Sunday, June 3, 2018

ദേശാടനകിളികൾ


ദേശാടനകിളികൾ
---------
ചിലർ കയറി വരുമ്പോൾ
വഴിദൂരങ്ങൾ അളന്നെടുക്കില്ല.
എന്നിട്ടും, 
ഇറങ്ങിപ്പോവുമ്പോൾ
മുന്നിൽ ഒരു നീണ്ട വഴിത്താര
ചാലിട്ട് കീറി അവർ നടന്നകലും.
പിന്നെയാണ്,
വന്ന് കയറിയ ഇടങ്ങൾ
സത്രങ്ങളായി പരിണമിക്കുന്നത്.
അന്നേരം മുതൽ മനസ്സിലൊരു
നീറ്റൽ നാമ്പിട്ട് തുടങ്ങും.
കൂട്ടിരുന്ന്, കാത്തിരുന്ന്
ചിലവഴിച്ച സമയങ്ങളൊക്കെയും
മുന്നിൽ വന്ന് നിന്ന് ചിരിക്കും,
പിന്നെ ശേഷിച്ച വഴിദൂരത്തേക്ക്
മിഴിനീട്ടി കഥകൾ മെനയും,
ഓർക്കാൻ ബാക്കി വെച്ച നാമ്പുകൾ
കാത്ത് കാത്ത് കിടക്കും.
ഒടുവിൽ, ഓർമ്മകളെ സ്വന്തമാക്കി
മറ്റൊരു വസന്തത്തിനായി
പീലി വിരിക്കും.
ഇനി ഒന്ന് പറയട്ടേ,
ദേശാടനകിളികൾക്ക് വേണ്ടിയിനിയും
വലകൾ നെയ്യാതിരിക്കുക.

ജനം


ജനം
-------
ഇനിയാണ്
ക്ലൈമാക്സിലേക്കുള്ള തുടക്കം.
ഇനിയങ്ങോട്ട് കഥ മാറുകയാണ്,
കഥയിലെ നായകൻ
വില്ലനാവും,
വില്ലൻ നായക പരിവേഷത്തോടെ
നായികയുടെ മനസ്സിലേക്ക് ചേക്കേറും.
കണ്ട് നിൽക്കുന്നവർ
നായകനു വേണ്ടി മനസുരുകും.
നായകനു പക്ഷേ,
പ്രേക്ഷക ചിന്തകൾക്കപ്പുറത്ത്
സഞ്ചരിക്കേണ്ടി വന്നേക്കും.
ഇനിയാണ് കഥ
വഴിത്തിരിവിലേക്ക് നടന്നു കയറുന്നത്.
വില്ലന്റെ കാണാകഥകളിലേക്ക്
ഫ്ലാഷ്ബാക്ക് തിരിയും.
ഒടുവിൽ പ്രേക്ഷകർ
വില്ലനെ ന്യായീകരിച്ചു തുടങ്ങും.
ഒരൊറ്റ നിമിഷം കൊണ്ട്
നായകൻ അപരാധിയായി
കുരിശിലേറ്റപ്പെടും,
കഥ തീരാൻ അഞ്ചു നിമിഷം
ബാക്കി നിൽക്കേ
വില്ലനു വേണ്ടി ജനം കയ്യടിക്കും
പക്ഷേ,
വില്ലൻ വിജയിച്ച കഥ
സെൻസർ ബോർഡ് കത്രിക വെക്കും.
കഥയിൽ വീണ്ടുമൊരു തിരുത്ത്,
നായകനെ കുടുക്കാൻ
വില്ലനൊരുക്കിയ കുരുക്ക്
ഫ്ലാഷ് ബാക്കിൽ മിന്നിമറയുന്നു.
കുറ്റബോധത്തോടെ ജനം
കണ്ണ് തുടക്കുന്നു.
നായകൻ തിരശീലയിൽ ചിരിക്കുന്നു.
ജനം കയ്യടിക്കുന്നു.

നീ


നീ
-----
കവിതകളിലെ
അജ്ഞാത കാമുകിയെ തേടി
നീ വന്ന ദിവസം,
ഞാനിന്നുമോർക്കുന്നു.
നിന്റെ വാക്കുകളിൽ അവളോടുള്ള
കുശുമ്പ് കാണാമായിരുന്നു.
നിന്റെ ചോദ്യങ്ങളോരോന്നിലും
കൗതുകം നിഴലിച്ചിരുന്നു.
നിന്റെ മറുപടികളിൽ
കുസൃതിയുടെ നിറച്ചാർത്ത് ഉണ്ടായിരുന്നു.
എന്നിട്ടും
മൂന്നാം ദിവസം നീ
ഹൃദയത്തിന്റെ പകുതി ചോദിച്ചു.
ഏഴാം ദിവസം
അജ്ഞാതകാമുകിയെ
പടിയിറക്കുമെന്ന് വാശി പിടിച്ചു.
ഒടുവിൽ
എനിക്കും അജ്ഞാതമായിരുന്ന
കാമുകിയെ നീ പോലുമറിയാതെ
നീ കാണിച്ചു തന്നു.
എന്നിട്ടും,
നീ ഇപ്പോഴുമെന്റെ
അജ്ഞാത കാമുകിയെ
തിരയുകയാണോ..?

ചോദ്യം ഒന്ന്, മഴ


ചോദ്യം ഒന്ന്, മഴ
---------
ആദ്യത്തെ മഴ
ഏതാണെന്ന് ഓർക്കുന്നുണ്ടോ ?
പോട്ടെ, ഒന്നിച്ചു നനഞ്ഞ മഴ 
ഇപ്പോഴും ഓർമ്മയായി പെയ്യുന്നില്ലേ ?,
ഓർമ്മിക്കാതിരിക്കാൻ മാത്രം
മഴ വിരോധിയല്ല നീയെന്നെനിക്കറിയാം.
എന്നിട്ടും,
വീണ്ടും ചോദിച്ചു പോവുകയാണ്,
ഓർമ്മകളിൽ നീ നനഞ്ഞ
ആദ്യത്തെ മഴ
കാറ്റ് കട്ടെടുത്ത ശീല പൊങ്ങിയ
കുടയിൽ ആയിരുന്നില്ലേ..?
അതും,
നീ കനവ് കണ്ട ജീവിതനൗകയുടെ
നായകൻ ഞാൻ ആണെന്ന കള്ളവും
കാതോട് ചേർന്ന് പറഞ്ഞു കൊണ്ടല്ലായിരുന്നോ ?
ഇനി പറ,
ഏറ്റവും നല്ല സായാഹ്നം
എന്റെ കൈകൾക്കിടയിലൂടെ
കണ്ടാസ്വദിച്ചതു നീ ഓർമ്മിച്ചിരിക്കുന്നുവല്ലേ ?.
ഞാനിപ്പോഴും മഴ നനയുകയാണെന്ന്
നീ പരിഭവിക്കുന്നു.
ശരിയാണ്
ഞാൻ ഇപ്പോഴും മഴ നനയുകയാണ്,
പക്ഷേ നീ,
ശരത് കാലത്തിനെയും മറന്ന്
ഹേമന്ദവും ശിശിരവും പുഞ്ചിരിച്ചു,
മഞ്ഞു കട്ട ഉരുക്കി
വസന്തത്തിനായി കാതോർത്തിരിക്കുയാണ്.
ഇനി ഞാൻ പറയട്ടെ,
എന്റെ മഴ തോർന്നിരിക്കുന്നു,
നിന്റെ ഒറ്റ ചോദ്യത്തിൽ.
ചോദ്യം നീ വീണ്ടും ആവർത്തിക്കുന്നു,
" ഇതിനു മാത്രം
മഴ എപ്പോഴാണ് പെയ്തത് ? "

പെരുവിരൽ ചിത്രം


പെരുവിരൽ ചിത്രം
---------
ഒരിക്കൽ,
ഒരിക്കൽ മാത്രം ഞാൻ
നിന്നോട് കള്ളം പറഞ്ഞിരുന്നു.
ചുണ്ട് കടിക്കണ്ട,
കണ്ണ് നിറക്കണ്ട,
നിലത്ത് കണ്ണ് വെച്ച്
കാലിന്റെ പെരുവിരൽ കൊണ്ട്
ചിത്രം വരച്ചു പരിഭവിക്കേണ്ട,
പറഞ്ഞ കള്ളമൊരിക്കലും
തിരുത്തി പറഞ്ഞിട്ടില്ലെന്ന്
ഉറപ്പ് തരുന്നു. ഒപ്പം,
ആ ഒരൊറ്റ കള്ളം
വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
നിന്റെ കണ്ണിലെ
കൗതുകം കൂടി വരുന്നത് ഞാനറിയുന്നു.
ഞാൻ പറഞ്ഞ കള്ളം
വീണ്ടും കേൾക്കാൻ കൊതിക്കുന്നു.
നിന്റെ മനസ് ഞാൻ പറഞ്ഞ
വാക്കുകളോരോന്നിനെയും
ഉഴുതു മറിക്കുകയാണെന്ന് അറിയാം.
ഇന്നത്തെ രാത്രി നീ ഉറങ്ങാതെ,
ആ കള്ളം ചികഞ്ഞെടുക്കുമല്ലേ ?
ഇനിയൊരു സത്യം പറയട്ടെ,
അങ്ങനെയൊരു കള്ളം നീ കണ്ടെടുക്കില്ല,
ആ കള്ളം ഞാൻ
വീണ്ടും ആവർത്തിക്കുന്നു,
" ഒരിക്കൽ,
ഒരിക്കൽ മാത്രം ഞാൻ
നിന്നോട് കള്ളം പറഞ്ഞിരുന്നു. "

കോൺട്രാക്ട്


കോൺട്രാക്ട്
--------
പെട്ടെന്നൊരു ദിവസം
ഇറങ്ങി പോവുമെന്ന്
ആദ്യമേ പറഞ്ഞിരുന്നു.
നീയും, ഞാനും,
നമ്മളായത് പോലെ,
നമ്മൾ,
ഞാനും നീയുമായി
വഴി പിരിയും.
അന്നും
ഗുൽമോഹർ പൂത്തിരിക്കും,
നീ കാണില്ലെന്ന് മാത്രം.
ആദ്യ കാഴ്ച്ചയിൽ
ഹൃദയം തുടിച്ച അതേ വേഗതയിൽ
ഹൃദയം തുടിക്കുന്നുണ്ടാവും,
അന്ന് പക്ഷേ, ഹൃദയത്തേക്കാൾ
നിറഞ്ഞു തുളുമ്പിയ കണ്ണിലെ
കരട് മാറ്റാനായിരിക്കും
നീ കൈകൾ ഉയർത്തുന്നത്.
എന്റെ വാക്ക്, നിന്റെ മൗനം
നമുക്കിടയിലൂടെ അന്നും
തണുത്ത കാറ്റ് തന്നെയായിരിക്കും
ചിറകിട്ടടിച്ചു കുന്നിറങ്ങുന്നത്,
എന്നിട്ടും നമുക്ക് ചുറ്റും
ഉഷ്ണക്കാറ്റാണെന്നു പരിതപിക്കും.
നമ്മൾ പറത്തി വിട്ട പട്ടങ്ങൾ
ആകാശത്തു വട്ടമിട്ട് പറക്കുമ്പോഴും,
നൂലുപൊട്ടിയ ഒരു പട്ടത്തിലായിരിക്കും
നമ്മുടെ മിഴികൾ രണ്ടും.
ഒടുവിൽ,
ആദ്യസമാഗമത്തിൽ
അവിചാരിതമായി
നാം കണ്ട് മുട്ടിയ രണ്ടു
ഇടവഴികളിലേക്ക് തന്നെ വഴി പിരിയും.
കണ്ണ് നിറക്കരുതെന്ന്
പറയാൻ മാത്രം വിഢിയല്ല ഞാൻ,
നീ ഇറങ്ങിയ വഴിത്താരയുടെ
അറ്റത്ത് നിന്നെയും കാത്ത്
മറ്റൊരു ആദ്യസമാഗമം ഉണ്ടായിരിക്കും,
നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും
ഞാനിറങ്ങിയ വഴിത്താരയുടെ അറ്റമാണ്
നീയും നോക്കുന്നത്,
എനിക്കും ഇന്നൊരു ആദ്യസമാഗമം
ഉണ്ടായിരിക്കുമല്ലോ..?
നമ്മുടെ പ്രണയത്തിന്റെ
കോൺട്രാക്ട് ഇന്നേക്ക് തീരുന്നു.

ചുവന്ന വര


Shihabuddeen Kanyana is feeling ശരി തെറ്റുകൾ.
March 30
ചുവന്ന വര
--------
നീ വാശി പിടിക്കുകയാണ്,
നീ പറഞ്ഞതാണ് ശരി
എന്ന് മാത്രം വിശ്വസിപ്പിക്കുന്ന
ഒരു ശരിയുത്തരമാണ് നീ.
ഇനി ഞാൻ ആരാണെന്ന്
നീ പറയുന്നതിനും മുമ്പേ
എനിക്ക് പറയണം.
നീ പറയുന്നതെന്തും
ശരിയാണെന്ന് വിശ്വസിക്കുന്ന
ചുവന്ന വര വീണ
ഒരുത്തരമാണിന്നും ഞാൻ.

ഒന്നിലധികം ഹൃദയമുള്ളവർ


ഒന്നിലധികം ഹൃദയമുള്ളവർ
---------
ചിലർ വന്ന്
മിണ്ടിയും പറഞ്ഞും
സമയം കൊല്ലും.
കൂട്ടിരുന്നതിന് തരാൻ
കയ്യിലൊന്നുമില്ലെന്നു പറഞ്ഞു
ഹൃദയം മറന്ന് വെച്ച്
അകലേക്ക് നടന്നകലും.
പിന്നെയാണ്,
മറന്നു വെച്ച ഹൃദയം
തിരികെ നൽകാനായി നമ്മൾ,
പിന്നാലെ നടന്നു തുടങ്ങുന്നത്.
മറന്ന് വെക്കാൻ
ഒരുപാട് ഹൃദയമുള്ളവർക്ക്
പിന്നിലായി ഒരുപാട്
കാൽപാടുകൾ പതിഞ്ഞിട്ടുണ്ടാവും.

ഉമ്മ


Shihabuddeen Kanyana is feeling ഉമ്മയോളം ആരും സ്നേഹിക്കില്ല, നമ്മളെ ആരും...!
March 25
ഞാൻ ചിരിക്കുന്നു,
ഉമ്മ പുഞ്ചിരിയോടെ
നോക്കി നിൽക്കുന്നു.
ഞാൻ കരയുന്നു,
അതിനും മുമ്പേ
ഉമ്മയുടെ കണ്ണ് നനയുന്നു..!

എന്റെ ഫേസ്ബുക്ക് കവിത


ജാലകങ്ങൾ തുറന്നിടു,
നിങ്ങളെ തേടി വന്ന കാറ്റ്
തൊടിയിൽ വട്ടം ചുറ്റി നിൽപ്പുണ്ട്..!

Shihabuddeen Kanyana is feeling വാക്കിലെ കവിത.
March 15
കവിത പോലൊരു
കവിത ഇതുവരെയും
എഴുതിയിട്ടില്ല..!
Shihabuddeen Kanyana is feeling നിരാശയുടെ അന്ത്യം.
March 16
ഇനിയൊരു പൂക്കാലമില്ലെന്ന്
വിശ്വസിച്ചവരാണ്
ആത്മഹത്യ ചെയ്തവരൊക്കെയും.

Shihabuddeen Kanyana is feeling രണ്ട് കഥകൾക്കിടയിൽ ഒരു മൗനമുണ്ട്.
March 17
ഒരു കഥ തുടങ്ങുന്നിടത്ത്
മറ്റൊരു കഥ, ആരെങ്കിലുമൊരാൾ
പറഞ്ഞു വെച്ചിട്ടുണ്ടാകും.

Shihabuddeen Kanyana is feeling ചിലതെല്ലാം പിടിച്ചു നിർത്താൻ...
March 18
വാക്കുകൾ കൊണ്ട് തീർക്കുന്ന
വന്മതിലുകളാണ്
ഓരോ കവിതയും.

Shihabuddeen Kanyana is feeling കയറി വരുന്നതിലും എളുപ്പമാണ് ഇറങ്ങിപ്പോവാൻ.
March 20
കഥ പറഞ്ഞു വന്ന കാറ്റ്
കഥ തീരും മുമ്പേ
കുന്നിറങ്ങി പോയി..

Shihabuddeen Kanyana is feeling Time up.
March 23
മൃതിയടഞ്ഞവരുടെ
കിനാക്കളിൽ
സമയമാണ് വില്ലൻ

ആകാശം നോക്കു,
ചന്ദ്രനും നക്ഷത്രങ്ങളുമുണ്ട്.
ഭൂമിയിലേക്ക് നോക്കു,
പുകയാത്ത അടുപ്പുകൾ ഇന്നുമുണ്ട്.

Shihabuddeen Kanyana is feeling കനവ് കണ്ട് തുടങ്ങുന്നു..,.
March 13
കവിത പൂക്കുന്ന നെഞ്ചിൽ
എന്നെങ്കിലുമൊരിക്കൽ
കനലെരിഞ്ഞു കാണും..

അഖ്‌ലാക്കിന്റെ
ചോര കുടിച്ചവർക്കിപ്പോൾ,
ഇളം ചോരയോടാണ് ഭ്രമം.
#JusticeforAsifaa



ഹാഷ്ടാഗുകൾ നിലച്ചിട്ടുണ്ട്,
പേരിനൊരു ഹർത്താലും കഴിഞ്ഞു,
അവളുടെ നിലാചിരി
വഴി നീളെ ഫ്ളക്സുകളായി ഉയർന്നിട്ടുണ്ട്.
ഇനി,
ഒരക്ഷരം കുറിക്കാനില്ല,
ഒറ്റ ചോദ്യം മാത്രം
ആസിഫക്ക് നീതി കിട്ടിയോ..?
#justice_for_Asifaa


എത്രയേറെ
കവിതകൾ പിറന്നിട്ടും
ഊഷരമായിരിക്കുന്ന
ഹൃദയങ്ങൾ പോലെ.


കവിത മരിച്ചു.
സന്ധ്യയോടുത്ത
സമയത്തായിരുന്നു അന്ത്യം.
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി
ക്ഷണ നേരം കൊണ്ട് മരണം വരിച്ചു