Friday, August 25, 2017

പശുപതി

നട്ടുച്ച സൂര്യൻ നിന്ന് കത്തുമ്പോൾ നഗരത്തിന്റെ പ്രധാനനിരത്തിലൂടെ ആംബുലൻസ് നിലവിളിച്ചു ഓടുകയാണ്. സകല സൗകര്യങ്ങളും സമ്മേളിച്ച ഒരു കൂറ്റൻ കെട്ടിടത്തിനു മുന്നിൽ ആംബുലൻസ് നിശ്ചലമായി നിന്നു. കെട്ടിടത്തിനുള്ളിൽ നിന്നും വീൽചെയറുകളും സ്‌ട്രെച്ചറുകളും നടയിറങ്ങി വന്നു ആംബുലൻസിനു കൈ കാണിച്ചു.
കുഞ്ഞിനെ മാറോടണച്ച് ഒരമ്മ ആംബുലൻസിൽ നിന്നിറങ്ങി വന്നു. നിഴലുപോലെ പിന്നെയും ഒരമ്മയും കുഞ്ഞും പടിയിറങ്ങി വന്നു. അതിനു പിന്നിൽ പിന്നെയും ഒരമ്മയും കുഞ്ഞും... ഒന്നല്ല... രണ്ടല്ല... മൂന്നല്ല... ആശുപത്രി മുറ്റത്ത് അമ്മമാർ പെറ്റുപെരുകി...!
പ്രത്യാശയുടെ നനവ് വറ്റിയിട്ടില്ലാത്ത കണ്ണുകൾ ഡോക്ടറിനു മുന്നിൽ ക്യു നിന്നു.

"എന്റെ മകനെ ഒന്ന് നോക്കൂ... അവൻ കണ്ണ് തുറക്കുന്നില്ല ഡോക്ടർ..."

"പശുവിനു പഴംകഞ്ഞിയാണല്ലേ കൊടുത്തത്... ?" ഗൂഢമായി ഡോക്ടർ ചോദ്യമെറിഞ്ഞു.

"ഡോക്ടർ എന്റെ മകൻ ഒന്നും കഴിക്കുന്നില്ല.. ഒരു ഗ്ളൂക്കോസ് കുപ്പി വെച്ച് തരുമോ..?"

"ഗോമൂത്രത്തോളം ഔഷധവീര്യമുള്ളത് ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു..!"
ഡോക്ടർ ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നില്ലെന്ന മട്ടിൽ അതിശയം പ്രകടിപ്പിച്ചു.

"ഡോക്ടർ കുഞ്ഞിനെ കിടത്താനൊരിടം തരുമോ..?"

"ചാണകം മെഴുകിയ നിലത്തിനോളം പുണ്യമാക്കപ്പെട്ട സ്ഥലം വേറെയുണ്ടോ..?" ഡോക്ടറുടെ സംശയങ്ങൾ പിന്നെയും പുറത്തു ചാടി.

ഡോക്ടർ ഒരു കുപ്പി ഓക്സിജനു എന്താ വില..?
ഒരു നിമിഷം നിശബ്ദമായ ഡോക്ടർ പെട്ടെന്ന് ഓർത്തെടുത്തുകൊണ്ടു സത്യം കൂടി പറഞ്ഞു ചിരിച്ചു..!
ഗോമൂത്രത്തിനു പത്ത് രൂപ..! 

ശിഹാബുദ്ധീൻ കന്യാന

3 comments:

  1. കൊള്ളാം ..കാലിക പ്രസക്തിയുള്ള ഒരു ചെറുകഥ..ആശംസകൾ

    ReplyDelete
  2. മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ കാഴ്ചകളായിരുന്നല്ലോ ആ സമയങ്ങളിൽ കൂടുതലും വാർത്തകളിൽ നിറഞ്ഞു നിന്നത്. ഹോസ്പിറ്റലിലെ അനാസ്ഥ ... വാക്കുകളിലൂടെയുള്ള പ്രതിഷേധം ... കൊള്ളാം .
    ആശംസകൾ.

    ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?