Sunday, June 3, 2018

പെരുവിരൽ ചിത്രം


പെരുവിരൽ ചിത്രം
---------
ഒരിക്കൽ,
ഒരിക്കൽ മാത്രം ഞാൻ
നിന്നോട് കള്ളം പറഞ്ഞിരുന്നു.
ചുണ്ട് കടിക്കണ്ട,
കണ്ണ് നിറക്കണ്ട,
നിലത്ത് കണ്ണ് വെച്ച്
കാലിന്റെ പെരുവിരൽ കൊണ്ട്
ചിത്രം വരച്ചു പരിഭവിക്കേണ്ട,
പറഞ്ഞ കള്ളമൊരിക്കലും
തിരുത്തി പറഞ്ഞിട്ടില്ലെന്ന്
ഉറപ്പ് തരുന്നു. ഒപ്പം,
ആ ഒരൊറ്റ കള്ളം
വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
നിന്റെ കണ്ണിലെ
കൗതുകം കൂടി വരുന്നത് ഞാനറിയുന്നു.
ഞാൻ പറഞ്ഞ കള്ളം
വീണ്ടും കേൾക്കാൻ കൊതിക്കുന്നു.
നിന്റെ മനസ് ഞാൻ പറഞ്ഞ
വാക്കുകളോരോന്നിനെയും
ഉഴുതു മറിക്കുകയാണെന്ന് അറിയാം.
ഇന്നത്തെ രാത്രി നീ ഉറങ്ങാതെ,
ആ കള്ളം ചികഞ്ഞെടുക്കുമല്ലേ ?
ഇനിയൊരു സത്യം പറയട്ടെ,
അങ്ങനെയൊരു കള്ളം നീ കണ്ടെടുക്കില്ല,
ആ കള്ളം ഞാൻ
വീണ്ടും ആവർത്തിക്കുന്നു,
" ഒരിക്കൽ,
ഒരിക്കൽ മാത്രം ഞാൻ
നിന്നോട് കള്ളം പറഞ്ഞിരുന്നു. "

കോൺട്രാക്ട്


കോൺട്രാക്ട്
--------
പെട്ടെന്നൊരു ദിവസം
ഇറങ്ങി പോവുമെന്ന്
ആദ്യമേ പറഞ്ഞിരുന്നു.
നീയും, ഞാനും,
നമ്മളായത് പോലെ,
നമ്മൾ,
ഞാനും നീയുമായി
വഴി പിരിയും.
അന്നും
ഗുൽമോഹർ പൂത്തിരിക്കും,
നീ കാണില്ലെന്ന് മാത്രം.
ആദ്യ കാഴ്ച്ചയിൽ
ഹൃദയം തുടിച്ച അതേ വേഗതയിൽ
ഹൃദയം തുടിക്കുന്നുണ്ടാവും,
അന്ന് പക്ഷേ, ഹൃദയത്തേക്കാൾ
നിറഞ്ഞു തുളുമ്പിയ കണ്ണിലെ
കരട് മാറ്റാനായിരിക്കും
നീ കൈകൾ ഉയർത്തുന്നത്.
എന്റെ വാക്ക്, നിന്റെ മൗനം
നമുക്കിടയിലൂടെ അന്നും
തണുത്ത കാറ്റ് തന്നെയായിരിക്കും
ചിറകിട്ടടിച്ചു കുന്നിറങ്ങുന്നത്,
എന്നിട്ടും നമുക്ക് ചുറ്റും
ഉഷ്ണക്കാറ്റാണെന്നു പരിതപിക്കും.
നമ്മൾ പറത്തി വിട്ട പട്ടങ്ങൾ
ആകാശത്തു വട്ടമിട്ട് പറക്കുമ്പോഴും,
നൂലുപൊട്ടിയ ഒരു പട്ടത്തിലായിരിക്കും
നമ്മുടെ മിഴികൾ രണ്ടും.
ഒടുവിൽ,
ആദ്യസമാഗമത്തിൽ
അവിചാരിതമായി
നാം കണ്ട് മുട്ടിയ രണ്ടു
ഇടവഴികളിലേക്ക് തന്നെ വഴി പിരിയും.
കണ്ണ് നിറക്കരുതെന്ന്
പറയാൻ മാത്രം വിഢിയല്ല ഞാൻ,
നീ ഇറങ്ങിയ വഴിത്താരയുടെ
അറ്റത്ത് നിന്നെയും കാത്ത്
മറ്റൊരു ആദ്യസമാഗമം ഉണ്ടായിരിക്കും,
നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും
ഞാനിറങ്ങിയ വഴിത്താരയുടെ അറ്റമാണ്
നീയും നോക്കുന്നത്,
എനിക്കും ഇന്നൊരു ആദ്യസമാഗമം
ഉണ്ടായിരിക്കുമല്ലോ..?
നമ്മുടെ പ്രണയത്തിന്റെ
കോൺട്രാക്ട് ഇന്നേക്ക് തീരുന്നു.

ചുവന്ന വര


Shihabuddeen Kanyana is feeling ശരി തെറ്റുകൾ.
March 30
ചുവന്ന വര
--------
നീ വാശി പിടിക്കുകയാണ്,
നീ പറഞ്ഞതാണ് ശരി
എന്ന് മാത്രം വിശ്വസിപ്പിക്കുന്ന
ഒരു ശരിയുത്തരമാണ് നീ.
ഇനി ഞാൻ ആരാണെന്ന്
നീ പറയുന്നതിനും മുമ്പേ
എനിക്ക് പറയണം.
നീ പറയുന്നതെന്തും
ശരിയാണെന്ന് വിശ്വസിക്കുന്ന
ചുവന്ന വര വീണ
ഒരുത്തരമാണിന്നും ഞാൻ.

ഒന്നിലധികം ഹൃദയമുള്ളവർ


ഒന്നിലധികം ഹൃദയമുള്ളവർ
---------
ചിലർ വന്ന്
മിണ്ടിയും പറഞ്ഞും
സമയം കൊല്ലും.
കൂട്ടിരുന്നതിന് തരാൻ
കയ്യിലൊന്നുമില്ലെന്നു പറഞ്ഞു
ഹൃദയം മറന്ന് വെച്ച്
അകലേക്ക് നടന്നകലും.
പിന്നെയാണ്,
മറന്നു വെച്ച ഹൃദയം
തിരികെ നൽകാനായി നമ്മൾ,
പിന്നാലെ നടന്നു തുടങ്ങുന്നത്.
മറന്ന് വെക്കാൻ
ഒരുപാട് ഹൃദയമുള്ളവർക്ക്
പിന്നിലായി ഒരുപാട്
കാൽപാടുകൾ പതിഞ്ഞിട്ടുണ്ടാവും.

ഉമ്മ


Shihabuddeen Kanyana is feeling ഉമ്മയോളം ആരും സ്നേഹിക്കില്ല, നമ്മളെ ആരും...!
March 25
ഞാൻ ചിരിക്കുന്നു,
ഉമ്മ പുഞ്ചിരിയോടെ
നോക്കി നിൽക്കുന്നു.
ഞാൻ കരയുന്നു,
അതിനും മുമ്പേ
ഉമ്മയുടെ കണ്ണ് നനയുന്നു..!

എന്റെ ഫേസ്ബുക്ക് കവിത


ജാലകങ്ങൾ തുറന്നിടു,
നിങ്ങളെ തേടി വന്ന കാറ്റ്
തൊടിയിൽ വട്ടം ചുറ്റി നിൽപ്പുണ്ട്..!

Shihabuddeen Kanyana is feeling വാക്കിലെ കവിത.
March 15
കവിത പോലൊരു
കവിത ഇതുവരെയും
എഴുതിയിട്ടില്ല..!
Shihabuddeen Kanyana is feeling നിരാശയുടെ അന്ത്യം.
March 16
ഇനിയൊരു പൂക്കാലമില്ലെന്ന്
വിശ്വസിച്ചവരാണ്
ആത്മഹത്യ ചെയ്തവരൊക്കെയും.

Shihabuddeen Kanyana is feeling രണ്ട് കഥകൾക്കിടയിൽ ഒരു മൗനമുണ്ട്.
March 17
ഒരു കഥ തുടങ്ങുന്നിടത്ത്
മറ്റൊരു കഥ, ആരെങ്കിലുമൊരാൾ
പറഞ്ഞു വെച്ചിട്ടുണ്ടാകും.

Shihabuddeen Kanyana is feeling ചിലതെല്ലാം പിടിച്ചു നിർത്താൻ...
March 18
വാക്കുകൾ കൊണ്ട് തീർക്കുന്ന
വന്മതിലുകളാണ്
ഓരോ കവിതയും.

Shihabuddeen Kanyana is feeling കയറി വരുന്നതിലും എളുപ്പമാണ് ഇറങ്ങിപ്പോവാൻ.
March 20
കഥ പറഞ്ഞു വന്ന കാറ്റ്
കഥ തീരും മുമ്പേ
കുന്നിറങ്ങി പോയി..

Shihabuddeen Kanyana is feeling Time up.
March 23
മൃതിയടഞ്ഞവരുടെ
കിനാക്കളിൽ
സമയമാണ് വില്ലൻ

ആകാശം നോക്കു,
ചന്ദ്രനും നക്ഷത്രങ്ങളുമുണ്ട്.
ഭൂമിയിലേക്ക് നോക്കു,
പുകയാത്ത അടുപ്പുകൾ ഇന്നുമുണ്ട്.

Shihabuddeen Kanyana is feeling കനവ് കണ്ട് തുടങ്ങുന്നു..,.
March 13
കവിത പൂക്കുന്ന നെഞ്ചിൽ
എന്നെങ്കിലുമൊരിക്കൽ
കനലെരിഞ്ഞു കാണും..

അഖ്‌ലാക്കിന്റെ
ചോര കുടിച്ചവർക്കിപ്പോൾ,
ഇളം ചോരയോടാണ് ഭ്രമം.
#JusticeforAsifaa



ഹാഷ്ടാഗുകൾ നിലച്ചിട്ടുണ്ട്,
പേരിനൊരു ഹർത്താലും കഴിഞ്ഞു,
അവളുടെ നിലാചിരി
വഴി നീളെ ഫ്ളക്സുകളായി ഉയർന്നിട്ടുണ്ട്.
ഇനി,
ഒരക്ഷരം കുറിക്കാനില്ല,
ഒറ്റ ചോദ്യം മാത്രം
ആസിഫക്ക് നീതി കിട്ടിയോ..?
#justice_for_Asifaa


എത്രയേറെ
കവിതകൾ പിറന്നിട്ടും
ഊഷരമായിരിക്കുന്ന
ഹൃദയങ്ങൾ പോലെ.


കവിത മരിച്ചു.
സന്ധ്യയോടുത്ത
സമയത്തായിരുന്നു അന്ത്യം.
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി
ക്ഷണ നേരം കൊണ്ട് മരണം വരിച്ചു

Friday, August 25, 2017

പശുപതി

നട്ടുച്ച സൂര്യൻ നിന്ന് കത്തുമ്പോൾ നഗരത്തിന്റെ പ്രധാനനിരത്തിലൂടെ ആംബുലൻസ് നിലവിളിച്ചു ഓടുകയാണ്. സകല സൗകര്യങ്ങളും സമ്മേളിച്ച ഒരു കൂറ്റൻ കെട്ടിടത്തിനു മുന്നിൽ ആംബുലൻസ് നിശ്ചലമായി നിന്നു. കെട്ടിടത്തിനുള്ളിൽ നിന്നും വീൽചെയറുകളും സ്‌ട്രെച്ചറുകളും നടയിറങ്ങി വന്നു ആംബുലൻസിനു കൈ കാണിച്ചു.
കുഞ്ഞിനെ മാറോടണച്ച് ഒരമ്മ ആംബുലൻസിൽ നിന്നിറങ്ങി വന്നു. നിഴലുപോലെ പിന്നെയും ഒരമ്മയും കുഞ്ഞും പടിയിറങ്ങി വന്നു. അതിനു പിന്നിൽ പിന്നെയും ഒരമ്മയും കുഞ്ഞും... ഒന്നല്ല... രണ്ടല്ല... മൂന്നല്ല... ആശുപത്രി മുറ്റത്ത് അമ്മമാർ പെറ്റുപെരുകി...!
പ്രത്യാശയുടെ നനവ് വറ്റിയിട്ടില്ലാത്ത കണ്ണുകൾ ഡോക്ടറിനു മുന്നിൽ ക്യു നിന്നു.

"എന്റെ മകനെ ഒന്ന് നോക്കൂ... അവൻ കണ്ണ് തുറക്കുന്നില്ല ഡോക്ടർ..."

"പശുവിനു പഴംകഞ്ഞിയാണല്ലേ കൊടുത്തത്... ?" ഗൂഢമായി ഡോക്ടർ ചോദ്യമെറിഞ്ഞു.

"ഡോക്ടർ എന്റെ മകൻ ഒന്നും കഴിക്കുന്നില്ല.. ഒരു ഗ്ളൂക്കോസ് കുപ്പി വെച്ച് തരുമോ..?"

"ഗോമൂത്രത്തോളം ഔഷധവീര്യമുള്ളത് ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു..!"
ഡോക്ടർ ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നില്ലെന്ന മട്ടിൽ അതിശയം പ്രകടിപ്പിച്ചു.

"ഡോക്ടർ കുഞ്ഞിനെ കിടത്താനൊരിടം തരുമോ..?"

"ചാണകം മെഴുകിയ നിലത്തിനോളം പുണ്യമാക്കപ്പെട്ട സ്ഥലം വേറെയുണ്ടോ..?" ഡോക്ടറുടെ സംശയങ്ങൾ പിന്നെയും പുറത്തു ചാടി.

ഡോക്ടർ ഒരു കുപ്പി ഓക്സിജനു എന്താ വില..?
ഒരു നിമിഷം നിശബ്ദമായ ഡോക്ടർ പെട്ടെന്ന് ഓർത്തെടുത്തുകൊണ്ടു സത്യം കൂടി പറഞ്ഞു ചിരിച്ചു..!
ഗോമൂത്രത്തിനു പത്ത് രൂപ..! 

ശിഹാബുദ്ധീൻ കന്യാന

Wednesday, December 7, 2016

കടൽ


നീലാകാശം പച്ചക്കടൽ എന്നുരുവിട്ടു ഗ്ലോബിനെ നാലു വട്ടം കൈകൊണ്ട് കറക്കി. ഏറെ നേരത്തെ കറക്കത്തിനൊടുവിൽ ഗ്ലോബ് ഒരു വൻകരയിൽ നിശ്ചലമായി. പിന്നെ കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങളിലേക്ക് കണ്ണെറിഞ്ഞു. ബോർഡിൽ ചോക്ക്പൊടി കൊണ്ട് "ഭൂമിയുടെ അവകാശികൾ " അടയാളപ്പെട്ടു കിടക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മാഷിന്റെ കഷണ്ടി തല നോക്കി ഒരു ചോദ്യമെറിഞ്ഞു.

" അല്ല മാഷേ...
കടൽ കാണാതെ
എത്ര പേര്  മരിച്ചിട്ടുണ്ടാവും..? അല്ലെ..? "

ഒരു നിമിഷം മാഷും ക്ലാസും കടലും നിശബ്ദമായി.

Sunday, November 20, 2016

സെല്‍ഫി


ട്ടുച്ച സൂര്യൻ ചിരിക്കുന്നു
നടു റോഡിൽ ചുടു ചോര,
ആദ്യമൊരാൾ,
പിന്നെയുമൊരാൾ,
പിന്നെയൊരു കൂട്ടമാളുകൾ,
കാഴ്ച കണ്ടു നിൽക്കാൻ
ആളു കൂടി കൊണ്ടിരുന്നു.
പിന്നെ കേട്ടത്‌
ചായകടയുടെ കോണിലെ
കാർന്നോരുടെ വർത്തമാനം,
"ചെക്കൻ ഫ്രീക്കൻ
ഹെൽമെറ്റ്‌ എടുക്കാൻ
മറന്നത്രെ...!"
റോഡിലിപ്പോഴും
ചുടുചോരയുടെ
നിറം മാഞ്ഞിട്ടില്ല.
കട്ടചോരയുടെ പുറത്ത്‌
നിസ്സഹായതയുടെ വർണ്ണങ്ങളുണ്ട്‌.
ഒരായിരം സെൽഫികളുടെ
ഫ്ലാഷ്‌ ലൈറ്റുകൾ പതിഞ്ഞിട്ടുണ്ട്‌.
ഫേസ്ബുക്കിൽ
ഹാഷ്‌ ടാഗുകൾക്ക്
താഴെ ലൈക്ക്‌ കൂടുന്നു.
അപകട മരണങ്ങൾക്കിപ്പോൾ
റേറ്റ്‌ കൂടുതലാണത്രെ...!
മുഖപുസ്തകത്തിൽ
കഴിഞ്ഞ വാരം
'ഫ്രീക്ക്‌ ഓഫ്‌ ദ മാൻ'
ആയിരുന്നു.
ഇന്നിപ്പോൾ അനുശോചന പ്രവാഹം
ലൈക്കുകൾക്കിടയിൽ
ഫ്രീക്കന്മാരുടെ
വഴിയടയാളം ദൂരമളന്നു.
ഡോക്ടർ പറഞ്ഞത്രെ...
"ഒരഞ്ചു നിമിഷം
നേരത്തെ എത്തിച്ചിരുന്നെങ്കിൽ..."