Sunday, June 3, 2018

കോൺട്രാക്ട്


കോൺട്രാക്ട്
--------
പെട്ടെന്നൊരു ദിവസം
ഇറങ്ങി പോവുമെന്ന്
ആദ്യമേ പറഞ്ഞിരുന്നു.
നീയും, ഞാനും,
നമ്മളായത് പോലെ,
നമ്മൾ,
ഞാനും നീയുമായി
വഴി പിരിയും.
അന്നും
ഗുൽമോഹർ പൂത്തിരിക്കും,
നീ കാണില്ലെന്ന് മാത്രം.
ആദ്യ കാഴ്ച്ചയിൽ
ഹൃദയം തുടിച്ച അതേ വേഗതയിൽ
ഹൃദയം തുടിക്കുന്നുണ്ടാവും,
അന്ന് പക്ഷേ, ഹൃദയത്തേക്കാൾ
നിറഞ്ഞു തുളുമ്പിയ കണ്ണിലെ
കരട് മാറ്റാനായിരിക്കും
നീ കൈകൾ ഉയർത്തുന്നത്.
എന്റെ വാക്ക്, നിന്റെ മൗനം
നമുക്കിടയിലൂടെ അന്നും
തണുത്ത കാറ്റ് തന്നെയായിരിക്കും
ചിറകിട്ടടിച്ചു കുന്നിറങ്ങുന്നത്,
എന്നിട്ടും നമുക്ക് ചുറ്റും
ഉഷ്ണക്കാറ്റാണെന്നു പരിതപിക്കും.
നമ്മൾ പറത്തി വിട്ട പട്ടങ്ങൾ
ആകാശത്തു വട്ടമിട്ട് പറക്കുമ്പോഴും,
നൂലുപൊട്ടിയ ഒരു പട്ടത്തിലായിരിക്കും
നമ്മുടെ മിഴികൾ രണ്ടും.
ഒടുവിൽ,
ആദ്യസമാഗമത്തിൽ
അവിചാരിതമായി
നാം കണ്ട് മുട്ടിയ രണ്ടു
ഇടവഴികളിലേക്ക് തന്നെ വഴി പിരിയും.
കണ്ണ് നിറക്കരുതെന്ന്
പറയാൻ മാത്രം വിഢിയല്ല ഞാൻ,
നീ ഇറങ്ങിയ വഴിത്താരയുടെ
അറ്റത്ത് നിന്നെയും കാത്ത്
മറ്റൊരു ആദ്യസമാഗമം ഉണ്ടായിരിക്കും,
നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും
ഞാനിറങ്ങിയ വഴിത്താരയുടെ അറ്റമാണ്
നീയും നോക്കുന്നത്,
എനിക്കും ഇന്നൊരു ആദ്യസമാഗമം
ഉണ്ടായിരിക്കുമല്ലോ..?
നമ്മുടെ പ്രണയത്തിന്റെ
കോൺട്രാക്ട് ഇന്നേക്ക് തീരുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?