഴുത്തു നില്‍ക്കുന്ന ഞരമ്പിലേക്ക് സിറിഞ്ച് കുത്തികയറ്റി.ദ്രാവകം പൂര്‍ണ്ണമായും ശരീരത്തിലേക്ക് കയറിതുടങ്ങിയപ്പോള്‍ ആ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിടര്‍ന്നു.അതുവരെയുണ്ടായിരുന്ന ദു:ഖങ്ങള്‍ അലിഞ്ഞില്ലാതാവുന്നത് അര്‍ജുന്‍ കൗതുകം വിട്ടു മാറാതെ നോക്കിയിരുന്നു.അര്‍ജുന്‍റെ കൗതുകം കണ്ടിട്ടെന്നപ്പോലെ അയാള്‍ സിറിഞ്ച് അര്‍ജുന്‍-ന്‍റെ നേര്‍ക്ക്‌ നീട്ടി

"വേണോ..?"

"വേണ്ടാ..? എന്തായിത്...?എന്തിനായിത്...?"

ആകാംഷ വിട്ടുമാറാതെ അര്‍ജുന്‍ അയാള്‍ക്ക്‌ നേരെ തിരിഞ്ഞു.

"ഇതോ...?ഇത് ആംപ്യുള്‍...ഇത് ശരീരത്തിലേക്ക് കുത്തി കയറ്റിയാല്‍ നല്ല രസമാണ്...,പിന്നെ നമ്മള്‍ ഈ ലോകത്തൊന്നും ആയിരിക്കില്ല.നമ്മുടെ എല്ലാ ദു:ഖങ്ങളും അലിഞ്ഞില്ലാതാവും..."

അയാളുടെ വാക്ക് ചാതുര്യത്തില്‍ അര്‍ജുന്‍ ഒരു നിമിഷം കൈ നീട്ടി

"എനിക്കും കൂടി...."

അര്‍ജുന്‍-ന്‍റെ ഇളംകയ്യിലെ ഞരമ്പുകള്‍ ഇറുകിപ്പിടിച്ചു അയാള്‍ കുപ്പിയിലെ ദ്രാവകം സിറിഞ്ചിലേക്ക് പകര്‍ന്നു.

"മോന്‍ കണ്ണടച്ചോ...ട്ടോ.."

പിഞ്ചുശരീരത്തിലേക്ക് ലഹരിമരുന്നിന്‍റെ ആദ്യതുള്ളി കയറി തുടങ്ങിയപ്പോള്‍ അവന്‍ ഒന്ന് പുളഞ്ഞു.പിന്നെ കൈകാലുകള്‍ കുടഞ്ഞു,തെന്നിമാറാന്‍ ശ്രമിക്കുമ്പോഴേക്കും സിറിഞ്ചിലെ അവസാനതുള്ളിയും ആ ശരീരത്തിലെ ഓരോ ഭാഗത്തേക്കും ഒഴുകികഴിഞ്ഞിരുന്നു.കണ്ണുകളില്‍ ഒരു നീര്‍നാമ്പു പൊടിഞ്ഞു.പെട്ടെന്ന് ശരീരത്തിന്‍റെ ആദ്യ പ്രതികരണം എന്ന നിലക്ക് ചര്‍ദ്ദിച്ചു തുടങ്ങി,കയ്യില്‍ കരുതിയിരുന്ന ഗുളിക അയാള്‍ അവനിക്കു നീട്ടി.ഗുളിക കഴിച്ചപ്പോഴേക്കും ചര്‍ദ്ദി നിന്നു.അപ്പോഴും ശരീരത്തിന്‍റെ ഏതൊക്കെയോ ഭാഗങ്ങളില്‍ ഒരു തരം അസ്വസ്ത പടരുന്നുണ്ടായിരുന്നു.അത് പക്ഷെ ഒരു സുഖമുള്ള ലഹരിയായി ശരീരത്തില്‍ പടര്‍ന്നു.അത് വരെയുണ്ടായിരുന്ന സങ്കടങ്ങള്‍ ഒരു നെടുവീര്‍പ്പായി കുറ്റിയറ്റു വീണപ്പോള്‍ മനസ്സില്‍ പുതിയ ചിന്തകള്‍ മൊട്ടിട്ടു തുടങ്ങിയിരുന്നു.ഏതോ ഉറച്ച തീരുമാനത്തില്‍ നിന്നെന്നപോലെ അര്‍ജുന്‍ അയാള്‍ക്ക്‌ നേരെ തിരിഞ്ഞു...,


"ചേട്ടാ...നാളെയും ഇവിടെണ്ടാവുമോ...?


ഈ ചോദ്യം താന്‍ എത്ര കേട്ടിരിക്കുന്നു എന്നര്‍ത്ഥത്തില്‍ അയാളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിടര്‍ന്നു.പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അയാള്‍ സിറിഞ്ചും,കുപ്പിയും ബാഗിലാക്കി മെല്ലെ നടന്നു.നടത്തത്തില്‍ പക്ഷെ കാലുകള്‍ ഭൂമി തൊടുന്നില്ലെന്നു അര്‍ജുന്‍ മരുന്നിന്‍റെ ഉന്മാദം വിട്ടു മാറാതെ അവ്യക്തമായി കണ്ടു.


പാര്‍ക്കില്‍ പതിവ് സന്ദര്‍ശകനായി മാറിയതോട് കൂടെ അര്‍ജുന്‍ അയാളുമായി പുതിയൊരു ചങ്ങാത്തം തുടങ്ങിയിരുന്നു.താന്‍ ഒരു പത്താംക്ലാസ്ക്കാരന്‍ ആണെന്ന ബോധം പാടെ മാഞ്ഞു തുടങ്ങിയപ്പോള്‍ സിറിഞ്ച് സ്വയം കുത്തിവെക്കാംഎന്നായി.ആദ്യമാദ്യം സൗജന്യമായി കിട്ടിയ ആംപ്യുള്‍ ഇപ്പോള്‍ അയാളും വിലപേശാന്‍ തുടങ്ങി.അഞ്ചും,പത്തും,പതിനഞ്ചും,കഴിഞ്ഞ് നൂറുരൂപ വരെ ചോദിച്ചു തുടങ്ങിയപ്പോള്‍ പഠനത്തിന്‍റെയും ബുക്കിന്‍റെയും പേരില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡറുകളായി വന്നു കൊണ്ടിരുന്നു.


അര്‍ജുന്‍ പത്താംക്ലാസ് പാസായിരിക്കുന്നു.പ്രതീക്ഷിച്ച മാര്‍ക്ക്‌ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് പ്ലസ്‌-വണ്ണിനു ദൂരെയൊരു കോളേജില്‍ ചേരേണ്ടി വന്നു.പഠനത്തില്‍ മകന്‍റെ താല്‍പര്യം കുറഞ്ഞതിന്‍റെ കാര്യമറിയാന്‍ ഇടക്കിടെ അച്ഛന്‍ വന്നിരുന്നു.


"എല്ലാം ശരിയാകും..,എന്തോ ചെറുതായിട്ട് അവന്‍ ഉഴപ്പുന്നുണ്ട്...പ്രായത്തിന്‍റെ ചില അസ്വസ്തതകള്‍..,കാര്യമാക്കാന്‍ ഒന്നുമില്ല.."


മാഷിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് തെന്നിമാറിയതറിയാതെ വരാനിരിക്കുന്ന നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ അര്‍ജുനനില്‍ കണ്ണും നട്ടു ഇരുവരും മൗനിയായി.


ആയിടക്കാണ് പഠനയാത്ര-യുടെ കാര്യം പറഞ്ഞു അര്‍ജുന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്.അവിടെ പക്ഷെ അര്‍ജുനനെ കാത്തിരുന്നത് ഏറ്റവും വിലകുറവിന്‍റെ ആംപ്യുള്‍,മയക്കുമരുന്നുകളുമായിരുന്നു.അതോടെ ഉപഭോക്താവ് എന്നിടത്തു നിന്നും വില്‍പനക്കാരനായി രൂപാന്തരപ്പെട്ടത്.അതോടെ  തൊട്ടടുത്ത സ്കൂളുകളിലും കോളേജ്കളിലും ആയിരം അര്‍ജുനന്മാര്‍ തലപ്പൊക്കി കഴിഞ്ഞിരുന്നു.


പാര്‍ക്കിന്‍റെ ഓരം ചേര്‍ന്ന് കിടന്നിരുന്ന ബെഞ്ചില്‍ ജടപിടിച്ച മുടിയിഴകളെ തലോടി കിളിര്‍ത്തുവരുന്ന പൊടിമീശ കൂര്‍പ്പിച്ചു പുതിയ ഇരകളെ കാത്തു ഒരു പുതുമുഖം ഇരിക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ്‌ അന്ന് പോലീസ് പാഞ്ഞെത്തിയത്.അപ്പോഴേക്കും അര്‍ജുന്‍ മറ്റനേകം പേരിലേക്ക് മരുന്ന് പകര്‍ന്നു കഴിഞ്ഞിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞുകയറിയ അര്‍ജുന്‍ വല്ലാത്തൊരാവേശത്തോടെ കയ്യില്‍ കരുതിയ കുഞ്ഞുകുപ്പിയില്‍ നിന്നും മരുന്നെടുത്ത് സിറിഞ്ചിലേക്ക് പകര്‍ന്നു.കിളിര്‍ത്തുവരുന്ന താടിരോമങ്ങളെ തലോടി ഭ്രാന്തമായ ചലനങ്ങളോടെ കൈഞരമ്പിലേക്ക് സൂചിമുന മെല്ലെകയറ്റി.ഞരമ്പിലൂടെ അരിച്ചിറങ്ങുന്ന ലഹരിയുടെ കനലുകള്‍ ആയുസ്സിന്‍റെ പകുതിയും പകുത്തു കഴിഞ്ഞിരുന്നു.അവശേഷിക്കുന്ന ദിനങ്ങള്‍ ജയിലറയുടെ താളുകളില്‍ പതിഞ്ഞപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പിതാവിന്‍റെ കഴുത്തില്‍ ഒരു മുഴം കയര്‍ അടയാളമിട്ടു കഴിഞ്ഞിരുന്നു.

Sunday, October 26, 2014

മരുഭൂകനവ്‌


ജാലകവാതിലുകള്‍ക്കപ്പുറം
മരുഭൂവ് കാണാമെനിക്കു
നീലാകാശവും.
ഈത്തപ്പന ചോടോളം
കനലായി നിന്ന വേനലും
മൗനിയാണ്
വരാനിരിക്കുന്ന
മഴമേഘങ്ങളെയും
പ്രതീക്ഷിച്ചു.

വിണ്ടുകീറിയ
വേനലിന്‍  നൊമ്പരം
പ്രവാസിയെന്നു മൊഴിയുന്നു.

മൗനനൊമ്പരങ്ങളുടെ
താഴ്വരയില്‍
കനലെരിയാന്‍ നേരം
പ്രവാസി പൊഴിച്ച
തോരാമഴയോളം
ഒരു ഇടവപ്പാതിയും
കരയാറില്ല.
വിതുമ്പിയാലൊട്ടും
കാണാനാളുമില്ല.
കാര്യം അവനൊരു
പ്രവാസിയാണ്.

വേനലിന്‍ കനവില്‍
ഋതുമന്ദഹാസം പൊഴിച്ച്
മഴവില്‍ ഞാണിലൊരു
മിന്നല്‍ കോര്‍ത്തു വെച്ച്
ഉന്നം പിടിക്കുന്നുണ്ടൊരു
മഴമേഘം
ദാഹം പൂണ്ട
മരുഭൂമി നാവ് നീട്ടി
മരുപച്ചക്ക് മേല്‍
മഴമേഘം കനിഞ്ഞു
ഒരു തുള്ളി,ഇരുതുള്ളി
ഒടുവില്‍ അതും നിലച്ചു

Tuesday, October 14, 2014

നല്ലൊരു ഭാവിയുണ്ട് ട്ടോ..!


ഡിസംബര്‍  മാസത്തിലെ അവസാന പരീക്ഷയുടെ തലേ ദിവസം ഞാന്‍  ആ ഡയറിയുടെ കഴിഞ്ഞ താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു.
ജീവിത വഴിയില്‍ കണ്ട മുഖങ്ങള്‍ക്കു അക്ഷരചാര്‍ത്തു നല്‍കി മിഴിവേകിയപ്പോള്‍  കണ്ണീരിന്‍റെ മുഖാവരണമണിഞ്ഞു ഒരുപാട് പേര്‍ എന്നിലേക്ക്‌ ഉറ്റുനോക്കുന്നു,അവരോടൊക്കെയും പറയേണ്ടിയിരുന്ന ഒരുപാട് ഉത്തരങ്ങള്‍ വാക്കുകള്‍ മുറിഞ്ഞും,അക്ഷരങ്ങളടര്‍ന്നും എന്നിലേക്ക്‌ തന്നെ തിരിച്ചു വന്നപ്പോള്‍ എന്‍റെ കണ്ണിലെ അവസാന തുള്ളിയും അടര്‍ന്നു കഴിഞ്ഞിരുന്നു.എഴുത്തിന്‍റെ വഴികളില്‍ പിച്ചവെക്കാന്‍ ആഗ്രഹിച്ച മനസ്സിനെ മറ്റൊരു വഴിക്ക് കൊണ്ട് പോകാന്‍ ഒരല്‍പ്പം വിഷമം അലട്ടാതിരുന്നില്ല.


അനുഭവങ്ങളാണ് അക്ഷരങ്ങളാക്കേണ്ടതെന്നു ഗുരു പറഞ്ഞത് മുതല്‍ ഓരോ അനുഭവങ്ങളെയും കോര്‍ത്തു വെച്ച് പത്ര ഓഫീസിലേക്കും,വാരാന്ത്യങ്ങളിലേക്കും,തൊടുത്തു വിട്ടിട്ടും മറുപടി കിട്ടാതെ ഒടുവില്‍ ചവറ്റു കൊട്ടയില്‍ കിടന്നു ദീര്‍ഘ നിശ്വാസം വലിക്കുന്നുണ്ടാകും എന്നാശ്വസിച്ചു ഓരോ രചനകളും അന്ത്യശ്വാസം വലിച്ചു.


മറ്റാരും കാണാതെ ഞാന്‍ സൂക്ഷിച്ച ഒരുപാട് രഹസ്യങ്ങള്‍ ഇതിനോടകം തന്നെ ഡയറിയില്‍ അക്ഷര രൂപം പൂണ്ടിരുന്നു.ഒരല്‍പ്പം ആശ്വാസത്തിനായി ഞാന്‍ കുറിച്ചിട്ട ഒരുപാട് കഥകളും,അതിലേറെ അനുഭവങ്ങളും,നീലമഷി കൊണ്ട് അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.അതിലെ അക്ഷരങ്ങള്‍ക്ക് ഒരിക്കലും അച്ചടിമഷിപുരളാന്‍ ഭാഗ്യമുണ്ടാവില്ലെന്നു മനസ്സ് പറഞ്ഞു തുടങ്ങിയപ്പോള്‍   മാറ്റങ്ങള്‍ ആവശ്യമെന്ന് തിരിച്ചറിയുകയായിരുന്നു.
ഒരിക്കലും പുറംലോകം കാണാനാവാത്ത അക്ഷരങ്ങളെ നമിച്ചിരിക്കാന്‍ ഇഷ്ട്ടമില്ലാത്തത് കൊണ്ട് തന്നെയാണ് എരിയുന്ന തീ കൂനയിലേക്ക് ഡയറി നിക്ഷേപിച്ചത്.

പിറ്റേന്ന് പുലര്‍ക്കാലത്തില്‍ വന്ന ഫോണ്‍ കോള്‍ എന്നെ വീണ്ടും പഴമയിലേക്കും അക്ഷരങ്ങളിലേക്കും മാടി വിളിച്ചു..


"മോനെ...,വല്ലതുമൊക്കെ എഴുതണുട്ടോ..,  നല്ലൊരു ഭാവിണ്ട് ട്ടോ..."

മറു തലക്കല്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ ഞാന്‍ തീകൂനയിലേക്ക് ഓടി..,ഒരുപിടി ചാരമാല്ലാതെ മറ്റൊന്നുമവിടെ അവശേഷിച്ചിരുന്നില്ല...,

Sunday, August 3, 2014

നെല്‍ച്ചെടി


ട്ടുച്ച നേരം,സ്കൂള്‍മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലേക്ക് ഒരു ക്ലാസ്സിലെ കുട്ടികള്‍ കൂട്ടമായി ഓടുന്നതു കണ്ടാണ്‌ പ്രധാനാദ്ധ്യാപകന്‍ ഓഫീസിനു പുറത്തേക്കു വന്നത്.വെയിലിന്‍റെ കാഠിന്യം പോലും വകവെക്കാതെയാണ് കുട്ടികളെല്ലാം ഓടുന്നത്,കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.പ്രധാനാദ്ധ്യാപകനും അവര്‍ക്കുപിന്നലെയോടി.

"ദൈവമേ കുട്ടികള്‍ക്ക് വല്ലതും സംഭവിച്ചോ..? 
നാളെ പി ടി എ മീറ്റിംഗ് കൂടിയാണല്ലോ..."

അദ്ദേഹത്തിന്‍റെ മനസ്സ് ആകുലപ്പെട്ടു.നട്ടുച്ചയില്‍ കുത്തനെ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രധാനാദ്ധ്യാപകന്‍റെ കഷണ്ടിത്തലയില്‍ വീണു ചിതറി.ഗ്രൗണ്ടിന്‍റെ മൂലയിലേക്ക് ഇനിയും ദൂരമൊരുപാടുണ്ടെന്നു കണ്ടപ്പോള്‍ അദ്ധ്യാപകന്‍ ഒരുനിമിഷം നിന്നു കിതച്ചു,അദ്ദേഹം ചുറ്റുമൊന്നു കണ്ണോടിച്ചു.

"തണലേകാന്‍ ഒരൊറ്റ മരമെങ്കിലുമുണ്ടായിരുന്നെങ്കില്‍ !"

നടന്നും കിതച്ചും പ്രധാനാദ്ധ്യാപകന്‍ എത്തിച്ചേര്‍ന്നപ്പോള്‍ വട്ടം കൂടി നിന്നിരുന്ന കുട്ടികള്‍ വഴിയൊഴിഞ്ഞു കൊടുത്തു.അദ്ദേഹം പരിഭ്രമത്തോടെ ചോദിച്ചു 

"എന്താ പറ്റിയത്,എന്തിനാ എല്ലാവരും ഓടിയേ...?"

ഹെഡ് മാഷേ കണ്ടപ്പോള്‍ ഭയപ്പെടുന്നതിനു പകരം കുട്ടികളുടെ ആവേശം വര്‍ദ്ധിക്കുകയാണ് ചെയ്തത്.എല്ലാവരുടെയും ചുണ്ടുകള്‍ എന്തൊക്കെയോ പറയാന്‍ തുടിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തന്നെ മിണ്ടിയില്ല,ക്ലാസ്സ്‌ ലീഡര്‍ ആണത് പറഞ്ഞത്,

"കഴിഞ്ഞ ദിവസം റെഡ് ഡാറ്റ യില്‍ ഉണ്ടെന്നു പറഞ്ഞ ചെടി ദാ മുളച്ചു വരുന്നു..,ഒരു നെല്‍ച്ചെടി !"

അദ്ധ്യാപകന്‍ തൊട്ടടുത്തുണ്ടായിരുന്ന പൂഴിമണല്‍ക്കൂനയിലേക്ക് തളര്‍ന്നിരുന്നു.അദ്ദേഹത്തിന്‍റെ മുഖത്ത് ആശ്വാസവും,ദേഷ്യവും,കുറ്റബോധവും,വാല്‍സല്യവുമെല്ലാം മിന്നി മറഞ്ഞു. അപ്പോഴും സൂര്യന്‍ മാഷിന്‍റെ കഷണ്ടിത്തല നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.

ശിഹാബുദ്ദീന്‍.കെ

Wednesday, July 2, 2014

ഡയറികുറിപ്പ്...



"കിഴക്കുദിച്ച് ആകാശത്തിന്റെ ഉച്ചിയിലേക്ക് കയറിത്തുടങ്ങുന്ന പ്രഭാതസൂര്യനെ നോക്കിക്കൊണ്ട്‌ രാവിലത്തെ യോഗ ക്ലാസ്സില് പങ്കെടുക്കുമ്പോള് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്.

യോഗ കഴിഞ്ഞൊന്നു നടുനിവര്ക്കുമ്പോഴേക­്കും ഇംഗ്ലീഷ് ട്യൂഷനെടുക്കുന്ന അസീസ്‌ മാഷ്‌ ഹാജരായിട്ടുണ്ടാകും.

അത് കഴിഞ്ഞാൽ നേരെ കമ്പ്യൂട്ടർ ഇന്സ്റ്റിറ്റ്യൂട്ടി­ലേക്ക്,മണിക്കൂറുകൾ നീണ്ട ക്ലാസ് കഴിയുമ്പോഴേക്കും ആകാശത്തിലെ നീലനിറച്ചാര്ത്തുകള്­ നിറം മാറി ചുവന്നുതുടങ്ങിയിട്ടു­ണ്ടാകും.

അതിന്റെ ക്ഷീണമടങ്ങും മുന്പായിരിക്കും കണക്കു മാഷെത്തുന്നത്.

രാത്രി എട്ടര മണിക്ക് സ്പോക്കന് ഇംഗ്ലിഷ് സ്പെഷ്യല് കോച്ചിംഗിന് ശ്രീകുമാര് സാറെത്തും, അദ്ദേഹത്തിനും അത് രാത്രീലെ അവസാന ക്ലാസ്സാണത്രേ... !



പപ്പയുടെയും മമ്മിയുടെയും പുഞ്ചിരിക്കുന്ന മുഖം കാണാമെന്നുള്ള സന്തോഷത്തില് ഇതിനൊക്കെ മടികൂടാതെ നിന്നുകൊടുക്കും..."



പേന താഴെ വച്ചപ്പോഴാണ് നിതിന് ഓര്ത്തത്, തലക്കെട്ട് എഴുതിയില്ലെന്ന്.
കൂടുതലൊന്നും ചിന്തിക്കാനില്ലാതെ നീലമഷിയില് കട്ടിയുള്ള അക്ഷരങ്ങളില് അവനെഴുതി -



എന്റെ അവധിക്കാലം !

--------------------­----------------

Tuesday, June 10, 2014

ഒരു ഫേസ്ബുക്ക് പ്രണയം



റെ മടിച്ചാണ് ഫേസ്ബുക്കില്‍ കണ്ട നിറം മങ്ങിയ ആ പ്രൊഫൈലിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തത്.
പണ്ടെങ്ങോ മനസ്സിലൊരുപാട് താലോലിച്ചിരുന്ന ആ പേരിനോടുള്ള പ്രിയം കൊണ്ടു മാത്രമായിരുന്നു ഒരു ക്ലിക്കിനപ്പുറം വിരലുകള്‍ ചലിച്ചതും.
ഒറ്റ നോട്ടത്തില്‍ നിര്‍ജ്ജീവമെന്നു തോന്നിയിരുന്ന ആ പ്രൊഫൈലില്‍ നിന്നും ഒരു മറുപടി അപ്രതീക്ഷിതമായിരുന്നു.
അതിനേക്കാള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അറ്റാച്ച്മെന്റായി കോളേജ് ഡേയിലെ ആ ഗ്രൂപ്പ് ഫോട്ടോയും.. !


കനവിലന്നുമിന്നും പറയാന്‍ ബാക്കി വെച്ചതെന്തോക്കെയോ പറഞ്ഞുതീര്‍ക്കുവാനുള്ള വെമ്പലായിരുന്നു ഇന്‍ബോക്സില്‍ ഒരു "ഹായ്" ലൂടെ തുടക്കം കുറിക്കുമ്പോള്‍ മനസ്സില്‍.

യാമങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ പരസ്പരം തൊടുത്ത വാക്കുകള്‍ അങ്ങിങ്ങായ്‌ ചിതറി വീണപ്പോള്‍, മനസ്സില്‍ പഴയ പകയുടെ കനലാട്ടം ഒരവശിഷ്ടമായിപ്പോലും അവശേഷിക്കുന്നില്ലെന്നവനെയവള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

 പെണ്‍കൌശലം പകയില്ലെന്നവനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും അവനറിഞ്ഞിരുന്നില്ല, പണ്ടെങ്ങോ പകുത്തുനല്‍കിയ ഹൃദയത്തിന്‍റെ ശേഷിപ്പും ഹരിച്ചു ഗുണിച്ചവള്‍ ഹനിച്ചെടുക്കുമ്പോള്‍ ഒരു ബ്ലോക്കിനപ്പുറം താനെന്ന ശിഷ്ട്ടം പോലും അവശേഷിക്കുകയില്ലെന്ന്...!

Wednesday, June 4, 2014

ആദ്യവാക്ക്‌...

ബാല്യത്തിന്‍റെ ചുവടുകള്‍ക്കപ്പുറത്തു കൗമാരത്തിന്‍റെ മതില്‍ കെട്ട് ചാടി കടക്കാന്‍ വെമ്പുന്ന പത്താം ക്ലാസ്സുക്കാരന്‍. കളികളില്‍ നിന്നന്യം നിന്ന കുട്ടിത്തത്തിന്‍റെ  ഏകാന്തതകളില്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ കളിക്കൂട്ടുക്കാരായി തോളില്‍ കൈകള്‍ കോര്‍ത്തപ്പോള്‍ വിടരുന്ന കൊച്ചു കൊച്ചു മോഹങ്ങള്‍ കടലാസ്സു തുണ്ടുകള്‍ക്കപ്പുറത്തു ബ്ലോഗിങ് എന്നാ ആധുനികതയിലേക്ക് ചുവടൂന്നുകയാണ്. അക്ഷരങ്ങളില്‍ വിടരുന്ന കൗതുകങ്ങളില്‍ കണ്ണും നട്ടിരിക്കാനിഷ്ട്ടപ്പെടുന്നതിലും അത്ഭുതങ്ങള്‍ കോര്‍ത്തിണക്കാന്‍ ഏറെ മോഹം....