Sunday, June 3, 2018

ചോദ്യം ഒന്ന്, മഴ


ചോദ്യം ഒന്ന്, മഴ
---------
ആദ്യത്തെ മഴ
ഏതാണെന്ന് ഓർക്കുന്നുണ്ടോ ?
പോട്ടെ, ഒന്നിച്ചു നനഞ്ഞ മഴ 
ഇപ്പോഴും ഓർമ്മയായി പെയ്യുന്നില്ലേ ?,
ഓർമ്മിക്കാതിരിക്കാൻ മാത്രം
മഴ വിരോധിയല്ല നീയെന്നെനിക്കറിയാം.
എന്നിട്ടും,
വീണ്ടും ചോദിച്ചു പോവുകയാണ്,
ഓർമ്മകളിൽ നീ നനഞ്ഞ
ആദ്യത്തെ മഴ
കാറ്റ് കട്ടെടുത്ത ശീല പൊങ്ങിയ
കുടയിൽ ആയിരുന്നില്ലേ..?
അതും,
നീ കനവ് കണ്ട ജീവിതനൗകയുടെ
നായകൻ ഞാൻ ആണെന്ന കള്ളവും
കാതോട് ചേർന്ന് പറഞ്ഞു കൊണ്ടല്ലായിരുന്നോ ?
ഇനി പറ,
ഏറ്റവും നല്ല സായാഹ്നം
എന്റെ കൈകൾക്കിടയിലൂടെ
കണ്ടാസ്വദിച്ചതു നീ ഓർമ്മിച്ചിരിക്കുന്നുവല്ലേ ?.
ഞാനിപ്പോഴും മഴ നനയുകയാണെന്ന്
നീ പരിഭവിക്കുന്നു.
ശരിയാണ്
ഞാൻ ഇപ്പോഴും മഴ നനയുകയാണ്,
പക്ഷേ നീ,
ശരത് കാലത്തിനെയും മറന്ന്
ഹേമന്ദവും ശിശിരവും പുഞ്ചിരിച്ചു,
മഞ്ഞു കട്ട ഉരുക്കി
വസന്തത്തിനായി കാതോർത്തിരിക്കുയാണ്.
ഇനി ഞാൻ പറയട്ടെ,
എന്റെ മഴ തോർന്നിരിക്കുന്നു,
നിന്റെ ഒറ്റ ചോദ്യത്തിൽ.
ചോദ്യം നീ വീണ്ടും ആവർത്തിക്കുന്നു,
" ഇതിനു മാത്രം
മഴ എപ്പോഴാണ് പെയ്തത് ? "

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?