Sunday, June 3, 2018

പെരുവിരൽ ചിത്രം


പെരുവിരൽ ചിത്രം
---------
ഒരിക്കൽ,
ഒരിക്കൽ മാത്രം ഞാൻ
നിന്നോട് കള്ളം പറഞ്ഞിരുന്നു.
ചുണ്ട് കടിക്കണ്ട,
കണ്ണ് നിറക്കണ്ട,
നിലത്ത് കണ്ണ് വെച്ച്
കാലിന്റെ പെരുവിരൽ കൊണ്ട്
ചിത്രം വരച്ചു പരിഭവിക്കേണ്ട,
പറഞ്ഞ കള്ളമൊരിക്കലും
തിരുത്തി പറഞ്ഞിട്ടില്ലെന്ന്
ഉറപ്പ് തരുന്നു. ഒപ്പം,
ആ ഒരൊറ്റ കള്ളം
വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
നിന്റെ കണ്ണിലെ
കൗതുകം കൂടി വരുന്നത് ഞാനറിയുന്നു.
ഞാൻ പറഞ്ഞ കള്ളം
വീണ്ടും കേൾക്കാൻ കൊതിക്കുന്നു.
നിന്റെ മനസ് ഞാൻ പറഞ്ഞ
വാക്കുകളോരോന്നിനെയും
ഉഴുതു മറിക്കുകയാണെന്ന് അറിയാം.
ഇന്നത്തെ രാത്രി നീ ഉറങ്ങാതെ,
ആ കള്ളം ചികഞ്ഞെടുക്കുമല്ലേ ?
ഇനിയൊരു സത്യം പറയട്ടെ,
അങ്ങനെയൊരു കള്ളം നീ കണ്ടെടുക്കില്ല,
ആ കള്ളം ഞാൻ
വീണ്ടും ആവർത്തിക്കുന്നു,
" ഒരിക്കൽ,
ഒരിക്കൽ മാത്രം ഞാൻ
നിന്നോട് കള്ളം പറഞ്ഞിരുന്നു. "

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?